ഇതിഹാസങ്ങൾ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

രാമായണം മഹാഭാരതം ഭാരതീയസംസ്കാരം ഉരുവംകൊള്ളുന്നത് വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും അടിസ്ഥാനപ്പെടുത്തിയാണ്.സംസ്കാരത്തിലെ ഭൌതികവും ആത്മീയവും ആയ എല്ലാ ഘടകങ്ങളും മാത്രമല്ല അറിവിന്റേയും ചിന്താരൂപങ്ങളുടെയും അടിത്തറ വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും തന്നെ.രാമായണവും മഹാഭാരതവും ആണ് നമ്മുടെ ഇതിഹാസങ്ങൾ. രാമായണം ആദികാവ്യമാകുന്നു. രാമായണത്തിന്ന് ശേഷമാണ് മഹാഭാരതകഥ രചിക്കപ്പെടുന്നത്. കഥാപാത്രങ്ങളുടെ കാലഘട്ടവും ഇതിനു അനുസരിച്ചാണ്. ശ്രീരാമനു ശേഷമാണ് ശ്രീകൃഷ്ണന്റെ കാലം.മഹാഭാരതത്തിൽ രാമായണകഥ ഉണ്ട്. കഥാപാത്രകാലം മാത്രം അല്ല, ഭാഷ, സാംസ്കാരിക സൂചനകൾ,ശാസ്ത്ര ശാങ്കേതിക വളർച്ച തുടങ്ങിയ സംഗതികളും ആദികാവ്യം രാമായണമെന്ന് പറയുന്നു. ഓരോ ജന സംസ്കാരത്തിലും കാവ്യങ്ങൾ രൂപമെടുത്തിട്ടുണ്ട്.എന്നാൽ ആദിമധ്യാന്തമുള്ള, കെട്ടുറപ്പുള്ള ഒരുകഥ, അതും ബൃഹദാകാരമാർന്ന ഗ്രന്ഥരൂപം നമ്മുടെ ഇതിഹാസങ്ങൾക്കു തന്നെയാണ്.ചെറിയചെറിയ കഥകൾ അതും പരസ്പരബന്ധമില്ലാത്തവ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. മഹാഭാരതം പോലൊന്ന് ഭാരതത്തിലേ ഉണ്ടായുള്ളൂ.രചയിതാവും,കഥയും കഥാപാത്രവും സ്ഥലനാമവും (ഭാരതം/ഭരതൻ)ഒക്കെ ഒന്നാവുന്ന, പരസ്പരം ബന്ധപ്പെടുന്ന രചനാഭംഗി ഇതിഹാസത്തെ ചരിത്രമെന്നുവരെ കണക്കാക്കാൻ നമ്മെ ഉത്സാഹിപ്പിച്ചു. ഇതിഹാസസംസ്കാരം നമ്മെ എക്കാലവും ഏതുസന്ദർഭത്തിലും സ്വാധീനിക്കുകയും നമ്മുടെ സംസ്കാരരൂപീകരണത്തിൽ അടിത്തറയാവുകയും ചെയ്തു.


വന്ദേ വാത്മീകി കോകിലം[തിരുത്തുക]

ആദികാവ്യമായാണ് രാമായണത്തെ നാം പരിഗണിക്കുന്ന്ത്. ആദി കവി വാത്മീകിയും. 24000 ശ്ലോകങ്ങളിൽ എഴുതി.കഥയും കഥാപാത്രവും കഥാവസ്തുവും രചയിതാവും പഠിതാവും ഗായകനും ഒക്കെ കൂടിക്കലരുന്ന കാവ്യശിൽപ്പം അനുപമമാണ്.. ഏതാണ്ട് 2500 വർഷത്തെ പഴക്കമാണ് ആദികാവ്യത്തിന്ന് പണ്ഡിതന്മാർ കൽപ്പിക്കുന്നത്.

വാത്മീകിയുടെ ഐതിഹ്യം

അഹം പുരാ കിരാതേഷു കിരാതൈ: സഹ വർദ്ധിത: ജന്മമത്രദ്വിജത്വം മേ ശൂദ്രാചാരരത: സദാ (അധ്യാത്മരാമായണം അയോധ്യാകാണ്ഡം) രാമലക്ഷ്മണന്മാരും സീതയും വനവാസത്തിന്നായി ചിത്രകൂടത്തിലെത്തുന്നു. അവിടെവെച്ചു വാത്മീകിയെ കാണുന്നുണ്ട്. അവിടെ വെച്ചു ഋഷി തന്റെ പൂർവകഥ ശ്രീരാമനോട് പറയുന്നു : “ഞാൻ ആദ്യം കിരാതന്മാരോടൊപ്പം താമസിക്കുകയും ശൂദ്രപ്രവൃത്തികളിൽ മുഴുകുകയും ചെയ്തതുകൊണ്ട് എന്റെ ബ്രാഹ്മണത്വം ജന്മമാത്രമായിരുന്നു. കള്ളന്മാരുടെകൂട്ടുകെട്ടിൽ ഞാനും കള്ളനായി. ഒരിക്കൽ വനത്തിൽ വെച്ചു ചില മഹർഷിമാരെ കൊള്ളയടിക്കാൻ തുടങ്ങിയപ്പോൾ അവർ എന്നോട് ചോദിച്ചു: കൊള്ളയും കൊലയും പാപമാണു. നീ നിന്റെ കുടുംബത്തിനു വേണ്ടിയാണല്ലോ ഈ പാപം ചെയ്യുന്നത്. ഈ പാപത്തിന്റെ പങ്കാളിത്തം അവർകൂടി അനുഭവിക്കുമോ? വീട്ടിലെത്തി ഭാര്യയോടും കുട്ടികളോടും ഈ പ്രശ്നം അവതരിപ്പിച്ചു. കിട്ടിയ ഉത്തരം:ധനം മതി ഞങ്ങൾക്ക്; പാപം അങ്ങക്കുതന്നെ. ഇതു കേട്ട് ജീവിതവിരക്തിയുണ്ടാവുകയും ഞൻ മഹർഷിമാരെകണ്ട് ദയ യാചിക്കുകയും ചെയ്തു. അവർ എന്നോട് ഏകാഗ്രചിത്തനായിരുന്നു ‘മരാ..മരാ എന്നു ധ്യാനിക്കാൻ ഉപദേശിച്ചു. ആയിരം യുഗം ഞാൻ അതു ചെയ്തു. ചുറ്റും ചിതൽപ്പുറ്റുമൂടി.മഹർഷിമാർ അതു വഴി തിരിച്ചു വന്നു എന്നെ കണ്ട് പുറ്റിൽ നിന്നു മോചിപ്പിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു: അല്ലയോ മുനിശ്രേഷ്ഠാ, നിങ്ങൾ വാത്മീകിയാണ്.ഇപ്പോൾ നിങ്ങൾ വത്മീകത്തിൽനിന്നു പുറത്തുവന്നിരിക്കുന്നു. അതുകൊണ്ട് നിങ്ങൾക്ക് രണ്ടാമതൊരു ജന്മ്മമുണ്ടായി… വാത്മീകിയുടെപൂർവകഥ ആദ്യമായി വിസ്തരിച്ചു പറയുന്നത് സ്കന്ദപുരാണത്തിലാണ്(എ.ഡി.8-ഠ നൂറ്റാണ്ട്).നാലുകഥകൾ ഇതിൽ ഇഷൽഭേദത്തോടെ ഉണ്ട്. അധ്യാത്മരാമായണത്തിൽ (സംസ്കൃതം) വാത്മീകിതന്നെ സ്വന്തം കഥ വിവരിക്കുന്നുണ്ട്.രാമചരിതമാനസത്തിലും അത്വസംഗ്രഹരാമായണത്തിലും ആനന്ദരാമായണത്തിലും ഇക്കഥ വിവരിക്കുന്നുണ്ട്. പ.ലി: മരാ..മരാ…എന്നു ജപിക്കാൻ മഹർഷിമാർ നിർദ്ദേശിച്ചത്, നമ്മൾ മലയാളികൾ ആമരം…ഈ മരം…എന്നാക്കി. മരം എന്ന പദം സംസ്കൃതമല്ലെന്നുപോലും നാം ഓർത്തില്ല! പലയിടത്തും നാമിത് ആധികാരികമായി ഉദ്ധരിക്കയും ചെയ്തുകൊണ്ടിരിക്കുന്നു.

വിവിധ രാമായണങ്ങൾ[തിരുത്തുക]

ആദികാവ്യമായ വാത്മീകിരാമായണം.ഈ കഥ പിന്നീട് വിസ്തരിച്ചും ചുരുക്കിയും രൂപമാറ്റം ചെയ്തും പിന്നീട് നിരവധി രാമായണങ്ങൾ ഉണ്ടായി. അവയിൽ ചിലത് നോക്കൂ: വാത്മീകിരാമായണം അധ്യാത്മരാമായണം അത്ഭുതരാമായണം കമ്പരാമായണം ഭാസ്കര രാമായണം രാമചരിതം രാമകഥാപ്പാട്ട് കണ്ണശ്ശരാമായണം പമ്പരാമായണം ആനന്ദരാമായണം തത്വ്സംഗ്രഹ രാമായണം അഗ്നിവേശരാമായണം മൊല്ലരാമായണം കൃത്തിവാസരാമായണം തുളസീദാസരാമയണം അധ്യാത്മരാമായണം കിളിപ്പാട്ട് ദ്വിപദരാമായണം

രാമകഥ പൂർണ്ണമായി വിവരിക്കുന്ന പ്രധാനകൃതികളാണിതെല്ലാം. ഇതിനുപുറമേ രാമായണകഥ പറയുന്ന നാടകങ്ങൾ, നോവലുകൾ, കഥകൾ, കവിതകൾ, സിനിമകൾ, നൃത്ത രൂപങ്ങൾ, ചിത്രങ്ങൾ, പെയിന്റിങ്ങുകൾ, കഥകളി, പാവകളി, പാവക്കൂത്ത്,സീരിയലുകൾ, ചിത്രകഥകൾ….എന്നിങ്ങനെ നിരവധിയുണ്ട്. ഇപ്പൊഴും ഉണ്ടായിക്കൊണ്ടിരിക്കയും ചെയ്യുന്നു.

4.

നാട്ടുകഥ[തിരുത്തുക]

മാം വിദ്ധി

ഒരിക്കൽ പണ്ഡിതനായ വരരുചിയോട് ചക്രവർത്തി രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം ഏതെന്നു ചോദിച്ചു.അദ്ദേഹത്തിന്ന് പെട്ടെന്നു ഉത്തരം പറയാനായില്ല.രാമായണത്തിലെ എല്ലാ ശ്ലോകങ്ങളും പ്രധാനപ്പെട്ടവതന്നെ. അതിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നു ചോദിച്ചാൽ എന്തു പറയും? മറ്റുള്ളവർ തന്റെ പാണ്ഡിത്യത്തെ കളിയാക്കുന്നതിൽ നിന്നു രക്ഷപ്പെടാനും രാമായണത്തിലെ പ്രധാനപ്പെട്ട ശ്ലോകം കണ്ടെത്താനുമായി വരരുചി ദേശാടനം തീരുമാനിച്ചു. യാത്രകൊണ്ട് തളർന്ന് ഒരു വടവൃക്ഷക്കീഴിൽ വിശ്രമിക്കുമ്പോൾ മരത്തിന്ന് മുകളിലിരുന്ന രണ്ടു ഗന്ധർവന്മാർ താഴ കിടക്കുന്ന വരരുചിയെ കളിയാക്കി പറയുന്നത് കേട്ടു: മണ്ടൻ. ‘മാം വിദ്ധി‘ അറിയാത്തവനാണ്. വരരുചി ഇതുകേട്ട് എഴുന്നേറ്റു. ആശ്വാസമായി. രാമായണത്തിലെ പ്രധാനപ്പെട്ട ശ്ലോകം കിട്ടി. രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം അയോധ്യാ അടവീം വിദ്ധി ഗഛ താത! യഥാ സുഖം. വനവാസത്തിന്ന് ശ്രീരാമനോടും സീതക്കുമൊപ്പം വനവാസത്തിന്നു പുറപ്പെടുന്ന ലക്ഷ്മണനെ അമ്മയായ സുമിത്ര ഉപദേശിക്കുകയാണ്: രാമനെ ദശരഥനായി കരുതുക സീതയെ ഞാനെന്നു കരുതുക കാട് അയോധ്യയായി കരുതുക മകനേ! അങ്ങനെ സുഖമായി പോകുക.

നുറുങ്ങുകൾ 1.ലക്ഷ്മണന്റെ ഉപവാസം.

രാമരാവണയുദ്ധരംഗം.എല്ലാം ഒടുക്കാൻ തീരുമാനിച്ചുറച്ച് രാവണപുത്രനായ ഇന്ദ്രജിത്ത് യുദ്ധത്തിനിറങ്ങുന്നു. യുദ്ധാരംഭത്തിന്നു മുൻപ് രഹസ്യമായി ഇന്ദ്രജിത്തിന്ന് ഒരു പൂജയുണ്ട്. പൂജ നിർവിഘ്നം സമാപിച്ചാൽ അവനെ ആർക്കും ജയിക്കാനാവില്ലെന്നു വിഭീഷണൻ ശ്രീരാമനോട് അറിയിച്ചു. ഉടനെ പൂജ മുടക്കാൻ കപികളെ നിയോഗിച്ചു. ഇന്ദ്രജിത്തിനെ കൊല്ലാൻ ശ്രീരാമൻ തന്നെ പുറപ്പെട്ടു. അപ്പോൾ ലക്ഷ്മണൻ ശ്രീരാമനോട് വിശ്രമിക്കാനും യുദ്ധത്തിന്ന് താൻ പോകാമെന്നും അറിയിച്ചു. ലക്ഷ്മണനെ വിടുന്നത് അപകടമാണെന്നു വിഭീഷണൻ തടഞ്ഞു. 14 വർഷം ഊണും ഉറക്കവും ഉപേക്ഷിച്ച ഒരാൾക്കെ ഇന്ദ്രജിത്തിനെ കൊല്ലാനാകൂ എന്ന രഹസ്യം വിഭീഷണൻ അറിയിച്ചു. ശ്രീരാമൻ അൽപ്പനേരം എന്തോ കണക്കുകൂട്ടി. സന്തോഷമായി ലക്ഷ്മണനെ യുധത്തിത്തിന്ന് അനുഗ്രഹിച്ചയച്ചു. …ലക്ഷ്മണൻ യുദ്ധത്തിൽ ഇന്ദ്രജിത്തെ വധിച്ചു. ശ്രീരാമൻ എന്തുകൊണ്ടണ് ഇത്രയും അപകടകരമായ ഒരു യുദ്ധത്തിന്ന് ലക്ഷ്മണനെ നിയോഗിച്ചത്? വനവാസം തുടങ്ങി 14 വർഷം തികയുന്ന ദിവസം ആണ് ഈ യുദ്ധം നടക്കുന്നത്.ഇത്രയും ദിവസം ലക്ഷ്മണൻ ഊണും ഉറക്കവും ഉപേക്ഷിച്ച് ശ്രീരാമന് കാവലായിരുന്നു. കാട്ടിൽ കഴിയുമ്പോൾ എന്നും ലക്ഷ്മണൻ ഭക്ഷണം ശേഖരിച്ച് ജ്യേഷ്ഠനും സീതാദേവിക്കും വിളമ്പിക്കൊടുക്കും.അവർ അതു കഴിക്കും. പിന്നെ വിശ്രമിക്കും. ലക്ഷ്മണനോട് ഭക്ഷണം കഴിക്കാൻ ശ്രീരാമൻ കൽപ്പിക്കില്ല. ഉറങ്ങാനും കൽപ്പിക്കില്ല. കൽപ്പിക്കാത്തതകൊണ്ട് ലക്ഷ്മണൻ ഭക്ഷണം കഴിക്കില്ല, ഉറക്കവും ഇല്ല. ശ്രീരാമൻ കൽപ്പിച്ചാലേ ലക്ഷ്മണൻ ചെയ്യൂ. കൽപ്പിച്ചാൽ അതു (എന്തും)ചെയ്തിരിക്കും. ഭാവിയിൽ ഇന്ദ്രജിത്തിനെ വധിക്കേണ്ടിവരുമെന്നു ശ്രീരാമന്ന് അറിയാതിരിക്കില്ലല്ലോ; ഉള്ളടക്കത്തിന്റെ പൂർവാപരബന്ധം ആദികവിക്കും അറിയാതിരിക്കില്ല.

2.യുധിഷ്ഠിരൻറെ രഥചക്രം

മഹാഭാരതയുദ്ധരംഗം. ഭീഷ്മരുടെ പതനത്തിനുശേഷം ദ്രോണർ സർവസൈന്യാധിപത്യം ഏറ്റെടുത്തു.എത്ര ഭയങ്കരമായി യുദ്ധം ചെയ്തിട്ടും പാണ്ഡവർക്ക് ദ്രോണരെ വീഴ്ത്താനായില്ല. ഒടുവിൽ സന്ധ്യയ്ക്ക് യുദ്ധം നിർത്തിയപ്പോൾ, ശ്രീകൃഷ്ണൻറെ ഉപദേശപ്രകാരം യുധിഷ്ഠിരൻ ആചാര്യനെ, ദ്രോണരെ ചെന്നു കണ്ടു. ഗുരുവിനെ അഭിവാദ്യം ചെയ്ത് യുധിഷ്ഠിരൻ പറഞ്ഞു: അങ്ങയെ വീഴ്ത്താനായില്ലെങ്കിൽ യുദ്ധം ജയിക്കില്ല. ധർമ്മം ജയിക്കില്ല. പോംവഴി ഉപദേശിക്കണം.ഗുരു ചിരിച്ചു: യുധീഷ്ഠിരാ, ധൃഷ്ടദ്യുമ്നൻമാത്രമേ എന്നെ വീഴ്ത്താനാവൂ. എന്നാൽ എൻറെ കയ്യിൽ അമ്പും വില്ലും ഉള്ളിടത്തോളം ധൃഷ്ടദ്യുമ്നനും ആവില്ല. എനിക്കേറ്റവും പ്രിയപ്പെട്ട ഏക മകൻ അശ്വഥാമാവ് മരിച്ചുവെന്ന് സത്യമായി ഞാനറിഞ്ഞാലേ വില്ലും അമ്പും ഞാൻ താഴെ വെക്കൂ. അതല്ലാതെ മറ്റു വഴികളില്ല.ധർമ്മപുത്രർ ഗുരുവിനെ വന്ദിച്ച് തിരിച്ചുപോന്നു. ശ്രീകൃഷ്ണനോട് സംഗതികൾ വിവരിച്ചു. ശ്രീകൃഷ്ണൻ ചിരിച്ചു. ശരി നാളത്തെ യുദ്ധത്തിൽ നോക്കാം എന്നും പറഞ്ഞു.പിറ്റേന്ന് ശ്രീകൃഷ്ണൻ ഭീമനെ വിളിച്ചു മണ്ണുകൊണ്ട് ഒരാനയെ നിർമ്മിക്കാൻ പറഞ്ഞു. അതിൻ അശ്വഥാമാ എന്നു പേരിടാനും നിർദ്ദേശിച്ചു.പിറ്റേന്ന് യുദ്ധം ആരംഭിച്ചു. അർജുനനും ദ്രോണനുമായുള്ള യുദ്ധം. യുദ്ധം കൊടുമ്പിരിക്കൊണ്ടപ്പോൾ ശ്രീകൃഷ്ണൻ ഭീമനോട് മണ്ണാനയെ തല്ലിപ്പൊടിക്കാൻ പറഞ്ഞു. യുധീഷ്ടിരനോട് “അശ്വഥാമാ ഹത:" എന്നു ഗുരു കേൾക്കെ ഉറക്കെ പ്രസ്താവിക്കാനും. അസത്യം പറയില്ലെന്ന വ്രതമുള്ള യുധിഷ്ഠിരൻ മടിച്ചു. എന്നാൽ അശ്വഥാമാ ഹത: എന്നുറക്കെയും കുഞ്ജര: എന്നു പതുക്കെയും പറയാൻ ശട്ടം കെട്ടി. കുഞ്ജര: എന്ന പദം ഗുരു കേൾക്കാതിരിക്കൻ വലിയ പെരുമ്പറയും കൊട്ടിച്ചു.യുധിഷ്ഠിരൻ അങ്ങനെ ചെയ്യുകയും ദ്രോണൻ അതു കേട്ട് മകൻറെ മരണത്തിൽ ദു:ഖിച്ച് വില്ലു നിലത്തുവെക്കുകയും ചെയ്ത തക്കത്തിൽ ധൃഷ്ടദ്യുമ്നൻ ഗുരുവിനെ വധിച്ചു. യുദ്ധഭൂമിയിൽ സത്യവാനായ യുധിഷ്ഠിരൻറെ രഥചക്രം ഒരുവിരൽ അകലം ഭൂമിയിൽ നിന്നു ഉയർന്നായിരുന്നു നീങ്ങിയിരുന്നത്. അശ്വഥാമാഹത: എന്ന വാക്കുച്ചരിച്ചതോടെ രഥചക്രം താണ് ഭൂമിയിൽ തൊട്ടു.

കീരി പറഞ്ഞ കഥ

മഹാഭാരതയുദ്ധം അവസാനിച്ചു. യുധീഷ്ഠിരൻ ചക്രവർത്തിയായി. യുദ്ധതിന്റെ പാപപരിഹാരാർഥം അതിഗംഭീരമായി അശ്വമേധം നടത്തി. അനേകായിരം ബ്രാഹ്മണർക്ക് ഭക്ഷണവും വസ്ത്രവും പശുക്കളും പണവും ദാനം ചെയ്തു.മന:സ്സമാധാനത്തോടെ പാണ്ഡവന്മാർ കൊട്ടാരമുറ്റത്ത് ഇരിക്കുകയാണ്. അനേകായിരം ബ്രാഹ്മണരെ പൂജിച്ച തീർഥജലം മുറ്റത്ത് തളംകെട്ടിക്കിടക്കുന്നു. ആതീർഥ ജലത്തിലേക്ക് അപ്പോൾ ഒരു കീരി ഇഴഞ്ഞുവന്നു. മെല്ലെ തീർഥത്തിൽ മുങ്ങി കരക്കുകയറി കീരി സ്വന്തം ശരീരം പരിശോധിക്കുന്നു. തൃപ്തിയില്ലാതെ വീണ്ടും ജലത്തിൽ മുങ്ങുന്നു. നിരവധിപ്രാവശ്യം പാണ്ഡവന്മാർ ഇതു കണ്ടപ്പോൾ കീരിയെ സമീപിച്ചു ഇതെന്താണ് ചെയ്യുന്നതെന്നു ചോദിച്ചു: കീരി പറഞ്ഞു: നോക്കു എന്റെ ശരീരത്തിന്റെ അടിഭാഗം സ്വർണ്ണനിറമാണ്. ബാക്കി ശരീരം കൂടി സ്വർണ്ണ നിറത്തിലാക്കാൻ ശ്രമിക്കുകയാണ്. പക്ഷെ, കഷ്ടം സാധിക്കുന്നില്ല. അടിഭാഗം എങ്ങനെയാണ് സുവർണ്ണമായത്? പാണ്ഡവർ ചോദിച്ചു. കീരി: പണ്ട്, ഒരിക്കൽ ഒരു ദരിദ്രബ്രാഹ്മണൻ തന്റെ ഭാര്യയോടൊപ്പം കഴിയുകയായിരുന്നു. ഒരുദിവസം അവർക്ക് എവിടെനിന്നോ ഒരുപിടി അരിദാനമായികിട്ടി. അന്നത്തെ ഭക്ഷണത്തിന്ന് തികയില്ലെങ്കിലും അവരത് ചോറാക്കി കഴിക്കാനിരുന്നപ്പോൾ ഒരതിഥി വന്നുകയറി. അയാളും ദാരിദ്ര്യം കൊണ്ട് വലഞ്ഞവനായിരുന്നു. ഉടനെ അവർ ഭക്ഷണം ഒരു പങ്ക് അദ്ദേഹത്തിന്ന് നൽകി.അയാൾ കൈകഴുകിയവെള്ളത്തിലൂടെ ഞാൻ കടന്നുപോയപ്പോൾ എന്റെ അടിഭാഗം നോക്കൂ, സുവർണ്ണമായി. ഇവിടെ അനേകായിരം ബ്രാഹ്മണക്ക് വിഭവസമൃദ്ധമായ ഭക്ഷണവും ദക്ഷിണയും നൽകിയതാണല്ലോ. അവരുടെ കൈകാലുകൾ കഴുകിയവെള്ളമാണല്ലോ തളം കെട്ടിക്കിടക്കുന്നത്. ഇതിൽ മുങ്ങിയാൽ എന്റെ ശരീരം മുഴുവൻ സുവർണ്ണമാകുമെന്നു കരുതി. പക്ഷെ, നിഷ്ഫലം….നിറം മാറുന്നില്ല. എന്നു പറഞ്ഞു കീരി കാട്ടിലേക്ക് മടങ്ങി. പണ്ഡവന്മാർ ലജ്ജിച്ചു.

മഹാഭാരതം-18[തിരുത്തുക]

18 എന്ന എണ്ണൽസംഖ്യക്ക് എന്തോ പ്രാധാന്യം വ്യാസമുനി കൽപ്പിച്ചിരുന്നു എന്നു തോന്നും. നോക്കൂ: ‘ജയം‘ (18) എന്നായിരുന്നു കൃതിയുടെ ആദ്യ പേര് ആകെ 18 പർവങ്ങൾ 18 ദിവസത്തെ കുരുക്ഷേത്രയുദ്ധം 18 അക്ഷൌഹിണിപ്പട


മഹാഭാരതം അധ്യായങ്ങൾ ‘അധ്യായങ്ങൾ‘ എന്നതിനു പകരം വ്യാസഭഗവാൻ ‘പർവ്വങ്ങൾ‘ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്.ഇവ: 1.ആദിപർവം, 2.സഭാപർവം, 3. വനപർവം, 4.വിരാടപർവം, 5.ഉദ്യോഗപർവം, 6.ഭീഷ്മപർവം, 7.ദ്രോണപർവം, 8. കർണ്ണപർവം, 9. ശല്യപർവം, 10. സൌപ്തികപർവം, 11.സ്ത്രീപർവം, 12.ശാന്തി പർവം, 13.അനുശാസനപർവം, 14.അശ്വമേധികപർവം,15.ആശ്രമവാസികപർവം,16.മൌസലപർവം17.മഹാപ്രസ്ഥാനികപർവം, 18.സ്വർഗ്ഗാരോഹണപർവം. ഇതിനുപുറമേ ഹരിവംശം എന്നൊരു പർവം കൂടി പിന്നീടാരോ കൂട്ടിച്ചേർത്തുവെന്നു പറയപ്പെടുന്നു.
ഉടൻ വായിക്കൂ 1.മലയാളത്തിൽ , ഇതിഹാസപഠനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം, കലജീവിതംതന്നെ എന്നീ കൃതികളാണ്.മഹാഭാരതവും രാമായണവും ആഴത്തിൽ വായിച്ചു പഠിച്ച മാരാർ മലയാളികൾക്കു തന്ന അമൂല്യനിധികൾ. 2. മഹാഭാരതം ഇതിവൃത്തമാക്കിയ നിരവധി മലയാളനോവലുകൾ നമുക്കുണ്ട്.ഇവയിൽ ഏറ്റവും ഉജ്ജ്വലങ്ങളായ ‘ഇനി ഞാൻ ഉറങ്ങട്ടെ’ (പി.കെ.ബാലകൃഷ്ണൻ) യും ‘രണ്ടാമൂഴം’ (എം.ടി.വാസുദേവൻ നായർ) വും തേടിപ്പിടിച്ചു ഇന്നു തന്നെ വായിക്കൂ. 3. രാമായണകഥയെ അടിസ്ഥാനമാക്കി എഴുതിയ മൂന്നു നാടകങ്ങൾ നമ്മുടെ അമൂല്യ നിധികളാണ്. സാകേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത (സി.എൻ.ശ്രീകണ്ഠൻ നായർ). തീർച്ചയായും വായിച്ചിരിക്കേണ്ടവ തന്നെ. 4. മറാട്ടി സാഹിത്യകാരനായ സാവന്തിന്റെ ‘കർണ്ണൻ’ എന്ന നോവൽ, വി.എസ്.ഖാണ്ഡേക്കറുടെ ‘യയാതി’ കെ.എം.മുൻഷിയുടെ കൃഷ്ണകഥകൾ തുടങ്ങിയവയും വായിച്ചിരിക്കണം. 5. ഇരാവതി കാർവെയുടെ ‘ഭാരതപഠനങ്ങൾ‘ ഗവേഷണാത്മകമായ ഒരു കൃതിയാണ്.ഇതിഹാസത്തെ നമുക്ക് നന്നായി പരിചയപ്പെടുത്തിത്തരും.

മഹാഭാരത രചന- പ്രസാധനം

പരാശരമഹർഷിക്ക് സത്യവതിയിലുണ്ടായ കൃഷ്ണദ്വൈപായനനാണ് പിന്നീട് വ്യാസമുനിയായത്. വ്യാസൻ മഹാഭാരതം , 124000 ശോകങ്ങൾ ഉണ്ടാക്കി. അതൊന്നു എഴുതാൻ ഒരു സഹായം തേടി ഗണപതിയെ സമീപിച്ചു. ഗണപതി സഹായം നലകാമെന്നേറ്റു.ഒരു കരാറിൽ: തുടർച്ചയായി എഴുതാൻ പറ്റണം. ഇടയ്ക്ക് നിർത്തി ആലോചപാടില്ല. വ്യാസമുനി സമ്മതിച്ചു.പക്ഷെ, വ്യാസൻ പറഞ്ഞു: എഴുതുന്നത് അർഥം അറിഞ്ഞാവണം. ഗണപതിയും സമ്മതിച്ചു. എഴുതി പൂർത്തിയാക്കി. അർജ്ജുനന്റെ പുത്രനായ അഭിമന്യു. അഭിമന്യുപുത്രനായ പരീക്ഷിത്ത്. പരീക്ഷിത്തിന്റെ മകൻ ജനമേജയൻ. ജനമേജയൻ വലിയൊരു സർപ്പസ്ത്രം നടത്തി. സത്രത്തിൽ വ്യാസശിഷ്യനായ വൈശമ്പായനമഹർഷി ജനമേജയനോടാണ് ആദ്യമായി മഹാഭാരതം ചൊല്ലിപ്പറയുന്നത്. ഇതു പിന്നീട് ഉഗ്രശ്രവസ്സ് എന്ന സൂതൻ (great story teller) നൈമിഷാരണ്യത്തിലെ മഹർഷിമാർക്ക് കേൾപ്പിച്ചുകൊടുക്കുന്നു. തുടർന്ന് നിരവധി ആശ്രമങ്ങളിൽ സൂതൻ കഥ കേൾപ്പിക്കുന്നുണ്ട്.

രാമായണരചന-പ്രസാധനം

ഒരിക്കൽ മഹർഷിയായ വാത്മീകി തമസാനദീതീരത്ത് നിത്യകർമ്മങ്ങളിൽ ഏർപ്പെട്ടിരിക്കയായിരുന്നു. അപ്പോൾ നദീതീരത്തെ മരക്കൊമ്പിൽ പ്രണയപരവശരായിരിക്കുന്ന ക്രൌഞ്ചപ്പക്ഷികളിൽ ഒന്നിനെ വനവേടൻ അമ്പെയ്തു കൊന്നു വീഴ്ത്തി. ഇതുകണ്ട് മനസ്സലിഞ്ഞു വാത്മീകി വേടനെ ശപിച്ചു. ശാപം ശ്ലോകരൂപത്തിലായിരുന്നു: ഒരുവരിയിൽ 8 അക്ഷരം, 4 വരി. അർഥപൂർണ്ണത.

മാ നിഷാദ: പ്രതിഷ്ഠാംത്വ മഗമ: ശ്ശാശ്വതീസ്സമാ: യദ് ക്രൌഞ്ചമിഥുനാദേക മവധീ കാമമോഹിതം

ഇതു ശ്രദ്ധിച്ച ബ്രഹ്മാവ് വാത്മീകിയോട് ഈ ശ്ലോകമട്ടിൽ ഒരു കാവ്യം എഴുതാൻ നിർദ്ദേശിച്ചു. കാവ്യം എന്തിനെക്കുറിച്ചായിരിക്കണമെന്ന് ചിന്തിച്ചു. ഏറ്റവും മഹാനായ മനുഷ്യനെ കുറിച്ചാവട്ടെ എന്നു തീരുമാനിച്ചു. എന്നാൽ ആരാണ് ഏറ്റവും ഗുണവാനും വീര്യവാനുമായ മനുഷ്യൻ? അറിയില്ല. അതിനിടയ്ക്ക് ഒരു ദിവസം നാരദമുനി വാത്മീകിയെ സന്ദർശിച്ചു. ഗുണവാനും വീര്യവാനുമായി ഇന്ന് ലോകത്ത് ഉള്ളത് അയോധ്യയിലെ ശ്രീരാമനെന്ന് അറിയിച്ചു.വാത്മീകി ശ്രീരാമന്റെ കഥ എഴുതാൻ തുടങ്ങി.ആദികവ്യം പിറവിയെടുത്തു. നാരദൻ നമുക്ക് ഏഷണിക്കാരനും കുഴപ്പങ്ങൾ ഉണ്ടാക്കുന്നവനുമാണ്. പക്ഷെ, എന്താണ് നാരദൻ? നരനെ (മനുഷ്യനെ) കുറിച്ചുള്ള അറിവ് കൊടുക്കുന്നവനാണ് നാരദൻ.വാത്മീകിക്ക് ഏറ്റവും ഗുണവാനും വീര്യവാനുമായ നരനെക്കുറിച്ച് അറിയിച്ചത് നാരദനായിരുന്നു. ഏഷണിക്കാരനല്ല എന്നർഥം. അദ്ദേഹം രാമകഥ എഴുതി ശിഷ്യരെ പഠിപ്പിച്ചു.ശിഷ്യർ ലവനും കുശനും.ശ്രീരാമന്റെ സന്താനങ്ങളായ ലവനും കുശനും തന്നെ. അവർ രാമായണനായകന്റെ സത്രശാലയിൽ ചെന്ന് രാമായണഗാനം പാടി കഥാനായകനായ ശ്രീരാമചന്ദ്രനെ കേൾപ്പിച്ചു.

ഇതിഹാസകാലത്തെ ജനപദങ്ങൾ കാശി,കോസലം,അംഗം,മഗധം,വൃജം,മല്ല,ചേദി,വത്സ,കുരു,പാഞ്ചാലം,മാത്സ്യം,ശൂരസേനംഅവന്തി,ഗാന്ധാരം,കാംബോജം.

"https://ml.wikibooks.org/w/index.php?title=ഇതിഹാസങ്ങൾ&oldid=18003" എന്ന താളിൽനിന്ന് ശേഖരിച്ചത്