ഗ്നു+ലിനക്സ്/ചരിത്രം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

1983 ൽ റിച്ചാർഡ് സ്റ്റാൾമാൻ സ്ഥാപിച്ച ഗ്നു എന്ന സംഘടനയിൽ നിന്നും വളർന്നു വന്ന സോഫ്റ്റ്‌വെയറും ടൂളുകളുമാണ് ഇന്ന് ഗ്നൂ/ലിനക്സിൽ ലഭ്യമായിട്ടുള്ള സോഫ്റ്റ്‌വെയറിൽ സിംഹഭാഗവും. ഗ്നു സംഘത്തിന്റെ മുഖ്യലക്ഷ്യം സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ മാത്രം ഉപയോഗിച്ചുകൊണ്ട് യുണിക്സ് പോലുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിക്കുന്നതായിരുന്നു. തൊണ്ണൂറുകളുടെ ആദ്യം തന്നെ ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിനു് ആവശ്യമായ പ്രധാനപ്പെട്ട സോഫ്റ്റ്‌വെയറുകൾ എല്ലാം തന്നെ ഗ്നു സംഘം സ്വന്തമായി തയ്യാറാക്കിയിരുന്നു. ഒന്നൊഴികെ; ഒരു ഓപ്പറേറ്റിങ് സിസ്റ്റം ഹാർഡ്‌വെയറുമായി സംവദിക്കുവാൻ ഉപയോഗിക്കുന്ന കെർണൽ എന്ന ഘടകം. ഗ്നു സ്വതന്ത്രമായി തന്നെ ഒരു കെർണൽ നിർമ്മിക്കുവാൻ തുടങ്ങുകയും ചെയ്തു. ബെർക്കെലി യൂണിവേഴ്‌സിറ്റി നിർമ്മിച്ചെടുത്ത യുണിക്സ് സമാന ഓപ്പറേറ്റിങ് സിസ്റ്റം ആയ ബി.എസ്.ഡിയുടെ കെർണൽ ഉപയോഗിക്കുവാനായിരുന്നു ഗ്നു സംഘത്തിന്റെ ആദ്യ തീരുമാനം. ബെർക്കെലിയിലെ പ്രോഗ്രാമർമാരുടെ നിസ്സഹകരണം മൂലം ഈ പദ്ധതി അവർക്ക് ഉപേക്ഷിക്കേണ്ടി വന്നു. സ്വന്തമായി ഒരു കെർണൽ നിർമ്മിക്കുവാനുള്ള പ്രവർത്തനങ്ങൾ ഇതോടെ മന്ദമാവുകയും ചെയ്തു. എകദേശം ഇതേ കാലയളവിൽ, കൃത്യമായി 1991 -ൽ ലിനക്സ് എന്ന പേരിൽ മറ്റൊരു കെർണൽ, ലിനസ് ടോർവാൾഡ്സ് എന്ന ഫിൻ‌ലാഡുകാരൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി, ഹെൽ‌സിങ്കി യൂണിവേഴ്‌സിറ്റിയിലെ പഠനവേളയിൽ പണിതീർത്തിരുന്നു. ഈ കേർണലും സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയി ലഭ്യമായതോടെ ഒരു /ഓപ്പറേറ്റിംഗ് സിസ്റ്റത്തിനാവശ്യമായ എല്ലാ ഭാഗങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറായി ലഭ്യമാണ്. ഇങ്ങനെ ഗ്നു നിർമ്മിച്ച ടൂളുകളും ലിനക്സ് എന്ന കേർണ്ണലും ചേർത്ത് ഗ്നു/ലിനക്സ് എന്ന പേരിൽ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി. ഹേർഡ് എന്ന പേരിൽ ഒരു പുതിയ മൈക്രോ കേർണൽ ഗ്നു സംഘം ഇപ്പൊഴും വികസിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടു്. ഗ്നു/ഹേർഡ് അഥവാ പൂർണ്ണ ഗ്നു സിസ്റ്റം എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പൂർണ്ണമായി ഉപയോഗ്യമായിട്ടില്ലെങ്കിലും ഇപ്പോൾ ലഭ്യമാണു്.

പ്രാരംഭഘട്ടത്തിൽ ഗ്നു/ലിനക്സ് ഉപയോഗിച്ചിരുന്നതും മെച്ചപ്പെടുത്തിയിരുന്നതും ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള സോഫ്റ്റ്‌വെയർ ഡെവലപ്പർമാരായിരുന്നു. തുടർന്ന് പ്രധാന വിവരസാങ്കേതികദാതാക്കളായ ഐ.ബി.എം, സൺ മൈക്രൊസിസ്റ്റംസ്, ഹ്യൂലറ്റ് പക്കർഡ്, നോവെൽ എന്നിവർ സെർവറുകൾക്കായി ഗ്നു/ലിനക്സിനെ തിരഞ്ഞെടുക്കുവാൻ തുടങ്ങി.

"https://ml.wikibooks.org/w/index.php?title=ഗ്നു%2Bലിനക്സ്/ചരിത്രം&oldid=17043" എന്ന താളിൽനിന്ന് ശേഖരിച്ചത്