Jump to content

സ്വതന്ത്ര സോഫ്റ്റ്‌വെയർ/സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾക്കായി വിശേഷിച്ചും ഗ്നൂ പ്രൊജക്റ്റിനായി, ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്‌ സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രതിഷ്ഠാപനം(Free Software Foundation). 1985 ഒക്ടോബർ മാസത്തിൽ റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ സ്ഥാപിച്ച ഈ സംഘടനയെ അമേരിക്കൻ ആദായനികുതി നിയമത്തിന്റെ 501(c)(3) വകുപ്പനുസരിച്ച്‌ ആദായ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. സ്വതന്ത്ര സോഫ്റ്റ്‌വേർ എന്ന ആശയം ഉയർത്തിപ്പിടിച്ച്‌ മുമ്പോട്ടുനീങ്ങുന്ന ഈ സംഘടനക്ക്‌ ലോകമെമ്പാടും ശാഖകളും ഒട്ടനവധി പ്രവർത്തകരുമുണ്ട്‌.സംഘടനയുടെ തുടക്കം മുതൽ 1990ന്റെ പകുതിവരെ ലഭിച്ച ധനസഹായത്തിന്റെ സിംഹഭാഗവും സ്വതന്ത്ര സോഫ്റ്റ്‌വേർ ഉണ്ടാക്കാനുള്ള പ്രോഗ്രാമർമാരെ നിയമിക്കാനായാണ്‌ ചെലവഴിച്ചിട്ടുള്ളത്‌. ഇന്ന് വളരെയധികം കമ്പനികൾ സ്വതന്ത്ര സോഫ്റ്റ്‌വേർ നിർമ്മിക്കുന്നതിനാൽ സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രതിഷ്ഠാപനത്തിന്റെ ജോലിക്കാരും പ്രവർത്തകരുമെല്ലാം സംഘടനയുടെ നിയമപരവും, ആശയപരവുമായ വശങ്ങളിലാണ്‌ വ്യാപൃതരായിരിക്കുന്നത്‌.