Jump to content

ശാസ്ത്രം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

സയൻസ് എന്ന ഇംഗ്ലീഷ് ഭാഷയുടെ തർജ്ജമയായി മലയാളത്തിലുപയോഗിക്കുന്ന പദമാണ് ശാസ്ത്രം. സയൻസ് എന്ന വാക്ക് ലാറ്റിൻ ഭാഷയിലെ സയന്റിയ എന്ന പദത്തിൽ നിന്നാണ് നിഷ്പന്നമായിട്ടുള്ളത്. "അറിവ്" എന്നാണ് ഇതിന്റെ അർത്ഥം.[1]) പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവ് സ്വരുക്കൂട്ടുകയും പരീക്ഷിച്ചുനോക്കാവുന്ന വിശദീകരണങ്ങളായും പ്രവചനങ്ങളായും ക്രമീകരിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ശാസ്ത്രം. [2][3] പണ്ടുകാലത്ത് ഇന്ത്യയിൽ ശാസിക്കപ്പെട്ടത് എന്ന അർത്ഥത്തിൽ ശാസ്ത്രം എന്ന വാക്ക് ഉപയോഗിച്ചിരുന്നു. എന്നാൽ ഇതിന് ആധുനിക ശാസ്ത്രവുമായി ബന്ധമില്ല. ശാസ്ത്രം ഉപയോഗപഥത്തിൽ കൊണ്ടുവരുന്നയാളെ ശാസ്ത്രജ്ഞൻ എന്നാണ് വിളിക്കുന്നത്.

‌പുരാതനകാലം മുതൽ തന്നെ അറിവിന്റെ ഒരു മേഖല എന്ന നിലയ്ക്ക് ശാസ്ത്രം തത്ത്വചിന്തയുമായി അടുത്ത ബന്ധം വച്ചുപുലർത്തുന്നുണ്ട്. ആധുനിക കാലത്തിന്റെ ആദ്യസമയത്ത് "ശാസ്ത്രം" "പ്രകൃതിയുടെ തത്ത്വശാസ്ത്രം" എന്നീ പ്രയോഗങ്ങൾ പരസ്പരം മാറി ഉപയോഗിച്ചിരുന്നു.[4] പതിനേഴാം നൂറ്റാണ്ടോടെ പ്രകൃതിയുടെ തത്ത്വശാസ്ത്രം (ഇപ്പോൾ ഇതിനെ "നാച്വറൽ സയൻസ്" എന്നാണ് വിളിക്കുന്നത്) തത്ത്വശാസ്ത്രത്തിന്റെ ഒരു ശാഖയായാണ് കണക്കാക്കപ്പെട്ടിരുന്നത്.[5]

ആധുനിക കാല ഉപയോഗമനുസരിച്ച്, "ശാസ്ത്രം" സാധാരണഗതിയിൽ അറിവ് തേടുന്നതിനുള്ള ഒരു മാർഗ്ഗമാണ് (ഇത് അറിവു മാത്രമല്ല) ഭൗതിക ലോകത്തെ പ്രതിഭാസങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുന്ന പഠനങ്ങളുടെ ശാഖകളെയാണ് സാധാരണഗതിയിൽ ശാസ്ത്രം എന്ന് വി‌ളിക്കുന്നത്.[6] പതിനേഴാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിലും ശാസ്ത്രജ്ഞന്മാർ പ്രകൃതിനിയമങ്ങൾ എന്ന പേരിലാണ് ശാസ്ത്രനിയമങ്ങൾ മുന്നോട്ടു വച്ചിരുന്നത്. ചലനം സംബന്ധിച്ച് ന്യൂട്ടൻ മുന്നോട്ടുവച്ച നിയമങ്ങൾ ഉദാഹരണം. പത്തൊൻപതാം നൂറ്റാണ്ടോടെ "ശാസ്ത്രം" എന്ന വാക്ക് ശാസ്ത്രീയമാർഗ്ഗങ്ങളുമായി കൂടുതൽ ചേർത്തുപയോഗിക്കാൻ തുടങ്ങി. സ്വാഭാവികലോകത്തെ ചിട്ടയോടെ പഠിക്കുന്നതിനുള്ള ഒരു മാർഗ്ഗം എന്ന അർത്ഥത്തിലായിരുന്നു ഇത്. ഭൗതികശാസ്ത്രം, രസതന്ത്രം, ജിയോളജി, ബയോളജി എന്നിവയുടെ പഠനം ഇതിലുൾപ്പെടുന്നു. വില്യം വെവെൽ എന്ന നാച്വറലിസ്റ്റും ദൈവശാസ്ത്രജ്ഞനുമായിരുന്ന ആളാണ് പത്തൊൻപതാം നൂറ്റാണ്ടിൽ ശാസ്ത്രജ്ഞൻ (സയന്റിസ്റ്റ്) എന്ന പദം ആദ്യമായി ഉപയോഗിച്ചത്. പ്രകൃതിയിൽ നിന്ന് അറിവുതേടുന്നവരെ മറ്റു തരത്തിൽ അറിവു തേടുന്നവരിൽ നിന്ന് വേർതിരിക്കാനായിരുന്നു അദ്ദേഹം ഈ പദമുപയോഗിച്ചത്.[7]

എങ്കിലും വിശ്വസനീയവും പഠിപ്പിക്കാവുന്നതുമായ അറിവ് ഏതു മേഖലയിലുള്ളതാണെങ്കിലും അതിനെ വിവക്ഷിക്കാൻ "ശാസ്ത്രം" എന്ന പദം തുടർന്നും ഉപയോഗിക്കപ്പെട്ടുവരുന്നുണ്ട്. ലൈബ്രറി സയൻസ് കമ്പ്യൂട്ടർ സയൻസ് എന്നീ പദങ്ങൾ ഉദാഹരണങ്ങളാണ്. "സാമൂഹ്യശാസ്ത്രം" "പൊളിറ്റിക്കൽ സയൻസ്" എന്നീ പദങ്ങളും ഉദാഹരണങ്ങളാണ്.

"https://ml.wikibooks.org/w/index.php?title=ശാസ്ത്രം&oldid=18023" എന്ന താളിൽനിന്ന് ശേഖരിച്ചത്