വിഷയം:കൃഷ്ണയജുർവേദം ബൗധായന ചടങ്ങ്
ഹരി ഓം
കായേന വാചാ മനസേന്ദ്രിയൈർവ്വാ ബുദ്ധ്യാത്മനാ വാ പ്രകൃതേസ്സ്വഭാവാൽ കരോമി യദ്യൽ സകലം പരസ്മൈ നാരായണായേതി സമർപ്പയാമി
അഭിവാദയേ ഈശ്വരശർമ്മാ നാമ അഹമസ്മി ഭോഃ
ഗും ഗുരുഭ്യോ നമഃ
സുശർമ്മാസി സുപ്രതിഷ്ഠാനോ ബൃഹദുക്ഷേ നമഃ - ഏഷ തേ യോനിർവിശ്വേഭ്യസ്ത്വാ ദേവേഭ്യഃ =
ഗണാനാന്ത്വാ ഗണപതിം ഹവാമഹേ കവിം കവീനാമുപമശ്രവസ്തമം - ജ്യേഷ്ഠരാജം ബ്രഹ്മണാം ബ്രഹ്മണസ്പത ആനശ്ശൃണ്വന്നൂതിഭിസ്സീദ സാദനം =
ഗം ഗണപതയേ നമഃ
പ്രണോ ദേവീ സരസ്വതീ വാജേഭിർ വാജിനീവതീ ധീനാമവിത്രിയവതു ആനോ ദിവോ ബൃഹതഃപർവ്വതാദാ സരസ്വതീയജതാഗന്തു യജ്ഞം ഹവം ദേവീ ജുജുഷാണാ ഘൃതാചീ ശഗ്മാന്നോ വാചമൂശതീ ശൃണോതു =
സം സരസ്വത്യൈ നമഃ
കൃഷ്ണയജുർവേദം ബൗധായനസൂത്രക്കാരായ മലയാള ബ്രാഹ്മണരിൽ ആചാരത്തിലിരിക്കുന്ന പൂർവ്വാപര ഷോഡശകർമ്മങ്ങളിലും മറ്റ് ഗൃഹ്യകർമ്മങ്ങളിലും ഉപയോഗിക്കുന്ന പ്രധാന മന്ത്രങ്ങളെ സാരത്തോടു കൂടി മലയാളത്തിൽ രേഖപ്പെടുത്തുവാനും ക്രമത്തിൽ ക്രിയാക്രമം ചേർത്ത് വിപുലമാക്കുവാനും ആണു ഉദ്ദേശിക്കുന്നത്.ഗുരുനാഥരിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കുന്ന മുറക്കും സമയലഭ്യത അനുസരിച്ചും എഴുതിത്തീർക്കുവാൻ ആഗ്രഹിക്കുന്നു.
ആധാനം തനയസ്യ പുംസവവിധിഃ സീമന്തജാതാഹ്വയാഃ
നിഷ്ക്രാമോന്നവിധിഃ ക്ഷുരോപനയനേ ത്രീണി വ്രതാനി ക്രമാൽ
ഗോദാനം ച സമാപനം വ്രതവിധേഃ പാണിഗ്രഹോഗ്ന്യാഹുതിഃ
വിപ്രാദേർവ്വിഹിതാഃ ശ്രുതൌ നിഗദിതാഃ കാര്യാഃ ക്രിയാഃ ഷോഡശ
എന്ന പ്രസിദ്ധമായ ശ്ലോകം അനുസരിച്ചുള്ള ഗർഭാധാനം, പുംസവനം, സീമന്തം, ജാതകർമ്മം തുടങ്ങി പതിനാറു സംസ്കാരങ്ങളെയും അവയോടൊപ്പം അത്ര തന്നെ വിശേഷമായ നൈജപം, വിഷ്ണുബലി, ഗ്രഹശാന്തി, ശുക്രിയം, ദശമേഹനി തുടങ്ങിയ സംസ്കാരങ്ങളേയും ഒന്നൊന്നായി വിവരിക്കുന്നു. കൂടാതെ പിറന്നാൾ ഹോമം, മൃത്യുഞ്ജയം, കറുകഹോമം, പായസഹോമം ഇത്യാദി സാധാരണ നടപ്പുള്ള ഹോമങ്ങളും മിക്കവാറും ക്രിയകളിൽ ആവശ്യമായ ഗണപതി നിവേദ്യം, നാന്ദീമുഖം പുണ്യാഹം, പ്രസിദ്ധഹോമം മുതലായവയുടെ ക്രമവും സന്ധ്യാവന്ദനം, ഉപസ്ഥാനം, ആദിത്യ നമസ്കാരം ഇത്യാദി നിത്യകർമ്മങ്ങളും വിശിഷ്ടമായ ശ്രീരുദ്ര പർച്ചവും അനുബന്ധമായി പ്രതിപാദിച്ചിരിക്കുന്നു.