സാധാരണക്കാരന്റെ കമ്പ്യൂട്ടർ/അധ്യായം 2

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

കമ്പ്യൂട്ടറിന്റെ ഉള്ളിലുള്ള ഭാഗങ്ങളെ പരിചയപ്പെടാം. പലപല ഭാഗങ്ങളായി തിരിഞ്ഞാണു് അവ പല പ്രവൃത്തികളും നിർവ്വഹിക്കുന്നതു്.

സിപിയു[തിരുത്തുക]

ഇതാണ് കമ്പ്യൂട്ടറിന്റെ തലച്ചോറു്. സെൻട്രൽ പ്രോസസ്സിങ്ങ് യൂണിറ്റ് എന്നതിന്റെ ചുരുക്കരൂപമാണ് സിപിയു. എല്ലാ കണക്കു കൂട്ടലുകളും, മറ്റു വിശകലന സങ്കലന പ്രവർത്തനങ്ങളും നടക്കുന്നതു് ഈ തലച്ചോറിലാണു്. ഇതൊരു ചെറിയ ചിപ്പാണു്. അനേകലക്ഷം കണക്കുകൂട്ടലുകൾ ഓരോ നിമിഷത്തിലും ചെയ്യാൻ മാത്രം ശക്തമായവയാണ് ഇന്നത്തെ പല സിപിയുകളും. സിപിയുവിന്റെ സ്പീഡ് ഹെർട്‌സ് എന്ന ഏകകത്തിലാണ് വ്യക്തമാക്കുന്നത്. 500 മെഗാ ഹെർട്സ് മുതൽ 2.4 ഗിഗാ ഹെട്സ് എന്നിങ്ങനെയുള്ള പ്രോസസ്സറുകളാണ് ഇന്ന് സ്വകാര്യ ഉപയോഗത്തിലുള്ളത്. ഇൻറൽ കോർ 2 ഡ്യുവോ, എഎംഡി ഫീനോം എന്നിവ സാധാരണ ഉപയോഗത്തിലുള്ള സിപിയുകളാണ്.

മെമ്മറി[തിരുത്തുക]

സിപിയുവിലെ പ്രവർത്തനങ്ങൾക്ക് ചില വിവരങ്ങൾ ഓർമ്മിച്ചു വെയ്ക്കേണ്ടി വരും. ഉദാഹരണത്തിന് 2,5,8 എന്നീ സംഖ്യകളുടെ തുക കാണണമെങ്കിൽ 2-ന്റെയും 5-ന്റെയും തുക എത്രയാണോ അത് തൽക്കാലത്തേയ്ക്ക് ഓർമ്മിച്ചു വെയ്ക്കണം, എന്നിട്ട് അതിനോട് 8 കൂട്ടിയാൽ അവസാന ഉത്തരം ലഭിയ്ക്കുന്നു. ഈ പ്രവർത്തനത്തിലെ ഇടയ്ക്കുള്ള വിലകൾ ഓർമ്മിച്ചു വെയ്ക്കാൻ കമ്പ്യൂട്ടറിനുള്ള ഇടമാണ് മെമ്മറി. മെമ്മറിയുടെ ഏകകം ബൈറ്റ്സ് ആണ്. 512 മെഗാ ബൈറ്റ്സ് മുതൽ 1 ഗിഗാ ബൈറ്റ്, 2 ഗിഗാ ബൈറ്റ്സ്, 4 ഗിഗാ ബൈറ്റ്സ് എന്നിവയൊക്കെ സാധാരണ ഉപയോഗത്തിലുണ്ട്. DDR2, DDR3 എന്നിവ വിവിധ തരം മെമ്മറികളാണ്

ഹാർഡ് ഡ്രൈവ്[തിരുത്തുക]

സ്ഥിരമായി കാത്തുസൂക്ഷിക്കേണ്ട വിവരങ്ങൾക്കുള്ളതാണ് ഹാർഡ് ഡ്രൈവ്. നേരത്തെ പറഞ്ഞ മെമ്മറിയിൽ സൂക്ഷിയ്ക്കുന്ന കാര്യങ്ങൾ കമ്പ്യൂട്ടർ സ്വിച്ച് ഓഫ് ചെയ്താൽ നഷ്ടമാവും. ഡോക്യുമെന്റുകൾ, സിനിമകൾ, പാട്ടുകൾ തുടങ്ങിയവ ഹാർഡ് ഡ്രൈവിലാണ് സൂക്ഷിയ്ക്കുന്നത്. സ്വകാര്യ ഉപയോഗത്തിന് 40 ഗിഗാബൈറ്റ്സ് മുതൽ 1.5 ടെറാബൈറ്റ്സ് വരെയുള്ള ഹാർഡ് ഡ്രൈവുകൾ ഇന്ന് സാധാരണയാണ്.

ചലിക്കുന്ന ഭാഗങ്ങളില്ലാത്ത സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളും പ്രചാരത്തിലുണ്ട്.