മനുഷ്യശരീരം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

6,50,000 മണിക്കൂറുകളുടെ അനന്തത മാത്രം ഈ ഭൂമുഖത്ത് അവകാശപ്പെടാവുന്ന പരമാണുക്കളുടെ കൂട്ടമാണ് മനുഷ്യശരീരം.[1] 7*1025കാർബൺ, ഒപ്പം ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, കാൽസ്യം, സൾഫർ എന്നിങ്ങനെ ലിഥിയം മുതൽ ബ്രോമിൻ വരെ അടങ്ങിയ മൂലകങ്ങളുടെ മഹാസാഗരം.സാധാരണ ഒരു രാസഫാക്ടറിയിൽ ഉപയോഗിക്കുകയും ഉണ്ടാക്കപ്പെടുകയും ചെയ്യുന്ന കേവലരാസമൂലകങ്ങൾ മാത്രം, പക്ഷേ അടുക്കിയൊരുക്കി ജീവൻ എന്ന അത്ഭുതസമസ്യ ഒരുക്കിയിരിക്കുന്നു. കഴിഞ്ഞ 350 കോടി വർഷം കൊണ്ട് അനന്യമായ ഒരു തൻമാത്രാ സഞ്ചയത്തിനുടമയായി ഓരോ മനുഷ്യനും രൂപപ്പെടുന്ന ശില്പവിരുത്. അതിശയങ്ങളുടേയും അതീവനീഗൂഡതകളുടേയും അതുല്യരാസസ്വത്വങ്ങളുടേയും ആകെത്തുകയാണ് മനുഷ്യശരീരം.

ജീവൻ[തിരുത്തുക]


ആർക്കും ഫലപ്രദമായി നിർവ്വചിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ജീവൻ എന്ന പ്രതിഭാസമാണ് ഇന്ന് മനുഷ്യനെ[1] ലോകത്തിന്റെ കാവൽക്കാരനും യജമാനനുമാക്കിത്തീർത്തത്. ഒരേ നിഘണ്ടുവാണ് മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് കരുത്തുപകരുന്നത്. നാനൂറുകോടി വർഷങ്ങൾ കൊണ്ട് തലമുറ തലമുറ കൈമാറിയെത്തുന്ന ഒരു ജനിതകസൂത്രത്തിന്റെ ഈടുവയ്പാണ് ഇവയ്ക്കുള്ളത്. അതീവനിഗൂഢമെന്ന് ഇന്നും ശാസ്ത്രലോകം കരുതുന്ന ജീവൻ എന്ന പ്രക്രിയയുടെ അടയാളമാണ് ഉപാപചയം. പുതിയ പദാർത്ഥങ്ങൾ പഴയതിൽ നിന്ന് നിർമ്മിക്കുകയും വീണ്ടും പുതുക്കുകയും ചെയ്യുന്ന ചാക്രികത ജീവന്റെ അടിസ്ഥാനപ്രമാണമാണ്. മനുഷ്യശരീരത്തെ ജീവനുള്ളിടത്തോളം കാലം നിലനിർത്തുന്ന ജീവൻ എന്ന സമസ്യയ്ക്ക് രാസപരിണാമപരമായ അടിത്തറയുണ്ട്.

ജീവന്റെ ഉദ്ഭവം[തിരുത്തുക]

എന്നും കുളിക്കുകയും ആരോഗ്യവാനാകണം എന്നാഗ്രഹിക്കുകയും ചെയ്യുന്ന നിങ്ങളുടെ ദേഹത്ത് ഇപ്പോൾ ഒരു ട്രില്യൺ ബാക്ടീരിയ കാണും. അന്നപഥത്തിൽ നാനൂറിനങ്ങളിൽപ്പെട്ട ഒരുകോടിക്കോടി സൂക്ഷ്മാണുക്കൾ.[2] നൂറുകോടി ബാക്ടീരിയങ്ങളെ വായിൽ നിർത്തിക്കൊണ്ട് മനുഷ്യൻ ചിരിക്കുന്നു, ചുമയ്ക്കുന്നു. അങ്ങനെ നൂറുക്വാഡ്രില്യൺ ബാക്ടീരിയയെ ശരീരത്തിൽ അതിഥികളായി നിലനിർത്തി മനുഷ്യനങ്ങനെ ജീവിക്കുന്നു. എന്താണ് മനുഷ്യന് ഇവയോടിത്ര സ്നേഹം? പെനിസിലിനോ മറ്റ് അണുനാശിനികളോ ഉപയോഗിച്ച് ഒതുക്കിക്കളയാമെന്ന വ്യാമോഹമുണ്ടെങ്കിൽ ഇവർ മനുഷ്യരോടു പറയും, നിങ്ങൾക്കും വളരെ വളരെ മുൻപ് ഈ ഭൂമി സ്വന്തമാക്കിയവരാണ് ഞങ്ങൾ. ഞങ്ങളില്ലെങ്കിൽ, നിങ്ങളുമില്ല.
ഈ സൂക്ഷ്മങ്ങളായ സൂക്ഷ്മജീവികളൊക്കെ എവിടെനിന്നു വന്നു എന്ന സാമാന്യവൽക്കരിക്കപ്പെട്ട ചോദ്യത്തിന് ഫലപ്രദമായ ഉത്തരം വിവിധ മത-ദൈവ വിശ്വാസങ്ങളിൽ കാണാം. ഉൾക്കൊള്ളാനും പിന്തുടരാനും പ്രചരിപ്പിക്കാനും ഒരു ദൈവവിശ്വാസിയ്ക്ക് വളരെ എളുപ്പമാണ് ആ ഉത്തരങ്ങൾ. നിഷേധാത്മകമായ ഒരു ചോദ്യവാക്കും ഉയരാത്തത്ര കൗശലത്തോടെ തയ്യാറാക്കപ്പെട്ടുവന്ന ആ ഉത്തരങ്ങളെ അപ്പടി വിശ്വസിക്കാത്തവരും ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടവരും ഈ ലോകത്തുണ്ടായിരുന്നു. അവരീലൂടെ സുചിന്തിതശാസ്ത്രീയബോധ്യം ഉറപ്പുവരുത്തുന്ന ഉത്തരങ്ങൾ പിൽക്കാലത്ത് രൂപപ്പെട്ടു. അതിലൊന്നാണ് ഒപ്പാരിൻ- ഹാൽഡേൻ സിദ്ധാന്തം അഥവാ ജീവന്റെ രാസപരിണാമസിദ്ധാന്തം അഥവാ അജീവജീവോൽപത്തി.

ജീവന്റെ രാസപരിണാമം[തിരുത്തുക]

റഷ്യൻ ജൈവരസതന്ത്രജ്ഞനായിരുന്ന അലക്സാണ്ടർ ഐ. ഒപ്പാരിൻ[3] ജീവന്റെ ഉൽപത്തി എന്ന പുസ്തകത്തിന്റെ രചയിതാവാണ്. ജീവന് രാസപരിണാമപിതൃത്വം കൽപിച്ച ഇദ്ദേഹവും 1957 ജൂലൈയിൽ ഇന്ത്യയിലെത്തി പൗരത്വമെടുത്ത മാർക്സിയൻ ജീവശാസ്ത്രകാരനായ ജെ.ബി.എസ്. ഹാൽഡേനും [3] സ്വതന്ത്രമായി രൂപം നൽകിയ ജീവന്റെ രാസപരിണാമസിദ്ധാന്തത്തെ ഇങ്ങനെ പ്രസ്താവിക്കാം.

  • ആദിമഭൂമിയുടെ അന്തരീക്ഷത്തിൽ C, H, N, O എന്നിവ ധാരാളമായി ഉണ്ടായിരുന്നു. എന്നാൽ സ്വതന്ത്രരൂപത്തിൽ ഓക്സിജൻ ഉണ്ടായിരുന്നില്ല.
  • വളരെക്കാലങ്ങൾക്കുശേഷം ഭൗമാന്തരീക്ഷത്തിൽ H2, NH3, H2O എന്നീ ലളിത അകാർബണികതൻമാത്രകൾ രൂപപ്പെട്ടു. ഇവയിൽ നിന്ന് ആദിമജൈവികപദാർത്ഥങ്ങളായ CH4, HCN എന്നിവ രൂപപ്പെട്ടു. അന്തരീക്ഷത്തിലെത്തുന്ന അൾട്രാവയലറ്റ് കിരണങ്ങളും അഗ്നിപർവ്വതസ്ഫോടനങ്ങളും ഇടിമിന്നലുമൊക്കെ ഈ രാസപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം നൽകി.
  • അനേകകാലം നീണ്ടുനിന്ന മഴയോടൊപ്പം ഈ തന്മാത്രകൾ മഴവെള്ളത്തിൽ ലയിച്ച് പുതുതായി രൂപപ്പെട്ട സമുദ്രത്തിലെത്തി. സമുദ്രജലത്തിൽ കാലക്രമേണ പഞ്ചസാരകളും അമിനോ ആസിഡുകളും ഗ്ലിസറോൾ തന്മാത്രകളും രൂപപ്പെട്ടു.
  • സമുദ്രജലത്തിൽ രൂപപ്പെട്ട ഈ കാർബണികയൗഗികങ്ങളിൽ നിന്ന് കോ-അസർവേറ്റ് കണങ്ങൾ രൂപപ്പെട്ടു. ഇവയ്ക്ക് സ്വയം വളരാനും വിഭജിക്കാനുമുള്ള കഴിവുണ്ടായിരുന്നു. പിന്നീട് ന്യൂക്ലിയോപ്രോട്ടീൻ തന്മാത്രകളുടെ സംയോജനം നടന്ന് തന്മാത്രാരൂപവൽക്കരണത്തിനും വിഭജനത്തിനും ഉൽപ്പരിവർത്തനത്തിനും അനുകൂലനത്തിലും കഴിവുള്ള ഇയോബയോണ്ടുകൾ രൂപപ്പെട്ടു. ഇവയാണ് കാലക്രമേണ പ്രോകാരിയോട്ടുകളും യൂക്കാരിയോട്ടുകളുമായി പരിണമിച്ചുവന്നത്.
രാസപരിണാമസിദ്ധാന്തത്തിന്റെ ശാസ്ത്രീയത[തിരുത്തുക]

രാസപരിണാമസിദ്ധാന്തത്തിന് പ്രശസ്തിയും ശാസ്ത്രീയതയും കൈവന്നത് 1953 ൽ സ്റ്റാൻലി മില്ലർ, ഹാരോൾഡ് യൂറേ എന്നീ ശാസ്ത്രജ്ഞർ ചെയ്ത യൂറേ-മില്ലർ പരീക്ഷണമാണ്. ആദിമഭൂമിയുടെ അന്തരീക്ഷത്തെ കൃത്രിമമാർഗ്ഗങ്ങളിലൂടെ പരീക്ഷണശാലയിൽ പുനഃസൃഷ്ടിച്ചുനടത്തിയ ഗവേഷണങ്ങൾ പ്യൂരിൻ, പിരിമിഡിൻ, അമിനോ ആസിഡ് എന്നീ തന്മാത്രകൾക്ക് രൂപം നൽകി. ഇത് ആദിമഭൂമിയിൽ രാസപരിണാമം നടന്നാണ് ജീവനുത്ഭവിച്ചതെന്ന നിഗമനത്തിന് കൂടുതൽ ശാസ്ത്രീയത നൽകി.[4]

മനുഷ്യന്റെ ഉൽപ്പത്തി[തിരുത്തുക]

4500 മില്യൺ വർഷമായി ഈ ഭൂമി ഈ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിട്ട്. ഇന്നുവരെയുള്ള ഭൂമിയുടെ ചരിത്രത്തെ ഈ ഭൂമിയിലെ ഒരുദിവസമായി സങ്കല്പിക്കുക രസാവഹമാണ്. എങ്കിൽ വൈകിട്ട് എട്ടരയോടെ ആദ്യകടൽ സസ്യവും എട്ടേമുക്കാൽ കഴിഞ്ഞ് ജെല്ലിഫിഷും പത്തുമണിയാകുമ്പോൾ കരസസ്യങ്ങളും രൂപപ്പെട്ടതായി ചരിത്രം പറയും. രാത്രി പതിനൊന്നുമണിയ്ക്ക് വന്നുകയറിയ ദിനോസറുകൾ കൃത്യം പന്ത്രണ്ട് മുപ്പത്തിയൊമ്പതിന് അപ്രത്യക്ഷമായി. ഒടുവിൽ അർദ്ധരാത്രിയാകാൻ ഒരുമിനിറ്റും പതിനേഴുസെക്കൻഡുമുള്ളപ്പോൾ മനുഷ്യൻ രൂപപ്പെടുന്നു.[1]
എത്രയെളുപ്പത്തിൽ മനുഷ്യന്റെ പരിണാമം നടന്നു എന്നത് കാലവും സമയവും സ്ഥലവും എത്ര വലുതാണ് എന്നറിഞ്ഞാലേ ഗ്രഹിക്കാൻ കഴിയൂ. 'നിങ്ങളെ ഒന്നു വട്ടം കറക്കി പ്രപഞ്ചത്തിലെവിടേയ്ക്കെങ്കിലും ഒന്നിട്ടേക്കാമെങ്കിൽ പ്രപഞ്ചത്തിലെ ഏതെങ്കിലുമൊരു ഗ്രഹത്തിലോ അതിനുസമീപമോ ചെന്നുവീഴാൻ ഒന്നുകഴിഞ്ഞ് മുപ്പത്തിമൂന്ന് പൂജ്യമിട്ടാൽ കിട്ടുന്ന സംഖ്യയിലൊന്നു സാധ്യതയാണുള്ളതെന്ന് കാൾ സാഗൻ എന്ന ശാസ്ത്രജ്ഞൻ ഉറപ്പിച്ചുപറയുന്നു. അത്രയ്ക്കത്ഭുതവിസ്തൃതിയുള്ള ഈ ലോകത്ത് സമയവും കാലവും എത്ര അനന്തമാണ്, മനുഷ്യദർശനസീമകൾക്കപ്പുറമാണ്? എങ്കിലും ഇന്നേവരെ നരവംശശാസ്ത്രജ്ഞർ രൂപപ്പെടുത്തിയെടുത്ത മനുഷ്യന്റെ ഉൽപ്പത്തിവിശേഷങ്ങൾ നമുക്കുകാണാം.

മനുഷ്യോൽപ്പത്തിയുടെ തെളിവുകൾ[തിരുത്തുക]

എല്ലാ ജീവജാലങ്ങളും പരിണാമത്തിന്റെ ഉൽപ്പന്നങ്ങളാണ്. മനുഷ്യനും പരിണാമഘട്ടങ്ങളിൽക്കൂടി ഏറിയും കുറഞ്ഞും ഘടനാതലത്തിലും ധർമ്മത്തിലും കൊടുക്കൽ വാങ്ങലുകൾ നടത്തിവന്നവരാണ്. എല്ലാജീവികളിലുമെന്ന പോലെ മനുഷ്യപരിണാമത്തിനും ഇന്നും ഏറെ ഉപോൽബലകമായുള്ളത് ഫോസിലുകളുടെ പഠനമാണ്. റേഡിയോആക്ടീവ് പദാർത്ഥങ്ങളുടെ അർദ്ധായുസ്സ് കണക്കാക്കുന്നതുവഴി കിട്ടിയ ഫോസിലുകളുടെ കാലപ്പഴക്കവും മറ്റുജീവികളുമായി പുരോ-പശ്ചാത് ബന്ധങ്ങളും അനാവരണം ചെയ്യുന്നു. ശരീരവലിപ്പം, ചലനം, ആഹാരസമ്പാദനം എന്നിങ്ങനെ വ്യത്യസ്തമേഖലകളിലെ മാറ്റങ്ങൾ താരതമ്യപഠനങ്ങളിലൂടെ സഗൗരവം നിരീക്ഷിക്കുന്നു. രണ്ടാമത്തെ മാർഗ്ഗം ശിലായുധങ്ങളും അടയാളങ്ങളും ചിത്രണങ്ങളും ഉൾക്കൊള്ളുന്ന സാംസ്കാരികചിഹ്നങ്ങളുടെ പരിശോധനയാണ്. ഇന്നുള്ള ഏറ്റവും പുതുമയേറിയ വഴി ജനിതകശാസ്ത്രം വെട്ടിയൊരുക്കുന്നതാണ്. തന്മാത്രാജീവശാസ്ത്രത്തിന്റേയും ജൈവരസതന്ത്രത്തിന്റേയും അടയാളപ്പെടുത്തലുകളിലൂടെ അത്യന്തം സ്പന്ദനക്ഷമതയോടെ ഈ മേഖല വളരുന്നു. നരവംശശാസ്തം ഇന്ന് മനുഷ്യന്റെ അപാരബുദ്ധിപരിശോധനായജ്ഞമായി മാറുന്നത് അതുകൊണ്ടാണ്.

മനുഷ്യന്റെ മേൻമകൾ[തിരുത്തുക]

ഇരുപത് ചതുരശ്ര അടി വിസ്തൃതിയുണ്ട് മനുഷ്യന്റെ ത്വക്കിന്. ഒരു ടെന്നീസ് കോർട്ടിനോളം വലിപ്പമുണ്ട് രണ്ടുശ്വാസകോശങ്ങളും പരത്തിവച്ചാൽ. കോൺക്രീറ്റിനെക്കാൾ ബലമുള്ള തുടയെല്ലും ഒരു വർഷം മുപ്പത്തിയഞ്ച് ദശലക്ഷം തവണ മിടിക്കുന്ന ഹൃദയവുമായി രാജകീയഭാവത്തിലാണ് മനുഷ്യന്റെ നിലനിൽപ്. നിവർന്നുനിൽക്കാനുള്ള കഴിവും മറ്റുവിരലുകളോട് സമ്മുഖമാക്കാവുന്ന തള്ളവിരലുകളുള്ളതും ആഴവും പരപ്പും അളന്നറിയിക്കുന്ന ദ്വിനേത്രദർശനവും ഇരുകാലിനടത്തവും മനുഷ്യന്റെ ശാരീരികമേൻമകൾ തന്നെ. എന്നാൽ ചിന്തിക്കാനും പ്രവർത്തിക്കാനും ഭാഷ ഉപയോഗിച്ച് ആശയവിനിമയം നടത്താനും എന്തിന്, സ്വന്തം വാസസ്ഥാനത്തിന് അപാരമായ അവസ്ഥാന്തരം വരുത്താനും[5] മനുഷ്യനുള്ള കഴിവ് മറ്റൊരു ജീവിക്കുമില്ല. അതാണ് മനുഷ്യന്റെ അനന്യതയ്ക്കും അധീശത്വത്തിനും കാരണം. ഈ അധീശത്വമാണ് ഇതരജീവജാലങ്ങളെ ഭൂമിയിൽ നിന്ന് നിഷ്കാസിതമാക്കുന്ന ഏകകാരണവും.

മനുഷ്യശരീരത്തിലേയ്ക്ക്[തിരുത്തുക]

കേവലം അണുഘടനാതലത്തിൽ നിന്ന് അതിവിശിഷ്ടജീവതലത്തിലേയ്ക്ക് മനുഷ്യന്റെ രൂപപ്പെടലിന് കാരണമായത് ഇനിയും നിഗൂഢമായി അവശേഷിക്കുന്ന ഊർജ്ജബന്ധങ്ങളാണ്. ജീവൻ എന്ന പ്രതിഭാസം തെളിയിക്കപ്പെടുന്നതും ഊർജ്ജത്തിന്റെ അവസ്ഥാന്തരങ്ങളാലാണ്. ഊർജ്ജത്തെ ഉപയോഗിക്കാനും പ്രയോജകീകരിക്കാനും ആന്തര-ബാഹ്യപരിസ്ഥിതിയിൽ നിലനിർത്തേണ്ട സംതുലനം ഉറപ്പാക്കുന്നതിനും ജീവന്റെ അടയാളമായി മാറിയ ഉപാപചയപ്രവർത്തനങ്ങൾക്ക് കഴിവുണ്ട്. നിർമ്മാണ- ശിഥിലീകരണപ്രക്രിയകളുടെ നിരന്തരസംഘട്ടനം എന്ന് ഇതിനെ വിവക്ഷിക്കാം. ഇതിന് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നത് മറ്റുജീവികളിലെന്നപോലെ മനുഷ്യനിലും ഏകദേശം പത്തുട്രില്യൺ കോശങ്ങളാണ്.[6] ഇവയുടെ പാരസ്പര്യം, ഇവയ്ക്കിടയിൽ കണിശമായി പായുന്ന വൈദ്യുതആവേഗങ്ങൾ, നിശ്ചിതസമയങ്ങളിൽ സ്വയം മരണപ്പെട്ടുപിൻമാറുന്ന കോശനിരകൾ എല്ലാം ഈ വ്യൂഹത്തിന്റെ പ്രണേതാക്കളാണ്.

മനുഷ്യശരീരത്തിലെ കോശങ്ങൾ[തിരുത്തുക]

മറ്റെല്ലാ ബഹുകോശജീവികൾക്കുമെന്നപോലെ കോശസമൃദ്ധമാണ് മനുഷ്യശരീരവും. ഒന്നല്ലൊരായിരം വൈവിധ്യതകളുടെ സമാനതകളില്ലാത്ത ദ്വീപസമൂഹമാണിവ. ആരാണ് കേമൻ എന്ന് തമ്മിൽ മത്സരിക്കുന്നു എന്നുതോന്നിപ്പിക്കുന്ന തരത്തിലുള്ള ധാർമ്മികബോധവും ഘടനാവൈപുല്യവും. ഈ വൈപുല്യത്തിന്റെ കണക്കെടുത്തിട്ടുണ്ട് ശാസ്ത്രജ്ഞർ. ഒടുവിലത്തെ കണക്കുപ്രകാരം ഇത് 210 വ്യത്യസ്തരൂപങ്ങൾ സ്വീകരിച്ചിരിക്കുന്നു.[7] ഇവയിൽ ഉൾപ്പെടുന്ന ചില പ്രത്യേക കോശങ്ങളെ താഴെക്കൊടുത്തിരിക്കുന്നു.

ഗ്രന്ഥീകോശങ്ങൾ[തിരുത്തുക]

ഉമിനീർ ഉൾപ്പെടെയുള്ള ദഹനരസങ്ങൾ, കണ്ണുനീർ, മുലപ്പാൽ, മെഴുക്, സീബം, ശ്ലേഷ്മം എന്നിവ ഉൽപ്പാദിപ്പിക്കുന്നവ.

ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ[തിരുത്തുക]

ഇൻസുലിൻ, അഡ്രിനാലിൻ, വാസോപ്രസ്സിൻ, തൈറോക്സിൻ, എസ്ടോജൻ, പ്രോജസ്ട്രോൺ എന്നിവ ഉൽപ്പാദിപ്പിക്കുന്നവ.

എപ്പിത്തീലിയകോശങ്ങൾ[തിരുത്തുക]

മറ്റ് കോശനിരകൾക്കും ആന്തര-ബാഹ്യ അവയവങ്ങൾക്കും ആവരണമായി പ്രവർത്തിക്കുന്നവ.

നാഡീകോശങ്ങൾ[തിരുത്തുക]

ആവേഗങ്ങളുടെ പുഃനപ്രസരണത്തിനും മസ്തിഷ്കധർമ്മങ്ങളായ ചിന്ത, ഓർമ്മ തുടങ്ങിയവയ്ക്കും സഹായിക്കുന്ന കോശനിരകൾ.‌

ശരീരദ്രവ്യങ്ങൾ ശേഖരിക്കുന്നവ[തിരുത്തുക]

കൊഴുപ്പ്, വിറ്റാമിനുകൾ തുടങ്ങിയവയുടെ ശേഖരണത്തിന് സഹായിക്കുന്ന കോശങ്ങൾ.

മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കുന്ന കോശങ്ങൾ[തിരുത്തുക]

വൃക്കയിലും മറ്റ് ഭാഗങ്ങളിലും കാണപ്പെടുന്നവ.

സംവേദനകോശങ്ങൾ[തിരുത്തുക]

കാഴ്ച, കേൾവി, മണം, രുചി, സ്പർശം, ചൂട്, തണുപ്പ്, വേദന എന്നീ സംവേദനങ്ങൾ അറിയിക്കാൻ സഹായിക്കുന്ന കോശനിരകൾ.

സംയോജകകോശങ്ങൾ[തിരുത്തുക]

വിവിധശരീരഭാഗങ്ങളെ കൂട്ടിയിണക്കുന്നതിനും ശരീരത്തിന് താങ്ങും ബലവും നൽകുന്നതിനും സഹായിക്കുന്ന രക്തകോശങ്ങൾ, അസ്ഥികോശങ്ങൾ എന്നിവ

മനുഷ്യശരീരത്തിലെ വിവിധ അവയവവ്യവസ്ഥകൾ[തിരുത്തുക]

2017-ൽ ശാസ്ത്രജ്ഞർ പുതിയൊരു അവയവം മനുഷ്യശരീരത്തിൽ കണ്ടെത്തിയിരുന്നു. ദഹനവ്യവസ്ഥയുടെ ഭാഗമായിരിക്കുന്ന പുതിയ അവയവത്തിന്ന് നൽകിയിരിക്കുന്ന പേർ "മെസന്ററി" (Mesentery) എന്നാണു. ഉദരത്തിനുള്ളിൽ പെരിട്ടോണിയത്തിന്റെ രണ്ടു പാളിയായിട്ടാണു മെസെന്ററി കാണപ്പെടുന്നത്. ഈ അവയവത്തിന്റെ പ്രത്യേകധർമ്മം എന്താണെന്ന് ശാസ്ത്രം തിരിച്ചറിഞ്ഞിട്ടില്ല. പുതിയ അവയവത്തെ കണ്ടെത്തിയതോടുകൂടി ശരീരത്തിലെ അവയവങ്ങളുടെ എണ്ണം 79 ആയി.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 വിക്കിപ്പീഡിയ വെബ്സൈറ്റ് ബിൽ ബ്രൈസണിന്റെ പുസ്തകം ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "test1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. പ്രപഞ്ചമഹാകഥ- വിവർത്തനപുസ്തകം- വി.ടി.സന്തോഷ്‌കുമാർ: A brieft history of time എന്ന ബിൽ ബ്രൈസന്റെ പുസ്തകത്തിന്റെ വിവർത്തനം, പേജ് 342.
  3. 3.0 3.1 വിക്കിമീഡിയ വെബ്സൈറ്റ് Theory of the origin of life എന്ന ഭാഗം കാണുക. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "test3" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. Objective Biology: Page 162, Arihant Prakashan, Meerut, www.arihantbooks.com
  5. http://en.wikipedia.org/wiki/Marx%27s_theory_of_human_nature
  6. http://en.wikipedia.org/wiki/Cell_%28biology%29
  7. en.wikipedia.org/wiki/List_of_distinct_cell_types_in_the_adult_human_body
"https://ml.wikibooks.org/w/index.php?title=മനുഷ്യശരീരം&oldid=17215" എന്ന താളിൽനിന്ന് ശേഖരിച്ചത്