Jump to content

മലയാളം കമ്പ്യൂട്ടിങ്ങ്/മലയാളം വായിക്കാൻ/ഗ്നു/ലിനക്സ്

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

അവശ്യമായ ഫോണ്ട് ഡൗൺലോഡ് ചെയ്യുക. ഡൗൺലോഡ് ചെയ്ത ടി.ടി.എഫ്. ഫയലിൽ ഇരട്ടക്ലിക്ക് ചെയ്താൽ ഫോണ്ട്‌വ്യൂവർ എന്ന ആപ്ലിക്കേഷനിൽ അത് തുറന്നുവരും. ആ വിൻഡോയിൽ താഴെ വലത്തെ അറ്റത്തുകാണുന്ന ഇൻസ്റ്റോൾ എന്ന ബട്ടണിൽ ഞെക്കിയാൽ ഫോണ്ട് സജ്ജീകരിക്കപ്പെട്ടുകഴിഞ്ഞു. ബ്രൗസർ റീസ്റ്റാർട്ട് ചെയ്തു നോക്കിയാൽ പുതിയ ചില്ലുകളും മറ്റും ഇപ്പോൾ കാണാൻ സാധിക്കും (ഫോണ്ട് വ്യൂവർ പ്രവർത്തിക്കുന്നില്ലെങ്കിൽ, ഫോണ്ട് കോപ്പി ചെയ്ത് താഴെ വിവരിച്ചിട്ടുള്ള ../.fonts ലേക്ക് പേസ്റ്റ് ചെയ്യുക

അൽപ്പം ആഴത്തിൽ

[തിരുത്തുക]

ലിനക്സിൽ രണ്ടിടത്തായാണ് ഫോണ്ടുകൾ ഇരിക്കുന്നത്. ഒന്ന് കമ്പ്യൂട്ടറിന്റെ എല്ലാ ഉപയോക്താക്കൾക്കായുള്ളതും മറ്റൊന്ന് ഓരോ ഉപയോക്താവിനും പ്രത്യേകമായുള്ളതും.

/usr/share/fonts എന്ന ഡയറക്റ്ററിയിൽ (ഫോൾഡറിൽ) ഉപഡയറക്റ്ററികളിലായി എല്ലാ ഉപയോക്താക്കൾക്കുമായുള്ള ഫോണ്ടുകൾ കാണാം.


ഓരോ ഉപയോക്താവിനും പ്രത്യേകമായുള്ള ഫോണ്ടുകൾ അവരവരുടെ ഹോം ഡയറക്റ്ററിക്കകത്തെ .fonts എന്ന മറഞ്ഞ (hidden) ഡയറക്റ്ററിയിലായിരിക്കും ഉണ്ടാകുക. (എന്റെ യൂസർനെയിം vssun എന്നായതിനാൽ /home/vssun/.fonts ആണ് ആ ഡയറക്റ്ററി - fonts എന്നതിനു മുൻപുള്ള . പ്രത്യേകം ശ്രദ്ധിക്കുക).

നോട്ടിലസ് ഉപയോഗിച്ച് ഹോം ഡയറക്റ്ററി നോക്കിയാൽ .fonts സ്വതേ കാണാൻ കാണാൻ പറ്റില്ല. അത് കാണുന്നതിന് View മെനുവിൽ നിന്ന് Show hidden files എന്ന നിർദ്ദേശം തിരഞ്ഞെടുക്കുകയോ Ctrl+H എന്ന കുറുക്കുവഴി ഉപയോഗിക്കുകയോ ചെയ്യുക.

ഫോണ്ട് വ്യൂവർ ഉപയോഗിച്ച് ഇൻസ്റ്റോൾ ചെയ്ത ഫോണ്ടുകളെല്ലാം അത് ചെയ്ത ഉപയോക്താവിനു മാത്രമേ ലഭ്യമാകുകയുള്ളൂ. ആ ഫോണ്ടുകൾ .fonts എന്ന ഫോൾഡറിൽ കാണാം.

ഒരേ ഫോണ്ട് തന്നെ /user/share/fonts എന്ന ഡയറക്റ്ററിയിലും, /home/user name/.fonts എന്ന ഡയറക്റ്ററിയിലുമുണ്ടെങ്കിൽ .fonts എന്ന ഡയറക്റ്ററിയിലെ ഫോണ്ട് ആയിരിക്കും പ്രവർത്തിക്കുക എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒരു ഫോണ്ട് എല്ലാ ഉപയോക്താക്കൾക്കുമായി സജ്ജീകരിക്കണമെങ്കിൽ അതിനെ /user/share/fonts എന്ന ഡയറക്റ്ററിയിലെ ഉപഡയറക്റ്ററികളിൽ സ്ഥാപിക്കണമെന്നും മനസിലാക്കുക.