വിക്കിപീഡിയ കൈപ്പുസ്തകം/മലയാളം വിക്കിപീഡിയ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search2


മലയാളം വിക്കിപീഡിയ


ആരംഭകാലത്ത് മലയാളം വിക്കിപീഡിയയിൽ പങ്കെടുത്തിരുന്ന അംഗങ്ങളെല്ലാം വിദേശമലയാളികളായിരുന്നു. തൊഴിലിനോ വിദ്യാഭ്യാസത്തിനോ വേണ്ടി അന്യദേശങ്ങളിൽ ചെന്നു കൂടിയിരുന്ന അഭ്യസ്തവിദ്യരായിരുന്ന പ്രവാസിമലയാളികളാണു് എക്കാലത്തും ഭാഷയ്ക്കും സമൂഹത്തിനും മുതൽക്കൂട്ടാകാവുന്ന ഒരു വിശ്വവിജ്ഞാനകോശമെന്ന നിലയിൽ മലയാളം വിക്കിപീഡിയയെ ആദ്യമായി പരിചയപ്പെടുന്നതു്.

2001 ജനുവരിൽ ഇംഗ്ലീഷ് വിക്കിപീഡിയ തുടങ്ങിയതിനു ശേഷം തുടർന്നുള്ള മാസങ്ങളിൽ പ്രമുഖമായ ഭാഷകളിൽ വിക്കിപീഡിയ ആരംഭിച്ചുകൊണ്ടിരുന്നു. 2002-ന്റെ ആദ്യപകുതിയോടെ ലോകത്തിലെ പ്രമുഖമായ മിക്കവാറും ഭാഷകളിൽ ഒക്കെ വിക്കിപീഡിയ തുടങ്ങിയിരുന്നു. പക്ഷെ അതിൽ മിക്കതും നിർജ്ജീവമായിരുന്നു. 2002 ഫെബ്രുവരിയിൽ ml.wikipedia.com എന്ന വിലാസത്തിൽ മലയാളം വിക്കിപീഡിയ നിലനിന്നിരുന്നു എന്ന് കാണുന്നു. പക്ഷെ അതിൽ തിരുത്തലുകളോ വിക്കിസമൂഹമോ ഉണ്ടായിരുന്നില്ല. ഇപ്പോൾ കണ്ടെടുക്കാവുന്ന രേഖകൾ അനുസരിച്ച്, 2002 ഡിസംബർ 21-നു് അമേരിക്കൻ സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ വിനോദ് എം. പ്രഭാകരനാണു് 2002 ഡിസംബർ 21നു് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്ത് ആദ്യമായി ലേഖനങ്ങൾ നിർമ്മിച്ചുതുടങ്ങിയ മലയാളി. അന്ന് തന്നെയാണ് ml.wikipedia.org എന്ന ഇപ്പോഴുള്ള വിലാസത്തിലേക്ക് മലയാളം വിക്കിപീഡിയ ലഭ്യമായിത്തുടങ്ങിയത്. ആദ്യത്തെ രണ്ടു് വർഷത്തോളം ഏറെക്കുറെ അദ്ദേഹം മാത്രമായിരുന്നു മലയാളം വിക്കിപീഡിയയിൽ സജീവമായി പങ്കെടുത്തു കൊണ്ടിരുന്നതു്.

ഉപയോക്താക്കളുടെ അഭാവം മൂലം ആദ്യത്തെ രണ്ടുമൂന്നുവർഷങ്ങളിൽ മലയാളം വിക്കിപീഡിയയുടെ വളർച്ച വളരെ മന്ദഗതിയിലായിരുന്നു. മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളത്തിലും വിരലിലെണ്ണാവുന്ന ചെറുലേഖനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2004 ജൂലായ് മാസം വരെ മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്ത ആകെ ഉപയോക്താക്കളുടെ എണ്ണം (അന്താരാഷ്ട്രവിക്കിസംരംഭങ്ങളിൽ പ്രവർത്തിച്ചിരുന്ന മലയാളികളല്ലാത്ത ആളുകളുൾപ്പെടെ) വെറും 28 ആയിരുന്നു. അംഗത്വമെടുത്തിരുന്നെങ്കിൽ തന്നെ ഇവരിൽ പലരും ലേഖനങ്ങൾ എഴുതുകയോ തിരുത്തുകയോ ചെയ്തിരുന്നില്ല. നൂറോളം ലേഖനങ്ങൾ മാത്രമാണു് ആ വർഷം കഴിയുമ്പോൾ മലയാളം വിക്കിപീഡിയയിൽ ആകെ എഴുതപ്പെട്ടിരുന്നതു്.

മലയാളം പോലുള്ള ഭാഷകൾക്കു് കമ്പ്യൂട്ടറിൽ എഴുതാനും വായിക്കാനുമുപയോഗിക്കുന്ന ലിപിവ്യവസ്ഥകളിൽ അക്കാലം വരെ പൊതുവായ ഒരു മാനദണ്ഡമുണ്ടായിരുന്നില്ല എന്നതാണു് ഇവയ്ക്കു് പ്രധാന കാരണം. അത്തരം ഭാഷകളിൽ എഴുതുന്ന ലേഖനങ്ങൾ വായിക്കണമെങ്കിൽ പ്രസ്തുത ലേഖനമെഴുതിയ ആൾ ഉപയോഗിച്ച അതേ ഫോണ്ടുക്രമീകരണവും കമ്പ്യൂട്ടർ വ്യവസ്ഥയും തന്നെ വായനക്കാരനും ഉപയോഗിക്കണം എന്ന സ്ഥിതി ആയിരുന്നു ഉണ്ടായിരുന്നതു്. എന്നാൽ യൂണീകോഡ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ ലിപിവ്യവസ്ഥ വന്നതോടുകൂടി ഈ സ്ഥിതി മാറി. കമ്പ്യൂട്ടർ നമ്മുടെ ഭാഷയ്ക്കും വഴങ്ങും എന്നായി.

എല്ലാഭാഷയ്ക്കും തനതായ ലിപിസ്ഥാനങ്ങൾ നിശ്ചയിച്ചുകൊണ്ടു് അന്താരാഷ്ട്രതലത്തിൽ നിലവിൽ വന്നിട്ടുള്ള സംവിധാനമാണു് യൂണീകോഡ്. വിക്കിപീഡിയയിലെ ലേഖനങ്ങൾ യുണികോഡ് രീതി അടിസ്ഥാനമാക്കിയാണു സജ്ജമാക്കിയിട്ടുള്ളതു്. പക്ഷേ മലയാളത്തിൽ ഉപയോഗിക്കാൻ തക്ക പൂർണ്ണസജ്ജമായ ഒരു യൂണീക്കോഡ് ലിപിയോ, അതെഴുതിച്ചേർക്കാൻ തക്കതായ ഒരു എഴുത്തുപകരണമോ (typing tool) തയ്യാറായിരുന്നില്ല. അഥവാ ലഭ്യമായിരുന്ന തൂലിക എന്ന യുണീകോഡ് ലിപിയ്ക്കും ധാരാളം പോരായ്മകൾ ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമേ ഓപ്പറേറ്റിങ്ങ് സിസ്റ്റം തലത്തിൽ യുണീകോഡ് സജ്ജമല്ലാത്ത കമ്പ്യൂട്ടറുകൾ ആ സമയത്തും ധാരാളം പ്രചാരത്തിലുണ്ടായിരുന്നു. ഇത്തരം പ്രതിബന്ധങ്ങൾ മൂലം വിക്കിപീഡിയ പോലുള്ള ഒരു പദ്ധതിയുടെ പ്രാധാന്യം കണ്ടറിഞ്ഞെത്തുന്ന ഒരു സന്നദ്ധസുഹൃത്തിനുപോലും അതിനുവേണ്ടി ക്രിയാത്മകമായി ഒന്നും ചെയ്യാനാവാതെ നിസ്സഹായമായി മാറിനിൽക്കേണ്ടി വന്നു.

മലയാളം യുണീകോഡ് ലിപിസഞ്ചയവും ഇംഗ്ലീഷ്-മലയാളം ലിപ്യന്തരണ രീതികളും ഇന്റർനെറ്റിൽ പ്രചരിച്ചതോടെ സാധാരണ ഉപയോക്താക്കൾക്കു് കമ്പ്യൂട്ടറിലെ മലയാളം ഉപയോഗം സുഗമമായിത്തുടങ്ങി. യൂണീകോഡ് മലയാളം ഉപയോഗിച്ചു് ഗൾഫ് നാടുകളിലും, അമേരിക്കൻ ഐക്യനാടുകളിലും, മറ്റു് നാടുകളിലും ഉള്ള അനേക മലയാളികൾ മലയാളത്തിൽ ബ്ലോഗു് ചെയ്യുവാൻ തുടങ്ങി. ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ് അനായാസം പഠിച്ചെടുത്ത ഇവരിൽ പലരുടേയും ശ്രദ്ധ ക്രമേണ വിക്കിപീഡിയയിലേക്കു് തിരിഞ്ഞു. എഴുത്തിൽ മലയാളം യൂണീകോഡ് സാർവത്രികമായി ഉപയോഗിക്കുവാൻ തുടങ്ങിയതോടെ മലയാളം വിക്കിപീഡിയയും സജീവമായി. 2005 മദ്ധ്യത്തോടെ ധാരാളം പുതിയ അംഗങ്ങളെത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങൾ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറിൽ മലയാളം വിക്കിപീഡിയയ്ക്കു് ആദ്യത്തെ കാര്യനിർവ്വാഹകനെ(സിസോപ്പ്) ലഭിച്ചു. ഇതോടെ സാങ്കേതിക കാര്യങ്ങളിൽ മെറ്റാവിക്കിയിലെ പ്രവർത്തകരെ ആശ്രയിക്കാതെ മലയാളം വിക്കിപീഡിയക്കു് നിലനിൽക്കാം എന്ന സ്ഥിതിയായി. തുടർന്നുള്ള മാസങ്ങളിൽ അംഗങ്ങൾ വിക്കിപീഡിയയെക്കുറിച്ച് ഇന്റർനെറ്റ് വഴിയും അല്ലാതെയും സ്വന്തം നിലയിൽ പ്രചരണം തുടങ്ങി. വിക്കിപീഡിയയിൽ എഴുതുന്നതിനെ സഹായിക്കുക, ലേഖനങ്ങൾ സമ്പുഷ്ടമാക്കുക എന്നിവ മാത്രം ലക്ഷ്യമാക്കി ബ്ലോഗുകളും മറ്റ് ഈ-ഗ്രൂപ്പുകളും ഉണ്ടായി.

2006 അവസാനിക്കുമ്പോഴേക്കും ലേഖനങ്ങളുടെ എണ്ണവും ഉള്ളടക്കത്തിന്റെ വൈവിധ്യവും മെച്ചപ്പെട്ടു. 2006 ഏപ്രിൽ 10നു് മലയാളം വിക്കിപീഡിയയിൽ 500-മത്തെ ലേഖനം പിറന്നു. ലേഖനങ്ങളുടെ എണ്ണം അതേവർഷം സെപ്റ്റംബറിൽ 1000 തികഞ്ഞു. കേരളത്തിലും ഭാരതത്തിന്റെ അന്യപ്രദേശത്തും വസിച്ചിരുന്ന ഒട്ടനവധി മലയാളികൾ കൂടി ഈ സംരംഭത്തിൽ ഭാഗഭാക്കുകളാവാൻ തുടങ്ങി. ലിപ്യന്തരണരീതിക്കുപുറമേ അവരിൽ പലരും ഇൻസ്ക്രിപ്റ്റ് രീതി ഉപയോഗിച്ചും കമ്പ്യൂട്ടറിൽ മലയാളം സന്നിവേശിപ്പിക്കുന്നതു് പഠിച്ചെടുത്തു. തുടർന്നുള്ള ഏതാനും മാസങ്ങളിൽ വിക്കിനിഘണ്ടു, വിക്കിഗ്രന്ഥശാല, വിക്കിചൊല്ലുകൾ തുടങ്ങിയ സഹോദരസംരംഭങ്ങൾ കൂടി പുഷ്ടി പ്രാപിക്കാൻ തുടങ്ങി. 2007 ഡിസംബർ 12-നു് 5000 വും, 2009 ജൂൺ 1-നു് 10,000-വും ലേഖനങ്ങളാണു് മലയാളം വിക്കിപീഡിയയിൽ എഴുതപ്പെട്ടിരുന്നതു്. നിലവിൽ (2013 ജൂൺ) 30,000 ത്തിൽ പരം ലേഖനങ്ങളുണ്ടു്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളുടെ (2013 ജൂണിൽ എകദേശം 42 ലക്ഷം) അര ശതമാനം പോലും ആവില്ല ഈ സംഖ്യ . എങ്കിൽ പോലും നമ്മുടെ ഭാഷയിൽ ഇന്നേവരെ പ്രസിദ്ധീകരിച്ചിട്ടുള്ള ഏറ്റവും ബൃഹത്തായ പുസ്തകങ്ങളിലൊന്നായി മലയാളം വിക്കിപീഡിയ മാറിക്കഴിഞ്ഞു. ലേഖനങ്ങളുടേ മേന്മയിലും ഉൾക്കാമ്പിലും വിശ്വാസ്യതയിലും മലയാളം വിക്കിപീഡിയ മറ്റു ഭാരതീയഭാഷകളിലുള്ളതിനേക്കാൾ വളരെയധികം മികച്ചുനിൽക്കുന്നു. ഇന്റർനെറ്റു് ബന്ധമില്ലാതെ തന്നെ ഓഫ്‌ലൈൻ ആയി വായിക്കാവുന്ന വിധത്തിൽ സി.ഡി. രൂപത്തിൽ മലയാളം വിക്കിപ്രവർത്തകർ തയ്യാറാക്കിയെടുത്ത തെരഞ്ഞെടുത്ത വിക്കിലേഖനങ്ങളുടെ സമാഹാരം വിക്കിപീഡിയയിൽ ലോകത്തിലെത്തന്നെ ഇദം‌പ്രഥമമായ ഒരു പരീക്ഷണമായിരുന്നു. 2010ൽ പോളണ്ടിൽ നടന്ന അഖിലലോക വിക്കിപീഡിയ സമ്മേളനത്തിൽ (വിക്കിമാനിയ) മലയാളം വിക്കിപീഡിയയുടെ ഈ നേട്ടം പ്രത്യേകം പരാമർശിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയുമുണ്ടായി.

മലയാളം വിക്കിപീഡിയയിൽ ഇനിയും ഏറെ ജനപങ്കാളിത്തം എത്തിച്ചേരേണ്ടതുണ്ടു്. കൂടുതൽ ജനങ്ങൾക്കു് കമ്പ്യൂട്ടറും ഇന്റർനെറ്റും പ്രാപ്യമായിക്കൊണ്ടിരിക്കുന്നതും സർക്കാരും മാദ്ധ്യമങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും അതുപോലുള്ള മറ്റു പ്രസ്ഥാനങ്ങളും കൂടുതൽ സഹകരിക്കാൻ സന്നദ്ധരാവുന്നതും ഈ മഹാഗ്രന്ഥത്തിന്റെ ശോഭനമായ ഭാവിയിലേക്കാണു് വിരൽ ചൂണ്ടുന്നതു്. ഏതാനും വർഷങ്ങൾക്കുള്ളിൽ നമ്മുടെ സമൂഹത്തിലെ ഏറ്റവും സമ്പുഷ്ടവും ആധികാരികവുമായ വിജ്ഞാനനിധിയായി വിക്കിപീഡിയയും അതോടൊപ്പമുള്ള മറ്റുവിക്കിശേഖരങ്ങളും പരിണമിക്കും. വീട്ടിലും വിദ്യാലയത്തിലും ഒഴിച്ചുകൂടാനാവാത്ത ഒരുപകരണമായിത്തീരും വിക്കിപീഡിയ. മലയാളം വിക്കിപീഡിയ (http://ml.wikipedia.org) വികസിച്ചുവരുന്നതേയുള്ളൂ. നിലവിൽ (2013 ജൂൺ 23-നു്) 30,429 ലേഖനങ്ങളാണു് മലയാളം വിക്കിപീഡിയയിലുള്ളതു്.