ജാവ പ്രോഗ്രാമിങ്ങ്/അദ്ധ്യായം 1

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ജാവ ഒരു ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ്ങ് ഭാഷയാണ്. മറ്റ് ഒബ്ജക്റ്റ് ഓറിയന്റഡ് ഭാഷകളേപ്പോലെ തന്നെ ജാവയും ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ്ങ് തത്വങ്ങളിൽ (അബ്സ്ട്രാക്ഷൻ, എൻ‌കാപ്സുലേഷൻ, ഇൻ‌ഹറിറ്റൻസ്, പോളിമോർഫിസം) അധിഷ്ഠിതമാണ്. 1995-ൽ തങ്ങളുടെ ജാവ പ്ലാറ്റ്ഫോമിന്റെ ഭാഗമായി സൺ മൈക്രോസിസ്റ്റംസ് ആണ് ജാവ ആദ്യമായി പുറത്തിറക്കിയത്. 1991-ൽ ജെയിംസ് ഗോസ്‌ലിങ്ങ് ആണ് ഇതിന്റെ നിർമ്മാണത്തിനു തുടക്കം കുറിച്ചത്. തന്റെ മുറിക്കു പുറത്തു നിന്നിരുന്ന ഓക്ക് മരത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഓക്ക് എന്നാണ് ഇതിന് ആദ്യം പേരിട്ടത്. പിന്നീട് ഈ ഭാഷയെ ജാവ എന്ന് പുനർ‌നാമകരണം ചെയ്തു. ജാവയുടെ ഒന്നാം പതിപ്പ് 1996-ൽ പുറത്തിറങ്ങി. ഇന്ന് ജാവ വെർഷൻ 1.6-ൽ എത്തി നിൽക്കുന്നു. സി പ്രോഗ്രാമിങ്ങ് ഭാഷയുടെ ശൈലിയിലുള്ള സിന്റാക്സും വർച്വൽ മെഷീൻ ആശയം വഴി ഏതു പ്ലാറ്റ്ഫോമിലും ഓടിക്കാമെന്നുള്ള പ്രത്യേകതയുമാണ് ഇന്റർനെറ്റിനെ ഉന്നം വെച്ചുകൊണ്ടെഴുതിയ ഈ ഭാഷയുടെ പ്രധാന ആകർഷണങ്ങൾ. മൊബൈൽ ഉപകരണങ്ങൾ മുതൽ വൻ‌കിട സെർവറുകളിൽ വരെ ഓടാൻ കഴിയുന്ന വിവിധതരം അപ്ലിക്കേഷൻ പ്രോഗ്രാമുകൾ ജാവയിൽ എഴുതപ്പെട്ടിട്ടുണ്ട്. ഇന്ന് ജാവയുടെ സോഴ്സ് കോഡ് ഗ്നു അനുമതിപത്രപ്രകാരം ലഭ്യമാണ്.

ജാവ - എന്ത്, എങ്ങനെ?[തിരുത്തുക]

ഇനി നമുക്ക് ഭാഷയുടെ വിശദാംശങ്ങളിലേക്കു കടക്കാം. “ഒരിക്കൽ എഴുതുക എവിടെ വേണമെങ്കിലും ഓടിയ്ക്കുക” എന്നതാണ് ജാവയുടെ പ്രവർത്തന തത്വം. ഇത് സാധ്യമാക്കുന്നത് ജാവയുടെ വർച്വൽ മെഷീൻ ആശയമാണ്. എഴുതപ്പെടുന്ന പ്ലാറ്റ്ഫോമിൽ അധിഷ്ഠിതമായ സാധാരണ ഭാഷകളിൽ നിന്നും വ്യത്യസ്തമായി ജാവയുടെ കമ്പൈലർ ഉൽപ്പാദിപ്പിക്കുന്നത് ബൈറ്റ് കോഡാണ്. വെർച്വൽ മെഷീൻ ഇതിനെ ഇന്റർപ്രെട്ട് ചെയ്ത് മെഷീൻ കോഡ് ഉൽപ്പാദിപ്പിക്കുകയും ഓടിക്കുകയും ചെയ്യുന്നു. എല്ലാ‍ പ്രധാന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾക്കും ഓടുന്ന ഹാർഡ്‌വെയർ പ്ലാറ്റ്ഫോമുകൾക്കുമുള്ള വെർച്വൽ മെഷീനുകൾ (ജാവ വെർച്വൽ മെഷീൻ) സൺ മൈക്രോസിസ്റ്റംസ് പുറത്തിറക്കിയിട്ടുണ്ട്. അതുകൊണ്ട്, ഒരിക്കൽ എഴുതി കമ്പൈൽ ചെയ്തൂണ്ടാക്കിയ ജാവയിലെഴുതിയ അപ്ലിക്കേഷൻ ഏതു പ്ലാറ്റ്ഫോമുകളിലും അതാതു പ്ലാറ്റ്ഫോമുകൾക്കുള്ള വെർച്വൽ മെഷീൻ വഴി പ്രവർത്തിപ്പിക്കാൻ സാധിക്കും. ജാവ വർച്വൽ മെഷീനുകൾ പോർട്ടബിൾ അല്ലെങ്കിലും (അതായത്, വിൻഡോസിനുള്ള വർച്വൽ മെഷീൻ യുണിക്സിലോ തിരിച്ചോ പ്രവർത്തിപ്പിക്കാൻ സാധിക്കില്ല) ജാവ പ്രോഗ്രാം നിർമ്മിച്ച ബൈറ്റ് കോഡ് പ്ലാറ്റ്ഫോം സ്വതന്ത്രമാണ്. ജാവ ഡവലപ്‌മെന്റ് കിറ്റ് ആണ് ജാവയിൽ പ്രോഗ്രാമെഴുതാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ പ്രോഗ്രാമുകളുടെ സമുച്ചയം. ജാവ ഡവലപ്മെന്റ് കിറ്റിൽ ജാവാ കമ്പൈലറിനോടൊപ്പം പാക്കേജുകളാക്കി തിരിച്ചു സംഭരിച്ചിട്ടുള്ള കുറേ ക്ലാസുകൾ ഉണ്ട്. പ്രോഗ്രാമറുടെ പ്രാധമിക ആവശ്യങ്ങൾക്കായുള്ള ഒബ്ജക്റ്റുകൾ നിർമ്മിക്കുന്നതിനാവശ്യമായ പ്രോഗ്രാമുകളാണ് ഇവ.

എന്താണീ ക്ലാസ്?[തിരുത്തുക]

ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ്ങ് ആശയത്തിലെ പ്രധാനപ്പെട്ട ഒരു ആശയമാണ് ക്ലാസ് എന്നത്. ചുരുക്കിപ്പറഞ്ഞാൽ ഒരു കൂട്ടം ഡാറ്റയും (ആട്രിബ്യൂട്ടുകൾ), അതിനെ ആവശ്യമായ തരത്തിൽ ഉപയോഗിക്കുവാനോ രൂപപ്പെടുത്താനോ ഉള്ള മെത്തേഡുകളും ചേർന്നതാണ് ഒരു ക്ലാസ്. ഈ ക്ലാസുകൾ റൺ ടൈമിൽ (പ്രോഗ്രാം കമ്പ്യൂട്ടറിൽ ഓടുമ്പോൾ) അതാത് ഒബ്ജക്റ്റുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഒബ്ജക്റ്റുകൾ ഈ ലോകത്തിലെ ഒരു വസ്തുവിനോട് താരതമ്യം ചെയ്യാം. ഉദാഹരണത്തിന് ഒരു പേനയുടെ കാര്യമെടുക്കാം. പേനയ്ക്ക് നമുക്ക് ഒരു പറ്റം പ്രത്യേകതകൾ കണ്ടെത്താം. എഴുതുന്ന നിറം, നീളം, വണ്ണം, നിബ്ബിന്റെ ശൈലി, വിതി, നിർമ്മാതാവിന്റെ പേര് എന്നിവ ഏതൊരു പേനയ്ക്കും ഉണ്ടാവുന്ന വിശേഷണങ്ങളാണ്. എഴുതുക എന്നത് ഇതിന്റെ പൊതുവായ മെത്തേഡും. ഇതിനെ ഒരു നിയതമായ ശൈലിയിൽ എഴുതി ഫലിപ്പിച്ചാൽ ക്ലാസ് ആയി. ക്ലാസിന്റെ പ്രവർത്തനത്തിന്റെ ഉള്ളുകള്ളികൾ ആ ഒബ്ജക്റ്റ് ഉപയോഗിക്കുന്ന പ്രോഗ്രാമറുടെ പ്രോഗ്രാമിന് അറിയേണ്ടതില്ല. പ്രോഗ്രാമിനാവശ്യമായ കാര്യങ്ങൾ വിളിക്കുന്നതിനനുസരിച്ച് ഒബ്ജക്റ്റിലെ മെത്തേഡുകൾ ചെയ്തു കൊടുക്കും. ഇത് ഒബ്ജക്റ്റ് ഓറിയന്റഡ് ആശയത്തിലെ എൻ‌കാപ്സുലേഷൻ, അബ്‌സ്ട്രാക്ഷൻ എന്നീ സവിശേഷതകളെയാണ് പ്രതിനിധീകരിക്കുന്നത്. ഇൻ‌ഹറിറ്റൻസ്, പോളിമോർഫിസം എന്നീ ആശയങ്ങളേക്കുറിച്ച് നമുക്കു പിന്നീട് സംസാരിക്കാം.

ഡവലപ് ചെയ്യാൻ എന്തു വേണം?[തിരുത്തുക]

നമുക്കിനി പ്രോഗ്രാമിങ്ങിലേക്ക് കടക്കാം. തുടങ്ങുന്നതിനു മുന്നേ താഴെ പറയുന്നവ കമ്പ്യൂട്ടറിലേക്ക് ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം

1. ജാവാ സോഫ്റ്റ്‌വെയർ ഡവലപ്മെന്റ് കിറ്റ് (http://java.sun.com -ൽ നിന്നും ഡൌൺലോഡ് ചെയ്യാം. ഇല്ലെങ്കിൽ ഏതെങ്കിലും കമ്പ്യൂട്ടർ മാഗസീനുകളുടെ കൂടെ വരുന്ന സീഡികളിൽ കിട്ടും) 2. ഏതെങ്കിലും ഒരു ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് എന്വയേണ്മെന്റ്. ഉദാഹരണം എക്ലിപ്സ് (http://www.eclipse.org/) അല്ലെങ്കിൽ നെറ്റ്‌ബീൻസ് (http://www.netbeans.org/) പഠിക്കാൻ ഇവയൊന്നും വേണമെന്നില്ല. നല്ലൊരു ടെക്സ്റ്റ് എഡിറ്റർ മാത്രം മതിയാവും. വിൻഡോസിൽ ചെയ്യുന്നവർക്ക് എഡിറ്റ്പ്ലസ്, ടെക്സ്റ്റ്പാഡ്, നോട്‌പാഡ് പ്ലസ് പ്ലസ് തുടങ്ങിയവയിലേതെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇതൊന്നുമില്ലെങ്കിലും സാധാരണ വിൻഡോസിനൊപ്പം വരുന്ന നോട്പാഡായാലും മതി. ലിനക്സ്/യുണിക്സ്/സൊളാരിസ് ഓപ്പറെറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് വിഐ (Vi)അല്ലെങ്കിൽ വിം (Vim), ഇമാക്സ് (Emacs) എന്നിവയിലേതെങ്കിലും ഉപയോഗിക്കാം. മാക് ഉപയോക്താക്കൾക്ക് സിമ്പിൾടെക്സ്റ്റ് അല്ലെങ്കിൽ ടെക്സ്റ്റെഡിറ്റ് ഉപയോഗിക്കാവുന്നതാണ്. http://en.wikipedia.org/wiki/List_of_text_editors -ൽ നോക്കിയാൽ മറ്റു ജനകീയമായ എഡിറ്ററുകളുടെ ലിസ്റ്റ് കിട്ടും.

ഇവ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ അടുത്തതായി ചെയ്യേണ്ടത് ജാവയ്ക്ക് സുഗമമായി പ്രവർത്തിക്കാനുള്ള തരത്തിൽ കമ്പ്യൂട്ടറിന്റെ എൻ‌വയേൺ‌മെന്റ് വേരിയബിളുകൾ സെറ്റു ചെയ്യുകയാണ്. ഏത് ഓപ്പറേറ്റിങ്ങ് സിസ്റ്റവും പ്രവർത്തിക്കുമ്പോൾ അതിന് പൊതുവേ ആവശ്യമായ കുറേ വിവരങ്ങൾ എൻ‌വയേണ്മെന്റ് വേരിയബിളുകളിൽ സൂക്ഷിക്കുന്നുണ്ട്. യുണിക്സിലും വിൻഡോസിലും ഇതു കാണാൻ ഒരു കമാൻഡ് വിൻഡോ തുറന്ന് set എന്ന് ടൈപ്പ് ചെയ്ത് എന്റർ കീ ഞെക്കി നോക്കൂ. താഴെ കാണുന്നതുപോലെ ഒരു വലിയ ലിസ്റ്റ് വേരിയബിളുകളും വിലകളും കാണാം.

C:\Documents and Settings\Jyothis>set ALLUSERSPROFILE=C:\Documents and Settings\All Users APPDATA=C:\Documents and Settings\Jyothis\Application Data CLASSPATH=.;C:\Program Files\Java\jre1.6.0_05\lib\ext\QTJava.zip CLIENTNAME=Console CommonProgramFiles=C:\Program Files\Common Files COMPUTERNAME= ComSpec=C:\WINDOWS\system32\cmd.exe FP_NO_HOST_CHECK=NO HOMEDRIVE=C: HOMEPATH=\Documents and Settings\Jyothis JAVA_HOME=C:\Java\jdk1.6.0_05 LOGONSERVER=\\JYOTHIS-DELL NUMBER_OF_PROCESSORS=1 OS=Windows_NT Path=C:\WINDOWS\system32;C:\WINDOWS;C:\WINDOWS\System32\Wbem;C:\Program Files\QuickTime\QTSystem\;C:\Program Files\TortoiseSVN\bin;D:\Python25 PATHEXT=.COM;.EXE;.BAT;.CMD;.VBS;.VBE;.JS;.JSE;.WSF;.WSH PROCESSOR_ARCHITECTURE=x86 PROCESSOR_IDENTIFIER=x86 Family 6 Model 13 Stepping 8, GenuineIntel PROCESSOR_LEVEL=6 PROCESSOR_REVISION=0d08 ProgramFiles=C:\Program Files PROMPT=$P$G SESSIONNAME=Console SonicCentral=C:\Program Files\Common Files\Sonic Shared\Sonic Central\ SystemDrive=C: SystemRoot=C:\WINDOWS windir=C:\WINDOWS

നമുക്കു ജാവ ഉപയോഗിക്കാനായി രണ്ട് പ്രധാന എൻ‌വയേണ്മെന്റ് വേരിയബിൾ ആവശ്യമുണ്ട്. CLASSPATH, PATH എന്നിവ. CLASSPATH എന്നത് നമ്മുടെ ജാവാ പ്രോഗ്രാമിന്റെ ക്ലാസ് ഫയലുകളും പാക്കേജുകളും സംഭരിക്കുന്ന സ്ഥലമാണ്. ഇത് എൻ‌‌വയേണ്മെന്റ് വേരിയബിൾ വഴിയോ കമ്പൈലറിനുള്ള കമാൻഡ് ലൈൻ പരാമീറ്ററായോ കൊടുക്കാവുന്നതാണ്. ജാവാ പ്രോഗ്രാം കമ്പൈൽ ചെയ്യുമ്പോൾ കമ്പൈലർ കസ്റ്റം ക്ലാസുകൾക്കായി നോക്കുന്ന ഡയറക്ടറി പാത്താണ് ക്ലാസ്പാത്. ഇത് സെറ്റ് ചെയ്യാൻ വിൻഡോസിൽ മൈകമ്പ്യൂട്ടറിന്റെ പ്രോപ്പർട്ടീസിൽ അഡ്വാൻസ്ഡ് സിസ്റ്റം സെറ്റിങ്സിൽ എൻ‌വയേണ്മെന്റ് വേരിയബിൾസ് എടുക്കുക. കമാൻഡ് ലൈനിൽ സെറ്റ് കമാൻഡ് ഉപയോ‍ഗിച്ചാലും മതി. നമ്മൾ ജാവ ക്ലാസുകൾ സേവ് ചെയ്യാൻ ഉദ്ദേശിക്കുന്ന പാത്ത് ക്ലാസ്പാത്തിലും ജാവ ഇൻസ്റ്റാൾ ചെയ്തതിന്റെ ബിൻ ഡയറക്ടറി പാത്തിലും ചേർക്കണം

യുണിക്സിലോ ലിനക്സിലോ ആണെങ്കിൽ ഇത് .profile എന്ന ഫയലിൽ സെറ്റ് ചെയ്താൽ മതി. ഇത്രയും ചെയ്തു കഴിഞ്ഞാൽ നമ്മുടെ കമ്പ്യൂട്ടറിൽ ജാവയിൽ കോഡെഴുതി തുടങ്ങാൻ ആവശ്യമായ പ്രാധമിക സെറ്റിങ്ങുകൾ ആയി. ബാക്കി നമുക്കു വഴിയേ കാണാം. ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് എന്വയേണ്മെന്റ് ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇതൊന്നും ആവശ്യമില്ല. ഇതെല്ലാം അതു തന്നെ ചെയ്തു കൊള്ളും. തുടക്കമെന്ന നിലയിൽ ഇങ്ങനെ ചെയ്താൽ പഠിക്കാനൂപകരിക്കും.

വരൂ, ജാവ പഠിക്കാം[തിരുത്തുക]

ഇപ്പോൾ നമ്മൾ ജാവയിൽ പ്രോഗ്രാമെഴുതിത്തുടങ്ങാൻ നമ്മുടെ കമ്പ്യൂട്ടറിനെ സജ്ജമാക്കിക്കഴിഞ്ഞു. പ്രോഗ്രാം ഒരു ടെക്സ്റ്റ് എഡിറ്ററിൽ എഴുതി സേവ് ചെയ്തതിനു ശേഷം, നമുക്ക് javac എന്ന കമാന്റ് വഴി കമ്പൈൽ ചെയ്യാം. കമ്പൈൽ ചെയ്തു കിട്ടുന്ന ഫയൽ ബൈറ്റ് കോഡായിരിക്കും. ഇതിനെ നമുക്ക് java എന്ന കമാന്റു വഴി ഓടിക്കാൻ സാധിക്കും.

എല്ലാ സോഴ്സ് ഫയലുകളും .java എന്ന എക്സ്റ്റൻഷനിലാണ് സേവ് ചെയ്യേണ്ടത്. ജാവ പ്രോഗ്രാമുകൾ കമ്പൈൽ ചെയ്തു കിട്ടുന്നതിന്റെ എക്സ്റ്റൻഷൻ .class എന്നും ആയിരിക്കും. പ്രോഗ്രാം എക്സിക്യൂഷൻ ആരംഭിക്കുന്നത് main() മെത്തേഡ് ഉള്ള ക്ലാസിൽ ആയിരിക്കും. സോഴ്സ് ഫയലിന്റെ പേരും മെയിൻ മെത്തേഡ് ഉള്ള ക്ലാസിന്റെ പേരും ഒന്നായിരിക്കണം. പേരുകൾ കേസ് സെൻസിറ്റീവ് ആണെന്നത് പ്രത്യേകം ഓർക്കണം.

ഒരു ജാവ പ്രോഗ്രാമിന്റെ പൊതുവായ ഒരു രൂപരേഖ നമുക്കു പരിശോധിക്കാം.

1. പാക്കേജ് ഡെഫിനിഷൻ ക്ലാസുകളെ അതിന്റെ ഉപയോഗമനുസരിച്ച് പാക്കേജുകളായി തരം തിരിക്കാം. ഇത് വലിയ പ്രോജക്റ്റുകൾ ചെയ്യുമ്പോൾ വളരെ ഉപയോഗപ്പെടും. package എന്ന കീവേഡ് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ആയിരക്കണക്കിനു ക്ലാസുകളുള്ള പ്രോജക്റ്റിനെ ക്ലാസുകളുൾ നിർ‌വഹിക്കുന്ന കടമയനുസരിച്ച് കൂട്ടം തിരിച്ചു വെച്ചിരുന്നാൽ പ്രോഗ്രാം എഴുതുമ്പോൾ വൃത്തിയായി അടുക്കും ചിട്ടയുമായി വെക്കാൻ കഴിയും

ഉദാഹരണം: package myprojects.tutorial.testpackage;


2. ഇം‌‌പോർട്ട് സ്റ്റേറ്റ്മെന്റുകൾ ജാവയിലെ പ്രോഗ്രാമുകൾ ഒരു പറ്റം ക്ലാസുകളുടെ സഞ്ചയമായിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത് എന്നു നമ്മ്ള് പറഞ്ഞല്ലോ?. ഒരു ക്ലാസ് മറ്റൊരു ക്ലാസിനകത്ത് ഉപയോഗിക്കണമെങ്കിൽ അത് ഇമ്പോർട്ട് ചെയ്യണം. ഇതിനായി import എന്ന കീ വേഡാണ് ഉപയോഗിക്കുന്നത്. പാക്കേജിനകത്ത് ക്ലാസിലേക്കുള്ള മുഴുവൻ പേരും പറയണം എന്നത് പ്രത്യേക്കം ശ്രദ്ധിക്ക്കുക.


ഉദാഹരണം: import myprojects.tutorial.testpackage.MyClassFile;

മറ്റ് ടെക്സ്റ്റ് പൂസ്തകങ്ങളിലും മറ്റും ഇം‌പോർട്ട് ചെയ്യുന്നത് import myprojects.tutorial.testpackage.*; എന്നും കൊടുക്കാമെങ്കിലും, ഉപയോഗിക്കേണ്ട ക്ലാസുകൾ മാത്രം ഇം‌പോർട്ട് ചെയ്യുന്നതാണ് ഉത്തമം. ഇത് ആകെയുള്ള പ്രോഗ്രാമിന്റെ വലിപ്പം കുറയ്ക്കാനും എഴുതിയ കോഡ് പിന്നീട് പുനർവായനയ്ക്കും സഹായകരമാകും. java.lang എന്ന പാക്കേജ് ജാവയുടെ ആടിസ്ഥാനപരമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നതിനാൽ ജാവ പ്രോഗ്രാമെഴുതുമ്പോൾ ആ പാക്കേജ്ജ് സ്വമേധയാ ഇം‌പോർട്ട് ചെയ്യപ്പെടും..

3. ക്ലാസ് ഡെഫിനിഷൻ ഈ ഭാഗത്താണ് നമ്മുടെ ഒബ്ജക്റ്റ് നിർമ്മിക്കാനാവശ്യമായ ക്ലാസ് എന്ന രൂപരേഖ നിർ‌വചിക്കുന്നത്. സാധാരണയായി ക്ലാസിനകത്ത് വേരിയബിളുകൾ, കൺസ്സ്ട്രക്ടറുകൾ, മെത്തേഡുകൾ, മെയിൻ മെത്തേഡ് എന്നിവ കാണും. ഒരു ക്ലാസിനകത്ത് മറ്റൊര്രു ക്ലാസ്സും എഴുതാം. ഇതിനെ ഇന്നർ ക്ലാസെന്നു വിളിക്കും. ഇതിനേക്കുറിച്ചു വരും ലക്കങ്ങളിൽ പ്രതിപാദിക്കും.

പ്രോഗ്രാമുകൾ എഴുതുമ്പോൾ കമന്റുകൾ ചേർക്കാൻ മറക്കരുത്. വ്യക്തമായി കമന്റുകൾ ചേർത്ത പ്രോഗ്രാമുകൾ പിന്നീട് വായിച്ചു മനസ്സിലാക്ക്നും തിരുത്തിയെഴുതാനും ഒട്ടേറെ ഉപകാരപ്രദമാണ്. കമന്റുകൾ ചേർക്കാൻ // അല്ലെങ്കിൽ /* */ എന്നീവ ഉപയോഗിക്ൿാം

ഉദാഹരണം:

//This is a comment

അല്ലെങ്കിൽ

/* This is a comment

This can span multiple lines*/

രണ്ട് സംഖ്യകൾ കൂട്ടി അതീന്റെ ഉത്തരവും ഇന്നത്തെ ദിവസവും സമയവുമടക്കം പ്രിന്റ് ചെയ്യുന്ന ഒര്രു പ്രോഗ്രാം നോക്കൂ.