വിഷയം:ജീവശാസ്ത്രം
ഭൂമിയിലെ ജീവനുള്ള വസ്തുക്കളെക്കുറിച്ചും അവ അചേതന വസ്തുക്കളുമായി നടത്തുന്ന പ്രതിപ്രവർത്തനത്തെക്കുറിച്ചും പഠിക്കുന്ന വിശാലമായ ഒരു ശാസ്ത്രശാഖയാണ് ജീവശാസ്ത്രം. ഭുമിയിൽ ജീവന്റെ ഉല്പത്തി, പരിണാമം, ഘടന, ധർമം മുതലായവ ഒരു ജീവശാസ്ത്രജ്ഞൻ പഠിക്കുന്നു. ജീവശാസ്ത്രത്തിന്റെ അടിത്തറ നിലകൊള്ളുനത് നാല് പ്രധാന തത്വങ്ങളിലാണ്.
1. കോശ സിദ്ധാന്തം: എല്ലാ ജീവശരീരങ്ങളും കോശങ്ങളാൽ നിർമിതമാണ്. കോശങ്ങളാണ് ജീവന്റെ അടിസ്ഥാനം.
2. ജീൻ സിദ്ധാന്തം: ജീവന്റെ സ്വഭാവവിശേഷങ്ങൾ ജീനുകളിലൂടെയാണ് തലമുറകളിലേക്ക് വ്യാപിക്കുന്നത്.ഓരോ ജീനും ഡി.എൻ.എ.(DNA/Deoxyribo Nucleic Acid) കൊണ്ട് നിർമിതമാണ്.അവ ക്രോമോസോമുകളിലാണ് സ്ഥിതി ചെയ്യുന്നത്.
3. പരിണാമം: ജൈവലോകത്തിന്റെ വൈവിധ്യത്തിനും നിലനില്പിനും കാരണം പരിണാമമാണ്.
4. ഊർജ കൈമാറ്റങ്ങൾ: ജീവൻ നിലനിൽക്കാൻ ഊർജം കൂടിയേ തീരൂ; നിരന്തരമായ ഊർജ കൈമാറ്റങ്ങളിലുടെയാണ് പ്രകൃതിയിൽ ജീവൻ നിലനിൽക്കുന്നത്.