വിക്കിപീഡിയ കൈപ്പുസ്തകം/ചില പതിവു് ചോദ്യങ്ങളും ഉത്തരങ്ങളും

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search5


ചില പതിവു് ചോദ്യങ്ങളും ഉത്തരങ്ങളുംവിക്കിപീഡിയ എന്താണു് ? എന്തല്ല ?
ജനങ്ങൾ പരസ്പര സഹകരണത്തോടെ വികസിപ്പിക്കുന്നതും സ്വതന്ത്രവുമായ ഒരു ഓൺലൈൻ സർവ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. അറിവു പങ്കുവെയ്ക്കലിന്റെ മഹത്വമുൾക്കൊണ്ടു്, പരസ്പരബഹുമാനത്തോടെ, പ്രവർത്തിക്കുന്ന ഒരുകൂട്ടം സന്നദ്ധ പ്രവർത്തകരാണു് വിക്കിപീഡിയയുടെ ശക്തി. നിരവധി ഉപയോക്താക്കൾ തുടർച്ചയായി വിക്കിപീഡിയ തിരുത്തുന്നുണ്ടു്. ഈ തിരുത്തലുകളുടെ ചരിത്രം എല്ലാംതന്നെ വിക്കിപീഡിയ സൂക്ഷിച്ചു് വെക്കുന്നുണ്ടു്. അനാവശ്യ മാറ്റങ്ങൾ വളരെ പെട്ടെന്നു് തന്നെ സാധാരണയായി ഒഴിവാക്കാറുണ്ടു്. അതേ പോലെ തുടർച്ചയായി ശല്യപ്പെടുത്തുന്ന നിയമവിരുദ്ധരെ തിരുത്തലുകൾ വരുത്തുന്നതിൽ നിന്നു് തടയാറുമുണ്ടു്. വിക്കിപീഡിയയുടെ ചില സവിശേഷതകൾ ഇവയാണു്
വിക്കിപീഡിയയിലെ വിവരങ്ങൾ എവിടേയും സ്വതന്ത്രമായി ഉപയോഗിക്കാം. വിവരങ്ങൾ ആർക്കും സ്വന്തമല്ല എന്ന ആശയത്തിലാണ് വിക്കിപീഡിയ പടുത്തുയർത്തിയിരിക്കുന്നതു തന്നെ.
വിക്കിപീഡിയ അച്ചടിച്ചു് വിതരണം ചെയ്യുന്ന വിജ്ഞാനകോശമല്ല. അതു കൊണ്ടു തന്നെ ഒരു കടലാസ് വിജ്ഞാനകോശം പോലെ ഇതിനു പല പതിപ്പുകളില്ല.
സർവ്വവിജ്ഞാനകോശം ആയതിനാൽ വിക്കിപീഡിയയിൽ വിഷയങ്ങളുടെ എണ്ണത്തിൽ പരിധിയില്ല.
ലേഖനങ്ങൾ തയ്യാറായി എന്നതുകൊണ്ടുമാത്രം വിക്കിപീഡിയയിൽ പ്രസിദ്ധീകരിക്കില്ല. ശരിയായ കാര്യങ്ങൾ എന്നതിലുപരി വിജ്ഞാനകോശ സ്വഭാവമുള്ള കാര്യങ്ങളാണ് വിക്കിപീഡിയക്കു് അനുയോജ്യം.
വിക്കിപീഡിയയിൽ ചിലപ്പോൾ ചില വായനക്കാർക്ക് അനുയോജ്യമല്ലെന്നു് തോന്നാവുന്ന കാര്യങ്ങൾ ഉൾക്കൊള്ളാനിടയുണ്ട്. വിക്കിപീഡിയ ആർക്കും എപ്പോഴും തിരുത്താവുന്നതുകൊണ്ട് ഒരു ലേഖനവും അതേ രൂപത്തിൽ നിലനിൽക്കണമെന്നില്ല.
ഒരു ലേഖനം പലരും തിരുത്തുന്നതുമൂലം ഒരോ ലേഖനത്തിന്റേയും ഗുണനിലവാരം ഉറപ്പുവരുത്തുക ശ്രമകരമായ ജോലിയാണു്. ലേഖനം നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കാറുണ്ടെങ്കിലും അത് കണ്ടുപിടിക്കാനും തിരുത്തുവാനുമുള്ള സംവിധാനവുമുണ്ടു്.
സന്നദ്ധ സേവനമെന്ന നിലയിലാണു് വിക്കിപീഡിയയിൽ ആളുകൾ ഉള്ളടക്കം ചേർക്കുന്നതു്. ഇതുമൂലം ലേഖകർക്ക് അവരുടെ അറിവു വർദ്ധിക്കാം.


വിക്കിയും വിക്കിപീഡിയയും ഒന്നാണോ?
വിക്കിയും വിക്കിപീഡിയയും ഒന്നല്ല. വിക്കിപീഡിയയുടെ മറ്റൊരു പേരല്ല വിക്കി എന്ന നാമം. വിക്കി എന്നതു് കൂട്ടായ്മയിലൂടെ രചന നിർവ്വഹിക്കാൻ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ മാത്രമാണ്. വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു എന്നതാണു് വിക്കിപീഡിയയും വിക്കിയും തമ്മിലുള്ള ബന്ധം. യഥാർത്ഥത്തിൽ വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന അസംഖ്യം വെബ്ബ് സൈറ്റുകളിൽ ഒന്നു് മാത്രമാണു് വിക്കിപീഡിയ. ഇന്നു് നിലവിലുള്ള വിക്കികളിൽ പ്രചാരവും ഉള്ളടക്കത്തിന്റെ മികവും കൊണ്ടു് ഏറ്റവും മുന്നിട്ടു് നിൽക്കുന്നതും വിക്കിപീഡിയ എന്ന സർവ്വവിജ്ഞാനകോശം ആണു്. പക്ഷെ, വിക്കിപീഡിയയുടെ ജനപ്രീതിയും വളർച്ചയും മൂലം വിക്കി എന്നു് പറഞ്ഞാൽ വിക്കിപീഡിയ ആണെണു് പലരും ധരിച്ചു് വെച്ചിട്ടുണ്ടു്. അതു് ശരിയല്ല എന്നു് ഇപ്പോൾ മനസ്സിലായല്ലോ.


വിക്കിപീഡിയ ഒരു സർക്കാർ പദ്ധതി ആണോ?
വിക്കിപീഡിയ ഒരു സർക്കാർ പദ്ധതിയോ വിക്കിമീഡിയ ഫൗണ്ടേഷൻ ഒരു സർക്കാർ സ്ഥാപനമോ അല്ല. അതിൽ ഒരു രാജ്യത്തെ സർക്കാരുകൾക്കും യാതൊരു പങ്കുമില്ല. വിക്കിമീഡിയ ഫൗണ്ടേഷൻ എന്ന ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ കീഴിലാണു് വിക്കിപീഡിയ പ്രവർത്തിക്കുന്നതു്. വിക്കിമീഡിയ ഫൗണ്ടേഷന്റെ കീഴിലുള്ള എല്ലാ വിക്കികളുടേയും പ്രവർത്തനച്ചെലവിനുള്ള പണം വിക്കി ഉപയോഗിക്കുന്ന സാധാരണക്കാർ നൽകുന്ന എളിയ സംഭാവനകളിൽ നിന്നാണു് കണ്ടെത്തുന്നതു്. ഈ അടുത്ത കാലത്തായി വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി സംരംഭങ്ങളുടെ പ്രവർത്തനത്തിൽ ആകൃഷ്ടരായി പല സർക്കാരുകളും കോർപ്പറേറ്റു് കമ്പനികളും വിവിധ രീതിയിൽ സഹായങ്ങൾ ചെയ്യുന്നുണ്ടു്.


വിക്കിപീഡിയയിൽ ലേഖനം എഴുതുന്നതിനു് നല്ല അറിവു് വേണ്ടേ?
വിക്കിപീഡിയയിൽ നിന്നു് ആളുകളെ അകറ്റി നിർത്താൻ കാരണമാകുന്ന ഒരു തെറ്റിദ്ധാരണയാണു് ഇതു്. വിക്കിപീഡിയയിൽ ലേഖനം എഴുതുവാൻ ഒരു വിഷയത്തിലും അഗാധപാണ്ഡിത്യം ഉണ്ടാവേണ്ടതില്ല. വിക്കിപീഡിയയിലെ ഒരു ലേഖനവും ഒരാൾ മാത്രമായി എഴുതിതീർത്തതുമല്ല. പല മേഖലയിലുള്ളവർ, പലരാജ്യങ്ങളിൽ താമസിക്കുന്നവർ, ഇന്റർനെറ്റ് എന്ന മാധ്യമത്തിലൂടെ കൂട്ടായി എഴുതിതീർത്തവയാണു് മലയാളം വിക്കിപീഡിയയിലെ ഓരോ ലേഖനവും. ഒരു ഉദാഹരണം വഴി ഇതു് വ്യക്തമാക്കാം.
തിരുവനന്തപുരത്തെ ഒരു സ്കൂൾ വിദ്യാർത്ഥി ഇലക്ട്രിക് ബൾബ് എന്ന ഒരു ലേഖനം വിക്കിപീഡിയയിൽ എഴുതുവാൻ തുടങ്ങുന്നു എന്നു സങ്കല്പിക്കൂ. അവന്റെ അറിവിന്റെ പരിധിയിൽനിന്നുകൊണ്ടു് ഇലക്ട്രിക് ബൾബ് എന്താണു് ചെയ്യുന്നതെന്നതിന്റെ ഒരു അടിസ്ഥാന വിവരണം മാത്രം ഒരു ഖണ്ഡികയിൽ എഴുതുകയാണു് അവൻ ചെയ്യുക. കുറേ ദിവസം കഴിഞ്ഞു് മദ്രാസിൽ നിന്നും ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആ ലേഖനം അല്പം കൂടി വിപുലപ്പെടുത്തി ബൾബിന്റെ പ്രവർത്തന തത്വങ്ങളും, അതിന്റെ രേഖാചിത്രങ്ങളും അതേ ലേഖനത്തിൽ കൂട്ടിച്ചേർക്കുന്നു. തുടർന്നു് അമേരിക്കയിൽ ജോലി ചെയ്യുന്ന മലയാളിയായ ഒരു ഇലക്ട്രിക്കൽ എഞ്ചിനീയർ ഈ ലേഖനം കാണാനിടയാവുകയും, പലവിധ ബൾബുകളെ കുറിച്ചു് കുറച്ചു് കൂടി ആധികാരികമായതും, സാങ്കേതിക വിജ്ഞാനം പകരുന്നതുമായ മറ്റുകാര്യങ്ങൾകൂടി ആ ലേഖനത്തിൽ ചേർക്കുന്നു എന്നും വിചാരിക്കുക. ഇങ്ങനെ അവസാനം ഇലക്ട്രിക് ബൾബിനെപ്പറ്റിയുള്ള ആ ലേഖനം വിജ്ഞാനപ്രദമായ ഒരു നല്ല ലേഖനമായി മാറുന്നു. പലതുള്ളി പെരുവെള്ളം! ഇതുതന്നെയാണു് വിക്കിപീഡിയയിലേ ഓരോ ലേഖനത്തിനു പിന്നിലും ഉള്ള തത്വം. ഇതിൽ ഭാഗഭാക്കാവാൻ നിങ്ങൾക്കും സാധിക്കും എന്നു് മനസ്സിലായില്ലേ. പുതിയ ലേഖനങ്ങൾ തുടങ്ങിയും നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും നിങ്ങൾക്കു് ഈ സംരംഭത്തിന്റെ ഭാഗമാകാം.


വിക്കിപീഡിയയിൽ ലേഖനം എഴുതുന്നവർക്കെന്താണു് പ്രയോജനം?
നമുക്കോരോരുത്തർക്കും ഇന്നു് ലഭിച്ചിരിക്കുന്ന അല്ലെങ്കിൽ ലഭിച്ചു് കൊണ്ടിരിക്കുന്ന അറിവു്, പലരിൽനിന്നു്, പലസ്ഥലങ്ങളിൽ നിന്നു്, പലപ്പോഴായി പകർന്നു് കിട്ടിയിട്ടുള്ളതാണു്. അതു് മറ്റുള്ളവർക്കു് കൂടി പ്രയോജനമാകുന്ന രീതിയിൽ പകർന്നു് നൽകാൻ, സൂക്ഷിച്ചുവയ്ക്കുവാൻ ഒരു സാമൂഹിക വ്യവസ്ഥിതിയിൽ നമുക്കോരോരുത്തർക്കും കടമയുണ്ടു്. രേഖപ്പെടുത്താതുമൂലം നഷ്ടമായിപ്പോയ നിരവധി അറിവുകളുണ്ടു്. നമുക്കു് ലഭിച്ച അറിവുകൾ വിക്കിപീഡിയയിൽ കൂടിയും മറ്റു് വിക്കി സംരംഭങ്ങളിൽ കൂടിയും പങ്കു് വെക്കുന്നതിലൂടെ നമ്മൾ നമ്മുടെ ഭാവി തലമുറയ്ക്കായി ഒരു സേവനം ആണു് ചെയ്യുന്നതു്.
സൗജന്യമായി വിജ്ഞാനം പകർന്നു് നൽകുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയാണു് വിക്കിയന്മാർക്കു് ഇത്തരം പൊതുസേവനത്തിലൂടെ ലഭിക്കുക. അതോടൊപ്പം അറിവു് പങ്കു് വെക്കുന്നതിലൂടെ അതു് വർദ്ധിക്കുന്നു എന്ന പഴംചൊല്ലു് നിത്യജീവിതത്തിൽ പ്രാവർത്തികമാകുന്നതും കാണാനാകും. ഓർക്കുക, ഇതുപോലെ പല സുമനസ്സുകൾ വിചാരിച്ചതിന്റെ ഫലമാണു് നാമിന്നു് ആർജ്ജിച്ചിരിക്കുന്ന അറിവുകളൊക്കെയും.
വിക്കിപീഡിയപോലുള്ള സംരംഭങ്ങളിൽ ലേഖനം എഴുതുന്നതിലൂടെ നമ്മുടെ അറിവു് വർദ്ധിക്കുകയും ആ അറിവു് വിക്കിപീഡിയ്ക്കു പുറത്തുള്ളവരേക്കാൾ ഏറ്റവും പുതുതായി ഇരിക്കുകയും ചെയ്യുന്ന പ്രതിഭാസമാണു് വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം എന്നു പരിചയസമ്പന്നരായ വിക്കിപീഡിയർ എല്ലാം തന്നെ സമ്മതിക്കുന്നുണ്ടു്. കാരണം സ്വന്തമായി ലേഖനം എഴുതുമ്പോൾ അതിൽ എഴുതുന്ന കാര്യങ്ങളുടെ ആധികാരികത ഉറപ്പാക്കാനായി പ്രസ്തുത വിഷയം സ്വയം പഠിക്കും. അതോടൊപ്പം നിരവധി വിക്കിപീഡിയരുമായി സംവദിക്കുമ്പോൾ ആർജ്ജിക്കുന്ന അറിവു് വേറെയും.


വിക്കിപീഡിയയിൽ ലേഖനം എഴുതിയാൽ സാമ്പത്തിക ലാഭം കിട്ടുമോ?
വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നതു് വഴി താങ്കൾക്കു് യാതൊരുവിധ സാമ്പത്തികലാഭവും കിട്ടില്ല. വിജ്ഞാനം പകരുക വഴി വർദ്ധിക്കുന്നു എന്ന പഴഞ്ചൊല്ല് പ്രാവർത്തികമാക്കുകയാണു് വിക്കിപീഡിയയിലൂടെ താങ്കൾക്കു് ചെയ്യാനാകുന്നതു്. വിദ്യ കൊടുക്കും തോറും ഏറീടും എന്നാണല്ലോ. താങ്കൾ നേടിയ വിജ്ഞാനം പങ്കുവെക്കാതിരിക്കുന്നതു് വഴി അതു് നഷ്ടപ്പെടുത്തുയും ഉള്ള അറിവിനെ മുരടിപ്പിച്ചു് കളയുകയുമാണു് താങ്കൾ ചെയ്യുന്നതു്.


ആരാണു് മലയാളം വിക്കിപീഡിയയിൽ ലേഖനം എഴുതുന്നതു്?
അറിവു് പങ്കുവെയ്ക്കാൻ താല്പര്യവും, മലയാള ഭാഷയോടു് സ്നേഹവുമുള്ള താങ്കളെ പോലുള്ള സാധാരണ ഉപയോക്താക്കളാണു് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങൾ എഴുതുന്നതു്. അതിൽ സ്കൂൾ വിദ്യാർത്ഥികളുണ്ടു്, കർഷകരുണ്ടു്, വീട്ടമ്മമാരുണ്ടു്, വിമുക്തഭടന്മാരുണ്ടു്, ഐടി മേഖലകളിൽ പ്രവർത്തിക്കുന്നവരുണ്ടു്, സർക്കാർ ജീവനക്കാരുണ്ടു്, അങ്ങനെ സമൂഹത്തിന്റെ നാനാതുറയിലുള്ള സുമനസ്സുകൾ മലയാളം വിക്കിപീഡിയയിലൂടെ തങ്ങൾക്കുള്ള അറിവു് പങ്കു് വെച്ചു് തങ്ങളുടെ അറിവിന്റെ ചക്രവാളത്തെ വികസിപ്പിക്കുകയും അതോടൊപ്പം മലയാളിയുടെ ഭാവിതലമുറയ്ക്കായി വലിയ സേവനവും ചെയ്യുന്നു.


മലയാളം വിക്കിപീഡിയയുടെ പ്രത്യേകതകൾ എന്തൊക്കെയാണു്?
മലയാളികൾ എന്ന നിലയിൽ നമുക്കഭിമാനിക്കാവുന്ന നിരവധി പ്രത്യേകതകൾ മലയാളം വിക്കിപീഡിയയ്ക്കുണ്ടു്. പ്രസിദ്ധീകൃത ലേഖനങ്ങളുടെ ആഴത്തിന്റെ (Depth) കാര്യത്തിൽ ലോകത്തുള്ള എല്ലാ സജീവ വിക്കിപീഡിയകളുടേയും വിവിധ ഭാഷാപതിപ്പുകളിൽ മലയാളം വിക്കിപീഡിയയുടെ സ്ഥാനം രണ്ടാമതാണു്‌. അതായതു് ഇംഗ്ലീഷു് മാത്രമാണു് മലയാളത്തിനു് മുൻപിലുള്ളതു്. ആഴത്തിന്റെ കാര്യത്തിൽ ഇംഗ്ലീഷിനു് 500 പോയിന്റും മലയാളത്തിനു് 300 പോയിന്റും ആണു് ഇപ്പോൾ (2010 ഏപ്രിൽ) ഉള്ളതു്.
മലയാളത്തേക്കാൾ ലേഖനങ്ങളുള്ള തെലുങ്കിന്‌ 7-ഉം ഹിന്ദിക്ക്‌ 18-ഉം ബംഗാളിക്ക്‌ 88-ഉം തമിഴിനു് 27-ഉം പോയിന്റുകൾ മാത്രമാണു് ഉള്ളതു് എന്നു് കൂടി അറിയുക. ഓരോ ഭാഷയിലേയും ലേഖനങ്ങളുടെ ആഴം തീരുമാനിക്കുന്നതു്‌ വിക്കിയുടെ ഗുണമേന്മാ മാനകം അടിസ്ഥാനമാക്കിയാണ്‌. ആഴം (Depth) = [(Edits/Articles) x (Non-Articles/Articles) x (Stub-ratio)] എന്ന സമവാക്യം ഉപയോഗിച്ചാണു് ഇതു് കണക്കാക്കുക. അതായത്‌ ലേഖനങ്ങൾക്കുമേൽ നടന്ന തിരുത്തലുകളുടെ എണ്ണത്തെയും അംഗങ്ങളുടെ താൾ, സംവാദ താൾ, പദ്ധതി താൾ, ചിത്രങ്ങൾ, വർഗ്ഗങ്ങൾ, ഫലകങ്ങൾ തുടങ്ങിയ ലേഖനങ്ങളല്ലാത്ത വിക്കി താളുകളുടെ എണ്ണത്തെയും, ലേഖനങ്ങളുടെ എണ്ണമുപയോഗിച്ച്‌ വെവ്വേറെ ഹരിച്ചുകിട്ടുന്ന സംഖ്യകളെ സ്റ്റബ്‌ അനുപാതവുമായി ഗുണിച്ച്‌ ലഭിക്കുന്ന സംഖ്യയാണ്‌ ആഴം (Depth). ഇത്‌ അക്കാദമിക് ഗുണമേന്മയായി പരിഗണിച്ചുകൊള്ളണമെന്നില്ല. എന്നാൽ വിക്കി മാനകമനുസരിച്ചുള്ള നിലവാരം ലേഖനങ്ങൾക്കുണ്ടാകും.
1)മറ്റു് ഇന്ത്യൻ ഭാഷകളിലുള്ള വിക്കിപീഡിയകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം വിക്കിപീഡിയയുടെ മറ്റു് ചില പ്രത്യേകതകൾ താഴെ പറയുന്നവയാണു്.
2)ഏറ്റവും അധികം തിരുത്തലുകൾ നടന്ന ഇന്ത്യൻ ഭാഷാ വിക്കിപീഡിയ (പതിനാലു് ലക്ഷത്തിലധികം)
3)ഒരു ലേഖനത്തിനു് ഏറ്റവുമധികം പതിപ്പുകളുള്ള ഇന്ത്യൻ ഭാഷാ വിക്കിപീഡിയ ( അധികം)
4)നൂറ്‌ ബൈറ്റ്സിനു് മേൽ വലിപ്പമുള്ള ഏറ്റവും കൂടുതൽ ലേഖനങ്ങളുള്ള ഇന്ത്യൻ ഭാഷാ വിക്കിപീഡിയ
5)ഏറ്റവും അധികം സജീവ ഉപയോക്താക്കൾ ഉള്ള ഇന്ത്യൻ ഭാഷാ വിക്കിപീഡിയ
6)ഏറ്റവും അധികം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷാ വിക്കിപീഡിയ
അങ്ങനെ നിരവധി ഗുണനിലവാര മാനകങ്ങളിൽ മലയാളം വിക്കിപീഡിയ മറ്റു് ഇന്ത്യൻ ഭാഷാവിക്കിപീഡിയകളേക്കാൾ വളരെ മുൻപിലാണു്. ലേഖനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലാണു് മറ്റു് ചില ഇന്ത്യൻ ഭാഷാവിക്കിപീഡിയകളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ പിന്നിൽ. അതു് പക്ഷെ ധാരാളം പുതിയ ഉപയോക്താക്കൾ മലയാളം വിക്കിപീഡിയയിൽ എത്തി, നിരവധി പുതിയ വിഷയങ്ങളിൽ ലേഖനങ്ങൾ തുടങ്ങുമ്പോൾ തീരുന്ന പ്രശ്നമേ ഉള്ളൂ.


മലയാളം ടൈപ്പിംഗ് അറിയില്ല. ഞാനെന്തു് ചെയ്യും?
മലയാളം ടൈപ്പ് ചെയ്യാൻ ധാരാളം മാർഗ്ഗങ്ങളുണ്ടു്. ബാഹ്യ ഉപകരണങ്ങളുടെ സഹായമില്ലാതെ മലയാളം എഴുതുവാനുള്ള ഒരു സംവിധാനം മലയാളം വിക്കിപീഡിയയിൽ ഒരുക്കിയിട്ടുണ്ടു്. ഇതു് കൂടാതെ, മലയാളം ടൈപ്പ് ചെയ്യാൻ മറ്റു് ബാഹ്യ ഉപകരണങ്ങളുടെ സഹായം താങ്കൾക്കു് തേടാവുന്നതാണു്. കൂടുതൽ വിവരങ്ങൾക്കു് മലയാളം വിക്കിപീഡിയയിലെ http://ml.wikipedia.org/wiki/സഹായം:എഡിറ്റിങ്‌_വഴികാട്ടി (Help:EH) എന്ന താൾ കാണുക.


ഇംഗ്ലീഷ് അറിയുന്നവരെന്തിനു് മലയാളം വിക്കിപീഡിയയിൽ തിരുത്തണം?
താങ്കൾക്കു് ഇംഗ്ലീഷിലുള്ള പ്രാവീണ്യം പലയിടങ്ങളിൽ നിന്നു് കൂടുതൽ വിവരങ്ങൾ സമ്പാദിക്കാനും അവ മാതൃഭാഷയിൽ പുനഃപ്രസിദ്ധീകരിക്കാനും വിക്കിപീഡിയ അവസരം നൽകുന്നു. മലയാളം മാത്രമറിയുന്ന ഒരു വ്യക്തിക്കോ, മലയാള ഭാഷയിൽ വൈജ്ഞാനിക വിഷയങ്ങൾ വായിക്കാൻ താല്പര്യമുള്ള മറ്റുള്ളവർക്കും വിജ്ഞാനം പകരുവാൻ കഴിയുന്നതു് താങ്കൾക്കും സന്തോഷകരമല്ലേ! അത്തരം പ്രവർത്തനത്തിൽ പങ്കാളിയാകുമ്പോൾ താങ്കളുടെ സ്വന്തം അറിവും വർദ്ധിക്കുന്നതാണു്. കാരണം അറിവു് പകർന്നു് കൊടുക്കുമ്പോൾ വർദ്ധിക്കുമല്ലോ. അതൊനൊപ്പം താങ്കൾ താങ്കലുടെ മാതൃഭാഷയ്ക്കായി വലിയ സേവനവും ചെയ്യുന്നു.
ഒരു സർവ്വവിജ്ഞാനകോശത്തിന്റെ സ്ഥാനമാണു് മലയാളം വിക്കിപീഡിയയ്ക്കു്. വിജ്ഞാനം സ്വന്തം ഭാഷയിൽ തന്നെ വേണം എന്നതു് ഭാഷയുടെ വളർച്ചയുടെ ആവശ്യമാണു്. ഇതിനൊക്കെ അപ്പുറം കേരളീയർ/മലയാളികൾ എന്ന നിലയിലുള്ള നമ്മുടെ സംസ്കാരത്തിന്റേയും തനിമയുടേയും ഒക്കെ സൂക്ഷിപ്പു് കൂടിയാണു് മലയാളം വിക്കിസംരംഭങ്ങൾ ലക്ഷ്യം വെക്കുന്നതു്.
മലയാളം വിക്കിസംരംഭങ്ങളുടെ പ്രസക്തി എന്തു്?
വിവരങ്ങൾ സ്വതന്ത്രമാക്കുക, അതു് എല്ലാവരുമായി പങ്കുവെക്കുക, എന്നതൊക്കെതാണു് വിക്കിപീഡിയ ഉൾപ്പെടുന്ന വിക്കിമീഡിയാ ഫൗണ്ടേഷൻ വിക്കി സംരംഭങ്ങളുടെ പ്രവർത്തനലക്ഷ്യമെങ്കിൽ, അതോടൊപ്പം, ശുഷ്കമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഭാഷയുടെ ജീവൻ നിലനിർത്തുകയും, ഓൺലൈനിൽ മലയാളത്തിന്റെ സാന്നിദ്ധ്യം സജീവമാക്കി നിർത്തുക എന്നതു് കൂടിയാണു് മലയാളം വിക്കി സംരംഭങ്ങളുടെ ലക്ഷ്യം.
നമ്മുടെ സ്കൂളുകളിലെ പഠനസമ്പ്രദായം വിദ്യാർത്ഥികേന്ദ്രീകൃതമാകുന്ന ഇക്കാലത്തു് പാഠപുസ്തകത്തിനപ്പുറമുള്ള വിവരശേഖരണം പ്രധാനമാണല്ലോ. സ്കൂളുകളിൽ വീടുകളിലും ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചുവരുന്നതിനാൽ കുട്ടികൾക്കു് മലയാളം വിക്കിപീഡിയ അടക്കമുള്ള വിവിധ വിക്കിസംരംഭങ്ങൾ പ്രയോജനപ്പെടുത്താനുള്ള അവസരമുണ്ടു്. ചരിത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ മലയാളം വിക്കിപീഡിയയിലുള്ള ലേഖനങ്ങൾ വിജ്ഞാനപ്രദമാണു്. പകർപ്പവകാശമുക്തമായ ധാരാളം കൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണു്. ഏതൊരു വൈജ്ഞാനിക വിഷയത്തെ കുറിച്ചും സ്വന്തമായി വിക്കിപുസ്തകങ്ങൾ രചിക്കാൻ വിക്കിപാഠശാല അവസരം നൽകുന്നു. ബഹുഭാഷ നിഘണ്ടുവായ വിക്കിനിഘണ്ടുവിലൂടെ വിവിധഭാഷകളിലുള്ള വാക്കുകളുടെ മലയാളത്തിലുള്ള അർത്ഥം അറിയാം. ഈ മലയാളം വിക്കിസംരംഭങ്ങളിൽ കൂടെ അറിവു് നേടുക എന്നതിനൊപ്പം തന്നെ നിങ്ങൾക്കുള്ള അറിവു് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള അവസരം കൂടി ലഭ്യമാണു്. അതോടൊപ്പം നമ്മുടെ ഭാഷയുടെ നിലനിൽപ്പിനും കെട്ടുപണിക്കുമായി താങ്കളും താങ്കളെ കൊണ്ടാകുന്ന സംഭാവന ചെയ്യുന്നു.


എന്തുകൊണ്ട്‌ വിക്കിപീഡിയയുടെ പ്രധാനതാൾ തിരുത്താനാവുന്നില്ല?
വിക്കിപീഡിയയുടെ താളുകളിൽ അനാവശ്യ ലിങ്കുകൾ പതിപ്പിക്കുന്ന ധാരാളം പേരുണ്ട്‌. ഇത്തരം ആക്രമണങ്ങളെ നിയന്ത്രിക്കുന്നതിനാണ്‌ പ്രധാന താളിലെ തിരുത്തലുകൾ നിയന്ത്രിച്ചിരിക്കുന്നത്‌.
സിസോപ്‌ പദവിയുള്ള ഉപയോക്താക്കൾക്കു മാത്രമേ പ്രധാനതാൾ തിരുത്താനാവൂ. വിക്കിപീഡിയയിൽ സ്ഥിരമായി പ്രവർത്തിക്കുന്ന ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ ആർക്കും സിസോപ്പ് ആകാം.
മലയാളം വിക്കിപീഡിയയുടെ നിയന്ത്രണാധികാരം ആർക്കാണു്?
പൂർണ്ണമായും ജനാധിപത്യപരമായ നിലപാടുകളിലൂടെയാണു് വിക്കിപീഡിയ എന്ന പ്രസ്ഥാനം വികസിച്ചുവരുന്നതു്. നയപരമായി പ്രാധാന്യമുള്ള എല്ലാ കാര്യങ്ങളും വിക്കിപീഡിയയുടെ സജീവപ്രവർത്തകർ പതിവായി ചർച്ച ചെയ്യുന്നു. ചർച്ചയ്ക്കുശേഷം ആവശ്യമാണെങ്കിൽ വോട്ടു രേഖപ്പെടുത്തിയോ അല്ലെങ്കിൽ സമവായത്തിലൂടെയോ രേഖപ്പെടുത്തുന്ന നയങ്ങൾ തുടർന്നുള്ള പ്രവർത്തനങ്ങൾക്കു് അവലംബമായിത്തീരുന്നു. മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് അത്തരം നയങ്ങൾ പിന്നീടും പുനഃപരിശോധനയ്ക്കു വിധേയമാകാവുന്നതും ഭൂരിപക്ഷാഭിപ്രായം അടിസ്ഥാനമാക്കി തിരുത്തപ്പെടാവുന്നതുമാണു്.
ആത്യന്തികമായി വിക്കിപീഡിയയുടെ എല്ലാ ഭാഷകളിലുമുള്ള എല്ലാ സഹോദരസംരംഭങ്ങളും വിക്കിമീഡിയ ഫൗണ്ടേഷൻ എന്ന ഒരൊറ്റ സംഘടനയുടെ കുടക്കീഴിലാണു് നിലനിൽക്കുന്നതു്. അമേരിക്കയിലെ സാൻഫ്രാൻസിസ്കോ നഗരത്തിൽ പേരു ചേർത്തിട്ടുള്ള ഒരു സന്നദ്ധ സംഘടനയാണു് വിക്കിമീഡിയ ഫൗണ്ടേഷൻ. തുടക്കം മുതലേ വിക്കിസംരംഭങ്ങളിൽ പങ്കുചേർന്നു പ്രവർത്തിച്ചിരുന്ന ഒരു പറ്റം സന്നദ്ധാംഗങ്ങൾ, പ്രതിവർഷം വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതി, വിവിധമേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ഒരു കൂട്ടം വിദഗ്ദ്ധോപദേശകർ, സാങ്കേതികമായും ഭരണപരമായും ചെയ്യേണ്ട നിത്യകൃത്യങ്ങളുടെ ചുമതലയുള്ള, ശമ്പളം വാങ്ങി ജോലിചെയ്യുന്ന ചുരുക്കം ചില ഉദ്യോഗസ്ഥർ എന്നിവർക്കാണു് വിക്കിമീഡിയ ഫൗണ്ടേഷന്റെ ആസ്ഥാനനിയന്ത്രണം.
ഉപസംരംഭങ്ങളുടെ പരമാധികാരം വിക്കിമീഡിയ ഫൗണ്ടേഷനാണെങ്കിലും അതാതു വിക്കിപീഡിയകളിൽ തനതു പ്രവർത്തകർക്കു് നയപരമായി മികച്ച സ്വാതന്ത്ര്യമുണ്ടു്. ദൈനംദിനമുള്ള ഭരണനിർവ്വഹണം, ലേഖനങ്ങളുടെ സ്വഭാവം, തിരുത്തൽ, ഉപയോക്താക്കളുടെ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിലൊക്കെ ഇടപെടുന്നതും തീരുമാനമെടുക്കുന്നതും ഇത്തരം പ്രവർത്തകരുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ചാണു്. സാങ്കേതികമായി പ്രത്യേകാധികാരങ്ങൾ ആവശ്യമുള്ള ചുമതലകൾ നിർവ്വഹിക്കാൻ ഇവരിൽനിന്നുതന്നെ, ഉപാധികൾക്കുവിധേയമായി, തെരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക ആളുകൾ 'സിസോപ്പ്', ബ്യൂറോക്രാറ്റ് തുടങ്ങിയ പേരിലറിയപ്പെടുന്നു. ഈ തസ്തികകളെ അധികാരപദവികളായല്ല, പ്രത്യുത, ഉത്തരവാദിത്തങ്ങളായാണു് വിക്കിപീഡിയന്മാർ പൊതുവേ പരിഗണിക്കുന്നതു്.
വിക്കിമീഡിയയുടെ നയങ്ങൾ അനുവർത്തിച്ചുകൊണ്ടു് വിക്കിപീഡിയയിൽ പതിവായും കാര്യക്ഷമമായും പ്രവർത്തിച്ചുപോരുന്ന ഏതൊരാൾക്കും ബ്യൂറോക്രാറ്റ്, സിസോപ്പ് തുടങ്ങിയ ചുമതലകൾ നേടിയെടുക്കാനാവും. അത്യന്തം സ്ഥിരോത്സാഹവും അർപ്പണമനോഭാവവുമുള്ള ഒരാൾ ക്രമേണ വിക്കിമീഡിയ ഫൗണ്ടേഷന്റെ ഉന്നതാധികാരസമിതിയിൽപ്പോലും എത്തിച്ചേരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.


വിക്കിപീഡിയയിൽ എന്തൊക്കെ എഴുതാം‌, എന്തൊക്കെ എഴുതരുതു്?
വൈജ്ഞാനിക സ്വഭാവമുള്ള ഏതു് വിഷയത്തെക്കുറിച്ചും വിക്കിപീഡിയയിൽ ലേഖനം എഴുതാമെങ്കിലും ഇക്കാര്യത്തിൽ വിക്കിപീഡിയയിൽ കുറച്ചു് നയങ്ങൾ ഉണ്ടു്. ആ നയങ്ങൾ പാലിച്ചു് കൊണ്ടു് ഏതു് വിഷയത്തെ കുറിച്ചും താങ്കൾക്കു് വിക്കിപീഡിയയിൽ ലേഖനം എഴുതാം.


ഞാനെഴുതിത്തുടങ്ങിയ ഒരു ലേഖനം മറ്റുപലരും തിരുത്തുന്നതെന്തേ ?
വിക്കിപീഡിയയിലെ ലേഖനങ്ങൾ ആരുടേയും സ്വന്തമല്ല. താങ്കൾ എഴുതിയ ഒരു ലേഖനം മറ്റൊരാൾ തിരുത്തരുതു് എന്നു് നമുക്കൊരിക്കലും നിർബന്ധം പിടിക്കാനും പാടില്ല. ഇതു് വിക്കിപീഡിയ - ഒരു സ്വതന്ത്ര വിജ്ഞാനകോശം എന്ന നിർവ്വചനത്തിനു് തന്നെ ചേരുന്നതല്ല. ലേഖനം സ്വതന്ത്രമാണു്. ആർക്കും അതു് തിരുത്താനവകാശമുണ്ടു്. പക്ഷേ, ആധികാരികമല്ലാത്ത അല്ലെങ്കിൽ തെറ്റായ വിവരങ്ങൾ ലേഖനങ്ങളിൽ ചേർക്കുന്നതു് ശരിയല്ല.


വിക്കിപീഡിയയിലെ വസ്തുതാ പരമായ തെറ്റുകളെ കുറിച്ചു് എന്തു് പറയുന്നു?
വിക്കിപീഡിയ പരമ്പരാഗത വിജ്ഞാനസ്രോതസ്സുകൾക്കു് പോലെയല്ല. താങ്കൾക്കു് പരിചയമുള്ള എല്ലാ മാദ്ധ്യമങ്ങളിൽ നിന്നും വ്യത്യസ്തമാണു് വിക്കിപീഡിയയുടെ കാര്യം. പത്രമാദ്ധ്യമങ്ങളൊ, പുസ്തകങ്ങളൊ, ബ്ലോഗോ, ടി.വി. ചാനലുകളോ എന്തുമാകട്ടെ പ്രസ്തുത മാദ്ധ്യമങ്ങളിൽ വരുന്ന വസ്തുതാ പരമായ തെറ്റുകൾ തിരുത്താനും പറ്റിയ വേദികളിൽ ഉന്നയിക്കാനും അവ തിരുത്താനുമുള്ള അവകാശവും അധികാരവും മിക്കപ്പോഴും താങ്കൾക്കില്ല. എന്നാൽ ആർക്കും തിരുത്താവുന്ന സ്വതന്ത്രവിജ്ഞാനകോശമായ വിക്കിപീഡിയയുടെ കാര്യം അങ്ങിനെയല്ല. വിക്കിപീഡിയ സ്വതന്ത്രവും ആർക്കും തിരുത്താവുന്നതുമാണു്. വസ്തുതാപരമായ തെറ്റു് കണ്ടാൽ അതു് വിക്കിപീഡിയയിൽ വന്നു് നേരിട്ടു് തിരുത്താനുള്ള അധികാരവും അവകാശവും വിക്കിപീഡിയ താങ്കൾക്കു് തരുന്നു.
അതിനാൽ താങ്കൾക്കു് കൂടെ ഉത്തരവാദിത്വവും അധികാരവും അവകാശവുമുള്ള വിക്കിപീഡിയയിൽ നേരിട്ടു് തിരുത്താൻ അവസരമുള്ളപ്പോൾ അതിലെ തെറ്റുകളെപ്പറ്റി ലേഖനം എഴുതാൻ നിൽക്കുന്നതു് അപഹാസ്യമല്ലേ. മാത്രമല്ല ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടവും അല്ലേ.
താങ്കൾ വിക്കിപീഡിയയിലെ ലേഖനത്തിലെ തെറ്റുകളെ കുറിച്ചു് ഒരു ലേഖനം എഴുതുന്നതിലും എഴുതുന്നതിലും എത്രയോ എളുപ്പമാണു് ലേഖനം തന്നെ തിരുത്തി തെറ്റുകൾ നീക്കം ചെയ്യുന്നതു്. വിക്കിപീഡിയയിലെ ഒരു ലേഖനവും ആദ്യം തന്നെ സമഗ്രവും സമ്പൂർണ്ണം ശരിയുമായിട്ടു് പിറക്കുന്നതല്ല. നമ്മളോരോരുത്തരും എഴുതിയും തമ്മിൽ തിരുത്തിയും ഉരുത്തിരിഞ്ഞു വരുന്നതാണു്. അതുകൊണ്ടു് ലേഖനത്തിലെ തെറ്റുകളെ മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുന്നതിലും നല്ലതു് വിക്കിപീഡിയയിൽ തന്നെ തിരുത്തി ശരിയാക്കുന്നതാണു്.


എന്തുകൊണ്ട്‌ അംഗത്വമെടുക്കണം ?
വിക്കിപീഡിയയിൽ ആർക്കും തിരുത്തൽ നടത്താമെങ്കിലും അംഗത്വമെടുത്ത ശേഷം തിരുത്തൽ നടത്തുന്നതാണ്‌ കൂടുതൽ നല്ലത്‌. ഇതുകൊണ്ടുള്ള ഗുണങ്ങൾ താഴെപ്പറയുന്നു:
നിങ്ങളുടെ സംഭാവനകൾ നിങ്ങളുടെ പേരിൽ അല്ലെങ്കിൽ യൂസർ നെയിമിൽ സംരക്ഷിക്കപ്പെടും.പിന്നീട് നിങ്ങൾക്ക് വിക്കിയിൽ കൂടുതൽ പ്രവർത്തനാധികാരങ്ങളും മറ്റും ലഭിക്കാനുള്ള സാധ്യത നിങ്ങൾ (ഒരേ യൂസർ നെയിമിൽ) മൊത്തം എഡിറ്റു ചെയ്ത പേജുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും.
ഉപയോക്തൃനാമം ഉപയോഗിച്ചാൽ മറ്റുള്ളവർക്ക്‌ നിങ്ങളുടെ ഐ. പി അഡ്രസ്‌ കാണാനാവില്ല. ഓർക്കുക വെബ്‌ ഹാക്കർമാർ നിങ്ങളുടെ ഐ.പി വിലാസം കാണുന്നത്‌ അപകടം ക്ഷണിച്ചുവരുത്തും.
വിക്കിപീഡിയയിൽ വോട്ടു ചെയ്യാനും കാര്യനിർവാഹകർ ആകാനും അംഗത്വം നിർബന്ധമാണ്‌.
വിക്കിപീഡിയയിൽ ചിത്രങ്ങൾ ഉൾപ്പെടുത്താൻ അംഗത്വം അത്യാവശ്യമാണ്‌.


എങ്ങനെ അംഗമാകാം?
ഉള്ളടക്കത്തിന്റെ കാര്യത്തിലെന്ന പോലെ വിക്കിപീഡിയയിൽ അംഗത്വവും തികച്ചും സൗജന്യമാണ്‌. അംഗമാകാൻ http://ml.wikipedia.org/wiki/പ്രത്യേകം:പ്രവേശനം (Special:Login) എന്ന താൾ സന്ദർശിക്കുക


ഉപയോക്തൃനാമം തെരഞ്ഞെടുക്കുന്നതെങ്ങനെ?
ഏതു പേരിൽ രജിസ്റ്റർ ചെയ്യണമെന്നത്‌ നിങ്ങളുടെ സ്വാതന്ത്ര്യമാണ്‌. യഥാർത്ഥപേരോ ഇന്റർനെറ്റ്‌ തൂലികാ നാമമോ ആകാം. ഇംഗ്ലീഷിലോ , യൂണികോഡ്‌ സപ്പോർട്ടുള്ള മറ്റേതു ലിപിയിലോ യൂസർ നെയിം തിരഞ്ഞെടുക്കാം. വേണമെങ്കിൽ മലയാളത്തിൽത്തന്നെ പേരു തിരഞ്ഞെടുക്കാമെന്നു സാരം. ഇതൊക്കെയാണെങ്കിലും താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ പ്രമുഖ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേര്‌ ഉപയോഗിക്കാതിരിക്കുക. ഉദാ: ഉമ്മൻ ചാണ്ടി, വൈറ്റ്‌ ഹൌസ്‌..
ചില സ്പെഷ്യൽ കാരക്റ്ററുകൾ ഉപയോഗിക്കുന്നതിലും നിയന്ത്രണമുണ്ട്‌. ഉദാ. ! @ # $ % ^ & * ( ) { [ ] " ' " ; , . ? + -
പേരിന്റെ തുടക്കത്തിൽ അക്കങ്ങൾ ഉപയോഗിക്കുന്നതും അനുവദനീയമല്ല. ഉദാ: 123സാറ്റ്‌
ഉപയോക്തൃനാമം തെരഞ്ഞെടുക്കുമ്പോൾ ഇംഗ്ലീഷ് കൂടാതെ മറ്റു ഭാഷകളും ഉപയോഗിക്കാം. എന്നിരുന്നാലും ദീർഘകാലാടിസ്ഥാനത്തിൽ നല്ലത് ഒരു ഇംഗ്ലീഷ് പേരു തന്നെ തെരഞ്ഞെടുക്കുന്നതാണ്. വിക്കിയിൽ സ്ഥിരമായി പ്രവർത്തിക്കുന്ന ഒരാൾക്ക്‌ പലപ്പോഴും മറ്റു ഭാഷകളിലും സഹോദരവിക്കികളിലും കൂടി ചെന്നിടപെടേണ്ടിവരും. അങ്ങനെയുള്ള ഓരോ വിക്കികളിലും തത്കാലം ഓരോരോ പ്രത്യേക ലോഗിൻ വേണ്ടി വരും. ഇവയെല്ലാം ഒരേ ഉപയോക്തൃനാമം ആയിരിക്കുന്നത് ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
പുതിയതായി രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ പാസ്‌വേഡ് അടയാളപ്പെടുത്തുന്ന സ്ഥലത്ത് ഇംഗ്ലീഷിൽ തന്നെയാണോ ടൈപ്പു ചെയ്യുന്നത് എന്നുറപ്പാക്കുക. മൊഴിയോ അതുപോലുള്ള കീമാൻ പ്രോഗ്രാമുകളോ ഉപയോഗിക്കുമ്പോൾ നാം ഓർക്കാതെ മലയാളത്തിലുള്ള അക്ഷരങ്ങൾ ഇവിടെ ചേർക്കാൻ സാദ്ധ്യതയുണ്ട്. അക്ഷരങ്ങൾക്കു പകരം പാസ്സ്‌വേഡ് ഫീൽഡിൽ ചെറിയ നക്ഷത്ര ചിഹ്നങ്ങളോ കറുത്ത പുള്ളികളോ മാത്രം പ്രത്യക്ഷപ്പെടുന്നതുകൊണ്ട്, സ്ക്രീനിൽ നിന്നും ഇതു കണ്ടറിയാൻ സാധിക്കുകയുമില്ല.പിന്നീട് ലോഗ്-ഇൻ ചെയ്യാൻ ശ്രമിക്കുമ്പോളാണ് ഈ പ്രശ്നത്തെക്കുറിച്ചു നാം ബോധവാന്മാരാവുക.


വിക്കിപീഡിയിലെ സംവാദതാളുകൾ എന്തിനാണു് ?
സംവാദം താൾ ലേഖനങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കുള്ള വേദിയാണ്, ലേഖനങ്ങളിൽ ഉപയോഗിക്കേണ്ട എല്ലാ കാര്യങ്ങളും സംവാദം താളിലും കാത്തുസൂക്ഷിക്കുക. ചർച്ചയിൽ, പരിശോധനായോഗ്യത, സന്തുലിതമായ കാഴ്ചപ്പാട്, കണ്ടെത്തലുകൾ പാടില്ല എന്നീ മൂന്നു നയങ്ങളും പൂർണ്ണമായും പാലിക്കുക. തീർച്ചയായും സംവാദം താളിൽ വിശകലനം, നിർദ്ദേശങ്ങൾ, പുനരന്വേഷണങ്ങൾ മുതലായവയെല്ലാം ഉപയോഗിക്കാം. പക്ഷെ അത് എന്തെങ്കിലും ലക്ഷ്യത്തോടെയാവരുത്.
ശുഭപ്രതീക്ഷയോടെ മറ്റൊരാളോട് ഇടപഴകുക, അദ്ദേഹം താങ്കളെപ്പോലെ തന്നെ, വികാരവും, ചിന്താശക്തിയും, വിക്കിപീഡിയ മെച്ചപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതുമായ ആളാണ്. ആരെങ്കിലും താങ്കളോട് എതിർക്കുകയാണെങ്കിൽ അത് താങ്കളുടെ കുറ്റമാകാനാണ് സാധ്യത എന്നു കരുതുക.
സംവാദം താളിൽ, ജീവിച്ചിരിക്കുന്ന ഏതെങ്കിലും വ്യക്തിയെക്കുറിച്ച് നല്ലതല്ലാത്ത എന്തെങ്കിലും കാര്യങ്ങൾ ശക്തമല്ലാത്ത തെളിവുകളുടെ പിൻബലത്തോടെ എഴുതുകയാണെങ്കിൽ അത് നിർബന്ധമായും മായ്ച്ചുകളയുക.


എങ്ങനെ ലേഖനങ്ങളുടെ സംവാദം താൾ ഉപയോഗിക്കാം ?
ആശയവിനിമയത്തിന്: താങ്കൾക്കൊരു സംശയമുണ്ടായാൽ, അത് മറ്റുള്ളവരെ മനസ്സിലാക്കാനും അവർ പറയുന്നത് മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുക. സൗഹൃദത്തോടെ പെരുമാറുക എന്നതാണ് ഏറ്റവും നല്ലകാര്യം. അത് താങ്കളുടെ കാഴ്ചപ്പാടിന് മറ്റുള്ളവർക്ക് വ്യക്തമാക്കിക്കൊടുക്കുന്നു. സമവായത്തിലെത്താൻ താങ്കളുടെ അഭിപ്രായം സഹായിച്ചേക്കാം.
വിഷയത്തിൽ ഉറച്ചുനിൽക്കുക: സംവാദം താളിൽ കൊച്ചുവർത്തമാനം ഒഴിവാക്കുക. ലേഖനങ്ങളെ എങ്ങനെ മെച്ചപ്പെടുത്താം എന്നവിടെ ചിന്തിക്കുക. വിഷയേതര പരാമർശങ്ങൾ നീക്കം ചെയ്യാൻ സർവദാ യോഗ്യമാണ്.
ശുഭോദർശികളാകുക:ലേഖനങ്ങളുടെ സംവാദം താൾ ലേഖനങ്ങളെ എങ്ങനെ മെച്ചപ്പെടുത്താം എന്നു കണ്ടെത്താൻ മാത്രമുള്ളതാണ്, നിരൂപണങ്ങളോ, പക്ഷം ചേരലോ, ലേഖനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളോ അവിടെ കൊടുക്കാതിരിക്കുക.
നിഷ്പക്ഷനായി നിലകൊള്ളുക: സംവാദം താൾ വിവിധ കാഴ്ചപ്പാടുള്ളവർ തമ്മിൽ പോരാടാനുള്ള വേദിയല്ല. വിവിധ ദ്വിതീയ പ്രമാണങ്ങളെ അവലംബിച്ച് എങ്ങനെ ഒരു വിക്കിപീഡിയ ലേഖനം എഴുതാം എന്നു കണ്ടെത്താനുള്ള വേദിയാണ്. അതിനാൽ തന്നെ സംവാദത്തിന്റെ അവസാന ഫലം സന്തുലിതമാവണം.
വസ്തുതകൾ വെളിപ്പെടുത്തുക: പരിശോധനക്കു വിധേയമാകേണ്ട കാര്യങ്ങളെ കണ്ടെത്താൻ സംവാദം താൾ ഉത്തമമായ സ്ഥലമാണ്. സംശയമുള്ള കാര്യങ്ങളുടെ സ്രോതസ്സ് വെളിപ്പെടുത്താൻ ഇവിടെ ആവശ്യപ്പെടുക.
വിവരങ്ങൾ പങ്കുവെയ്ക്കുക: നല്ല സ്രോതസ്സുകൾ ലഭിക്കാത്ത കാര്യങ്ങൾ സംവാദം താളിൽ കുറിച്ചിടുക. മറ്റാർക്കെങ്കിലും അതുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ അറിയാമെങ്കിൽ അവർ പിന്നീട് ചേർത്തുകൊള്ളും. ലേഖനത്തിലുള്ള സ്രോതസ്സുകൾ ലഭ്യമല്ലാത്ത കാര്യങ്ങളും അങ്ങോട്ടു മാറ്റുക.
തിരുത്തലുകളെ കുറിച്ച് ചർച്ചചെയ്യുക: താങ്കളുടെ തിരുത്തലുകൾ ആരെങ്കിലും റിവേർട്ട് ചെയ്തെങ്കിൽ അതെന്തുകൊണ്ട് എന്ന് സംവാദം താളിൽ ചോദിക്കുക. തിരുത്തലുകളെ കുറിച്ചുള്ള ഏതുതരം സംശയവും അവിടെ ചോദിക്കുക.
പരിഗണനക്കുവെക്കുക: താങ്കളുടെ കൈയിലുള്ള നിർദ്ദേശങ്ങൾ സംവാദം താളിൽ പരിഗണനക്കുവെക്കുക. തലക്കെട്ട് മാറ്റം, ലേഖനങ്ങൾ തമ്മിൽ കൂട്ടിച്ചേർക്കൽ, വലിയലേഖനത്തെ കഷണങ്ങൾ ആക്കൽ എന്നിങ്ങനെ എന്തും.
വിക്കിപീഡിയരുടെ നല്ല പെരുമാറ്റ രീതികൾ എന്തൊക്കെ ?
എഴുത്തുകളിൽ ഒപ്പു പതിപ്പിക്കുക: മൊഴികളിൽ ഒപ്പു പതിപ്പിക്കാൻ നാലു റ്റിൽദ് ചിഹ്നങ്ങൾ പതിപ്പിച്ചാൽ മതിയാവും(Akhilan 09:09, 6 ഓഗസ്റ്റ് 2013 (UTC)), അവ സ്വയം താങ്കൾ ഉപയോഗിക്കുന്ന പേര്, അപ്പോഴത്തെ സമയം എന്നിവയായി മാറിക്കൊള്ളും, സംവാദം താളിൽ അജ്ഞാതനായിരിക്കാൻ ആർക്കും കഴിയില്ലെന്ന് ഓർമ്മിക്കുക. അവിടെ താങ്കളുടെ ഐ.പി. വിലാസം ശേഖരിക്കുന്നുണ്ട്.
ആക്രോശങ്ങൾ ഒഴിവാക്കുക: സ്വന്തം ആശയങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതുപോലെ സംവദിക്കാതിരിക്കുക.
സംക്ഷിപ്തരൂപം ഉപയോഗിക്കുക: താങ്കൾ എഴുതാൻ ഉദ്ദേശിക്കുന്ന കാര്യം നൂറുവാക്കിലും കവിയുകയാണെങ്കിൽ അത് ചുരുക്കാൻ ശ്രമിക്കുക. വലിയ സന്ദേശങ്ങൾ മനസ്സിലാകാൻ ബുദ്ധിമുട്ടാണ്. അവ പലപ്പോഴും ആളുകൾ വായിക്കാതെ വിടുകയാണ് പതിവ്. ചിലപ്പോൾ ഏതാനും വരികൾ വായിച്ച് തെറ്റിദ്ധരിക്കാനും മതി.
രൂപം കാത്തു സൂക്ഷിക്കുക: സംവാദം താൾ ആകർഷകരൂപം ഉള്ളതാകട്ടെ. ആവർത്തനവും വിഷയേതര പരാമർശവും ഒഴിവാക്കുക. സംവാദം താളിൽ എത്രത്തോളം വ്യത്യസ്തമായ ആശയങ്ങൾ വരുന്നോ അത്രയും ലേഖനം ആകർഷകമാണെന്നർത്ഥം.
സഞ്ചയികകൾ വായിക്കുക: വലിയ സംവാദം താൾ ചിലപ്പോൾ പലതായി ഭാഗിച്ചിരിക്കാം അപ്പോൾ സംവാദം താളിൽ അത്തരം സഞ്ചയികകളിലേക്കുള്ള ലിങ്കുണ്ടായിരിക്കും അവ വായിച്ചു നോക്കുക. താങ്കളുടെ ആശയം/സംശയം നേരത്തേ പരാമർശിച്ചിട്ടുണ്ടാവാം.
മലയാളം ഉപയോഗിക്കുക: നമ്മുടേത് മലയാളം വിക്കിപീഡിയയാണ് അതിൽ മലയാളം ഉപയോഗിക്കുക.


വിക്കിപീഡിയയിൽ ഒഴിവാക്കേണ്ടുന്ന പെരുമാറ്റങ്ങൾ ഏന്തൊക്കെ ?
വിക്കിപീഡിയയുടെ ഔദ്യോഗിക നയങ്ങൾ പാലിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കുക. ഇവ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്.
വ്യക്തിപരമായി ആക്രമിക്കാതിരിക്കുക: വ്യക്തിപരമായി ആക്രമിക്കുക എന്നു പറഞ്ഞാൽ ഒരാളെ ഏതെങ്കിലും തരത്തിൽ താഴ്ത്തിക്കാണാൻ ശ്രമിക്കലാണ്
ഇകഴ്ത്താതിരിക്കുക: ഒരാളെ ഇകഴ്ത്തിക്കാണുന്ന തരം വാക്കുകൾ വിളിക്കാതിരിക്കുക, ഉദാഹരണത്തിന് വിഡ്ഢീ, എന്നോ മറ്റോ ഉള്ള വിളി. പകരം എന്തുകൊണ്ട് അയാൾ തെറ്റാണെന്നു തോന്നുന്നു എന്നും അതെങ്ങിനെ തിരുത്താം എന്നും പറഞ്ഞുകൊടുക്കുക.
ഭയപ്പെടുത്താതിരിക്കുക: ഉദാഹരണത്തിന് ഞാൻ ‘അഡ്മിനാണ് അറിയാമോ?’ എന്ന രീതിയിൽ പെരുമാറാതിരിക്കുക.
നിയമം വലിച്ചിഴക്കാതിരിക്കുക: ഞാൻ കോടതിയെ സമീപിക്കും എന്ന മട്ടിലുള്ള കാര്യങ്ങൾ വിക്കിപീഡിയയെ വിഷമസന്ധിയിൽ കുടുക്കുകയേ ചെയ്യുകയുള്ളു.
വ്യക്തിപരമായ കാര്യങ്ങൾ നൽകാതിരിക്കുക: ഒരുപയോക്താവിന് സമ്മതമല്ലെങ്കിൽ അയാളെക്കുറിച്ചുള്ള കാര്യങ്ങൾ എവിടേയും ഉപയോഗിക്കാതിരിക്കുക.
മറ്റുള്ളവരെ തെറ്റായി പ്രതിനിധാനം ചെയ്യരുത്: വിക്കിപീഡിയ എല്ലാക്കാര്യങ്ങളും ശേഖരിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് വിക്കിപീഡിയയ്ക്ക് നന്നായറിയാം. അതുകൊണ്ടു തന്നെ ഇവ ചെയ്യരുത്.
മറ്റൊരാളുടെ മൊഴി തിരുത്തരുത്: ഒരാളുടെ അനുവാദമില്ലാതെ മറ്റൊരാളുടെ മൊഴി തിരുത്തരുത്(ഈ നയം മോശപ്പെട്ട പദപ്രയോഗങ്ങളുടേയും ഭാഷയുടേയും കാര്യത്തിൽ പിന്തുടരേണ്ടതില്ല). സംവാദങ്ങൾ ലേഖനങ്ങൾ അല്ല. അവ അക്ഷരപിശകിനേയോ, വ്യാകരണപിഴവിനേയോ കാര്യമാക്കുന്നില്ല. ആശയവിനിമയം മാത്രമാണവയുടെ കാതൽ, അത്തരം കാര്യങ്ങൾക്കായി അവ തിരുത്തേണ്ടതില്ല.
ഒപ്പിടാത്ത മൊഴികൾ: ഒപ്പിടാത്ത മൊഴികളിൽ —ഈ അഭിപ്രായമെഴുതിയത് [[User:{{{1}}}|{{{1}}}]] ([[User talk:{{{1}}}|സം‌വാദം]] • [[Special:Contributions/{{{1}}}|സംഭാവനകൾ]]) എന്ന ഫലകം കൂട്ടിച്ചേർക്കാം. ആ മൊഴി ചേർത്തത് ആരെന്ന് ആ ഫലകം ഇങ്ങനെ കാട്ടിത്തരും —ഈ തിരുത്തൽ നടത്തിയത് മാതൃകാ ഉപയോക്താവ് (സം‌വാദം • സംഭാവനകൾ)
സ്വന്തം എഴുത്തുകളും മാറ്റരുത്: താങ്കൾ എഴുതിയ ഏതെങ്കിലും കാര്യം നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് വെട്ടിക്കളയാൻ ശ്രമിക്കുക. അതായത് ഇതുപോലെ ഇത്തരത്തിൽ അത് പ്രത്യക്ഷമാകും ഇതുപോലെ
നീക്കം ചെയ്തേ മതിയാവൂയെങ്കിൽ: ചിന്താരഹിതവും വിവേക രഹിതവുമായ ഈ മൊഴി സ്രഷ്ടാവ് തന്നെ നീക്കം ചെയ്തു എന്ന് അവിടെ കുറിക്കുക. ഒരു പക്ഷേ താങ്കളുടെ എഴുത്ത് വേദനിപ്പിച്ച സഹവിക്കിപീഡിയർക്ക് ആശ്വാസമാകുമത്.


വിക്കിപീഡിയയിലെ സാങ്കേതിക-ഘടനാ മാനകങ്ങൾ എന്തൊക്കെ?
രൂപഘടന: അടിയിലടിയിലായി ഉത്തരങ്ങൾ എഴുതുക: അപ്പോൾ അടുത്ത എഴുത്ത് അതിനടിയിൽ വരും അത് സമയക്രമത്തിൽ എഴുത്തുകൾ വായിക്കാൻ സഹായിക്കും. ഏറ്റവും പുതിയത് ഏറ്റവും താഴെയായിരിക്കും.
വ്യത്യസ്ത കാര്യങ്ങൾ ഇടയിട്ടെഴുതുക: ഒരു മൊഴിയിൽ തന്നെ വ്യത്യസ്ത കാര്യങ്ങൾ പരാമർശിക്കുന്നുണ്ടെങ്കിൽ അത് ഖണ്ഡികയായി തിരിച്ചെഴുതുവാൻ ശ്രദ്ധിക്കുക.
എഴുത്തുകൾക്കു മുന്നിൽ അല്പം ഇടയിട്ടെഴുതുക: ഓരോ പോസ്റ്റിലും ഇത്തരത്തിൽ ചെയ്യുന്നതുമൂലം എഴുതിയ ഓരോത്തരേയും വ്യക്തമായി തിരിച്ചറിയാൻ സാധിക്കും. അതിനായി, അർദ്ധ വിരാമങ്ങൾ ഉപയോഗിക്കാവുന്നതാണ്.
ഓരോരുത്തരും അവനവൻ ഇട്ട ഇട വീണ്ടുമുപയോഗിക്കുക:എഴുത്തു തുടങ്ങിയയാൾ താളിന്റെ ഏറ്റവും ഇടത്തു ഭാഗത്തുനിന്നാവും തുടങ്ങുക. അടുത്തയാൾ ഒരിടവിട്ടും(:), രണ്ടാമത്തെയാൾ രണ്ടിടവിട്ടും തുടങ്ങുക(::) ആദ്യത്തെയാൾ വീണ്ടുമെഴുതുകയാണെങ്കിൽ അയാൾ താളിന്റെ ഏറ്റവും ഇടതുഭാഗം ഉപയോഗിക്കുക.


തലക്കെട്ടുകളും വിഷയങ്ങളും തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ ?
പുതിയ തലക്കെട്ട് താളിന്റെ ഏറ്റവും താഴെയായി തുടങ്ങുക:താങ്കൾ താളിന്റെ ഏറ്റവും മുകളിലായി എഴുത്തു തുടങ്ങിയാൽ അത് ശ്രദ്ധയാകർഷിച്ചേക്കാം, എന്നാൽ അത് കുഴപ്പിച്ചുകളയും. പുതിയ വിഷയങ്ങൾ താളിന്റെ ഏറ്റവും താഴെയാണു കാണുക.
പുതിയ വിഷയത്തിന് പുതിയ തലക്കെട്ടു കൊടുക്കുക: പുതിയ വിഷയം പുതിയ തലക്കെട്ടിനടിയിൽ കൊടുക്കുക. അത് മറ്റുള്ളവയിൽ നിന്നും വ്യത്യാസപ്പെട്ട് കാര്യങ്ങൾ കണ്ടെത്താൻ സഹായിക്കും. (താങ്കൾ വിക്കിപീഡിയയുടെ സ്വതവേയുള്ള എടുത്തുകെട്ടാണുപയോഗിക്കുന്നതെങ്കിൽ സംവാദം താളിനുപരിയായുള്ള “+“ റ്റാബിൽ അമർത്തുന്നതു വഴി അത് എളുപ്പത്തിൽ സാധിക്കുന്നതാണ്)
ലേഖനവുമായി ബന്ധപ്പെട്ട തലക്കെട്ടുകൾ നൽകുക: വിഷയത്തിന് ലേഖനവുമായി ബന്ധമുണ്ടെന്ന് തലക്കെട്ടിൽ അറിയിക്കുക.
തലക്കെട്ടുകൾ നിഷ്പക്ഷമായിരിക്കട്ടെ:തലക്കെട്ടുകൾ എന്താണ് കാര്യം എന്നറിയിക്കുന്നതായിരിക്കണം, താങ്കൾ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നാകരുത്.
തലക്കെട്ടിൽ പുകഴ്ത്തലുകൾ വേണ്ട: താങ്കൾ പുകഴ്ത്തുന്ന കാര്യം മറ്റൊരാൾക്ക് ഇഷ്ടപ്പെടാത്തതാവാം അതിനാൽ അപ്രകാരം ചെയ്യരുത്.
തലക്കെട്ടിൽ ഇകഴ്ത്തലുകൾ വേണ്ട: താങ്കൾ ഇകഴ്ത്തുന്ന കാര്യം മറ്റൊരാൾക്ക് ഇഷ്ടപ്പെട്ടതാവാം അതിനാൽ അപ്രകാരം ചെയ്യരുത്.
മറ്റുള്ളവരെ തലക്കെട്ടുവഴി സംബോധന ചെയ്യരുത്: നാമൊരു സമൂഹമാണ്; സന്ദേശം ഒരാൾക്കായി മാത്രം നൽകുന്നത് ശരിയല്ല.


ലിങ്ക്, സമയം എന്നിവയുടെ കാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം ?
ലിങ്കുകൾ ഉണ്ടാക്കുക: സംവാദം താളുകളിൽ ശൂന്യമായതാണെങ്കിൽ കൂടി ലിങ്കുകൾ ഉണ്ടാക്കുക.
ആഗോള സമയക്രമം സൂക്ഷിക്കുക: ലോകത്തെല്ലായിടത്തുമുള്ളവർ വിക്കിപീഡിയ ഉപയോഗിക്കുന്നു അതിനാൽ ആഗോള സമയക്രമം പാലിക്കുക.


താളുകൾ വലുതാകുമ്പോൾ പിന്തുടരേണ്ടുന്ന രീതികൾ എന്തൊക്കെ ?
ശേഖരിക്കുക-മായ്ച്ചുകളയരുത്: സംവാദം താളിന്റെ വലിപ്പം വളരെ വർദ്ധിച്ചാൽ അവ സഞ്ചയികകളാക്കി ശേഖരിക്കുക. പുതിയൊരു താളുണ്ടാക്കുക അത് സംവാദം താളിന്റെ അനുബന്ധമായാകട്ടെ. അനുയോജ്യമായ പേരു നൽകുക. സംവാദം താളിലെ ചർച്ചകൾ വെട്ടിയെടുക്കുക. അത് പുതിയ താളിൽ ചേർക്കുക.


ഫലകങ്ങൾക്കു് സംവാദതാൾ എന്തിനാണു് ?
ഫലകങ്ങളുടെ സംവാദം താൾ രണ്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. ഫലകം എങ്ങനെ, എന്തിനുപയോഗിക്കണെമെന്നു വിശദീകരിക്കാനും ചർച്ചകൾക്കും. അതിനു രണ്ടിനും വ്യത്യസ്ത തലക്കെട്ടുകൾ ആദ്യമേ നൽകി പ്രശ്നം പരിഹരിക്കാം.
==ഉപയോഗരീതി==
==ചർച്ചകൾ= എന്നിങ്ങനെ


നീക്കം ചെയ്ത ലേഖനങ്ങളുടെ സംവാദം താൾ എന്തുചെയ്യണം ?
ആവശ്യത്തിന് വിവരങ്ങളുള്ള, നീക്കം ചെയ്ത ലേഖനങ്ങളുടെ സംവാദത്താളുകൾ ശേഖരിച്ചു വക്കുക. അവ വിക്കിപീഡിയ:നീക്കം ചെയ്ത ലേഖനങ്ങളുടെ സംവാദം എന്ന താളിന്റെ ഉപതാളുകളായാണ് ശേഖരിക്കേണ്ടത്.


ഉപയോക്താവിന്റെ താളിന്റെ പ്രാധാന്യം എന്തൊക്കെയാണു് ?
വിക്കിപീഡിയയിൽ അംഗമായിക്കഴിഞ്ഞാൽ ഇവിടെ നിങ്ങൾക്കു മാത്രമായി ഒരു സ്ഥലം ലഭിക്കുകയായി. ഉപയോക്താവിനുള്ള താൾ ഒരു വഴികാട്ടിയാണ്. അതായത്, വിക്കി സമൂഹത്തിലെ മറ്റ് അംഗങ്ങൾക്ക് നിങ്ങളിലേക്കെത്താനുള്ള എളുപ്പവഴി. നിങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ വിക്കിപീഡിയയിൽ നിങ്ങൾ ചെയ്യുവാൻ പദ്ധതിയിടുന്ന കാര്യങ്ങൾ നിങ്ങളുടെ താല്പര്യങ്ങൾ ഇങ്ങനെ ഒട്ടനവധികാര്യങ്ങൾ ഉപയോക്താവിനുള്ള പേജിൽ ഉൾക്കൊള്ളിക്കാം. എന്നാൽ വിക്കിസമൂഹത്തിന് പുറത്തുള്ള ചർച്ചകൾക്ക് ഈ താൾ വേദിയാകരുത്