Jump to content

വിക്കിപീഡിയ കൈപ്പുസ്തകം/ആമുഖം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.



ആമുഖം



"ലോകത്തിലെ ഓരോ വ്യക്തിക്കും മനുഷ്യരുടെ എല്ലാ അറിവുകളും സ്വതന്ത്രമായി ലഭ്യമാകുന്ന ഒരു സ്ഥിതിയെ കുറിച്ചു് ചിന്തിക്കൂ", ഇത്തരമൊരു ആഹ്വാനത്തോടുകൂടി ജിമ്മി വെയിൽസും കൂട്ടരും തുടക്കമിട്ട പദ്ധതിയാണു് വിക്കിപീഡിയ. ലോകത്തിലെ എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂർണവുമായ വിജ്ഞാനകോശം നിർമ്മിക്കുവാനുള്ള ഒരു കൂട്ടായ സംരംഭം. സന്നദ്ധമായി പ്രവർത്തിക്കുന്ന ലോകത്താകമാനം വ്യാപിച്ചു് കിടക്കുന്ന സ്വതന്ത്ര വിജ്ഞാനപ്രവർത്തകർ, വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെ പ്രാവർത്തികമാക്കിയ ഒരു വലിയ സംരംഭമാണിത്.

വിജ്ഞാനം ആരുടേയും സ്വന്തമല്ലെന്നും, എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും, അതു് പങ്കുവെക്കുന്തോറും ഏറീടും എന്ന തിരിച്ചറിവിൽ, പകർപ്പുപേക്ഷ പ്രകാരമാണു് വിക്കിപീഡിയയിലെ ഉള്ളടക്കം വികസിപ്പിച്ചിരിക്കുന്നതു്. വിക്കിപീഡിയയിലെ എല്ലാ വിവരങ്ങളും സ്വതന്ത്രമായി ഉപയോഗിക്കുവാൻ ഏതൊരാൾക്കും അവകാശമുണ്ടായിരിക്കും.

മലയാളം വിക്കിസംരംഭങ്ങളുടെ പ്രചരണത്തിനായി, വിക്കിമീഡിയ ഫൗണ്ടേഷന്റെ സഹായത്തോടെ, മലയാളം വിക്കിപീഡിയ പ്രവർത്തകർ തയ്യാറാക്കി വിതരണം ചെയ്യുന്ന ഒരു കൈപ്പുസ്തകമാണിതു്.