Jump to content

അച്ചടി

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.


എഴുതപ്പെട്ടതോ വരയ്ക്കപ്പെട്ടതോ ആയ ചിത്രങ്ങളുടേയോ അക്ഷരങ്ങളുടേയോ പകർപ്പുകൾ യന്ത്രസഹായത്തോടെയോ അല്ലാതെയോ പുനർനിർമ്മിക്കുന്നതിനെയാണ് അച്ചടി എന്ന് പറയുന്നത്.

നിർവ്വചനം

[തിരുത്തുക]

"ഭൗതികമോ രാസപരമോ ആയ വേർതിരിവോടുകൂടിയ, ഒരു ഇമേജ് ഏരിയയും നോൺ-ഇമേജ് ഏരിയയും ഉൾപ്പെട്ട, ഒരു പ്രതലത്തിൽ നിന്നും ചിത്രങ്ങളോ അക്ഷരങ്ങളോ കടലാസ്, തുണി എന്നിങ്ങിനെ മറ്റൊരു പ്രതലത്തിലേക്ക് മഷി ഉപയോഗിച്ച് പകർപ്പുകൾ എടുക്കുന്ന കലയും സാങ്കേതികവിദ്യയുമാണ് അച്ഛടി എന്ന് അറിയപ്പെടുന്നത്."

ചില നോൺ-ഇംപാക്ട് പ്രിൻറിംഗ് രീതികളുടെ വരവോടെ ഈ നിർവ്വചനം കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും അച്ചടിയെ തരംതിരക്കുന്നതിന് ഇത് വലിയൊരു അളവുകോലാണ്.

ഈ നിർവ്വചനപ്രകാരം അച്ചടിയെ രണ്ടായി തിരിച്ചിരിക്കുന്നു

 • ഭൗതികമായി വിഭജിച്ചവ
ഇതിനെ വീണ്ടും രണ്ടായി തിരിക്കാവുന്നതാണ് -
 • തൊട്ടറിയവുന്നവ/കണ്ടറിയാവുന്നവ
 • അല്ലാത്തവ
 • രാസപരമായി വിഭജിച്ചവ

നിർവ്വചനം പാലിക്കാത്ത പ്രിൻറിംഗ് രീതികളെ പൊതുവേ നേരിട്ട് ബന്ധമില്ലാത്ത അച്ചടി (non-impact printing : NIP)എന്നു പറയുന്നു. അതിന് ഉദാഹരണങ്ങളാണ് -

 • ഇങ്ക്-ജെറ്റ്
 • ബബിൾ ജെറ്റ്
 • തെർമർ ഫ്യൂസിംഗ്
 • ബ്ലൂപ്രിൻറ് അഥവാ അമോണിയ പ്രിൻറ്
 • ഫോട്ടോ പ്രിൻറുകൾ

പലതരം അച്ചടികൾ

[തിരുത്തുക]

ആവശ്യങ്ങളുടേയും ഇമേജ്-നോൺ-ഇമേജ് വേർതിരിവുകളുടേയും അടിസ്ഥാനത്തിൽ അച്ചടിയെ പലതായി തിരിച്ചിരിക്കുന്നു.

ഭൗതികമായ തരംതിരിവുകൾ

[തിരുത്തുക]

ഇമേജ് ഏരിയ ഉയർന്നിരിക്കുന്നത്

[തിരുത്തുക]

ഇത്തരം രീതിയിൽ ഇമേജ് ഏരിയ നോൺ-ഇമേജ് ഏരിയയുടെ മുകളിലായി നിൽക്കുന്നു. അതുകൊണ്ട് പ്രതലത്തിൽ പുരട്ടുന്ന മഷിയും പിന്നിട് ബന്ധപ്പെടുന്ന പ്രതലവും നോൺ-ഇമേജ് ഏരിയയിൽ മുട്ടുന്നതേയില്ല.

ഈ തത്വം പിന്തുടരുന്ന പ്രധാന തരംതിരിവുകളാണ് -

 • ലെറ്റർപ്രസ്സ് - ഇതിൽ മരം കൊണ്ടോ, വെളുത്തീയം-കറുത്തീയം-നവസാരം ലോഹസങ്കരം കൊണ്ടോ നിർമ്മിക്കപ്പെടുന്ന പ്രതലമാണ് ഉപയോഗിക്കുന്നത്. അടുത്ത കാലം വരെ വളരെ പ്രചാരം ഉണ്ടായിരുന്ന രീതിയായിരുന്നു ഇത്. ഇന്ന് നോട്ടീസുകളും ബിൽബുക്കുകളുമാണ് ഇതിൽ ചെയ്യുന്നതെന്നാലും മുൻപ് വർത്തമാനപ്പത്രങ്ങൾ പോലും ഈ വിദ്യ ഉപയോഗിച്ചിരുന്നു.
 • ഫ്ലെക്സോഗ്രഫി - ലറ്റർപ്രസ്സിൻറെ തത്വത്തിൽ തന്നെയാണ് പ്രവർത്തനമെങ്കിലും, ഇതിലെ ഇമേജ് വാഹി ഒരു റബ്ബർ പ്രതലമായിരിക്കും. ഇതിൽ ഉപോയിക്കപ്പെടുന്ന മഷിയുടേയും മറ്റും പ്രത്യേകതകളും പ്രവർത്തനം വളരെ എളുപ്പവും സാന്പത്തികമായി ചിലവ് കുറഞ്ഞതും ആകയാലും പാക്കേജിങ്ങിനും മറ്റുമായി ഇന്ന് വളരെയധികം ഉപയോഗിച്ചുവരുന്നുണ്ട്. പ്ലാസ്റ്റിക്കിലും മറ്റും പ്രിൻറ് ചെയ്യുന്നതിന് ഉത്തമം ഈ രീതിയാണ്. റബ്ബർ സീലുകൾ ഇതേ തത്വത്തിലാണ് പ്രവർത്തിക്കുന്നത്.

ഇമേജ് ഏരിയ താഴ്ന്നിരിക്കുന്നത്

[തിരുത്തുക]

ഇത്തരം രീതികളിൽ, മേൽപ്പറഞ്ഞതിന് നേരെ വിപരീതമായി ഇമേജ് ഏരിയ നോൺ-ഇമേജ് ഏരിയയേക്കാൾ താഴ്ന്നാണിരിക്കുന്നത്. കട്ടി കുറഞ്ഞതരം മഷി ഈ താഴന്ന പ്രദേശങ്ങളിൽ നിറച്ച് കോപ്പി എടുക്കേണ്ട പ്രതലവുമായി ചേർത്ത് അമർത്തുന്നു. അങ്ങിനെയാണ് ഇതിൽ പ്രിൻറിംഗ് നടക്കുന്നത്.

ഇതിന്‌ ഉദാഹരണമാണ് -

 • ഗ്രേവിയർ - ഒരു പ്രതലത്തിൽ ഇമേജ് വരുന്ന ഭാഗങ്ങൾ യന്ത്രസഹായത്താലോ ലേസർ ഉപയോഗിച്ചോ ഉളിയും ചുറ്റികയും ഉപയോഗിച്ചോ കൊത്തിയതിന് ശേഷം അതിൽ മഷി നിറച്ച് പകർത്തുകയാണ് ചെയ്യുന്നത്. ഇവക്കാവശ്യമായ പ്രതല നിർമ്മാണം വളരെ ചിലവേറിയ പ്രവൃത്തിയായതിനാൽ കൂടിയ ഇനം പ്രവൃത്തികളാണ് ഇതിൽ ചെയ്യാറ്. വളരെ കൃത്യതയാർന്ന നേർത്ത പ്രിൻറുകൾ ഇതിൻറെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ അധിക സുരക്ഷിതത്വം ആവശ്യമായ കറൻസി നോട്ടുകളും മുദ്രപ്പത്രങ്ങളും തുടങ്ങി വൻകിട നിർമ്മാതാക്കളുടെ കവറുകൾ വരെ ഇതിൽ ചെയ്യപ്പെടുന്നു.

ഇമേജുകൾ വെട്ടിക്കളഞ്ഞവ

[തിരുത്തുക]

ഇവയെ സ്റ്റെൻസിലുകൾ എന്ന് പറയുന്നു. കൈകൊണ്ടോ, ലേസർ സഹായത്താലോ ഫോട്ടോഗ്രഫിയുടെ സഹായത്താലോ നിർമ്മിക്കപ്പെടുന്ന സ്റ്റെൻസിലുകളിൽ ഇമേജ് ഏരിയകൾ വെട്ടിമാറ്റപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് മഷി പുരട്ടുന്പോൾ ഇമേജ് ഏരിയകളിലൂടെ അവ കടന്ന് പിറകിൽ വച്ചിരിക്കുന്ന പ്രതലത്തിലേക്ക് പകർത്തപ്പെടുന്നു.

ഈ രീതിക്ക് ഉദാഹരണങ്ങളാണ് -

 • സ്ക്രീൻ പ്രിൻറിംഗ് - ഒരു സിൽക്ക് തുണിയിൽ വെളിച്ചത്തോട് പ്രതികരിക്കുകയും അങ്ങിനെ ഇമേജ് ഏരിയ മാഞ്ഞുപോകുകയും ചെയ്യുന്ന ഒരു ഫിലിം ഒട്ടിച്ചുചേർത്ത്, അതിലൂടെ പ്രിൻറിംഗ് നടത്തുന്ന വിദ്യയാണ് ഇത്. ചെറിയ തോതിലുള്ള ഒന്ന്-രണ്ട് കളർ പ്രിൻറിംഗുകളാണ് സാധാരണയായി ചെയ്യാറുള്ളത്. തുണികളിലെ പ്രിൻറിംഗിനാണ് ധാരാളമായി ഉപയോഗിക്കുന്നതെങ്കിലും അക്ഷരങ്ങൾക്ക് പ്രാധാന്യമുള്ള വിസിറ്റിംഗ് കാർഡ്, ക്ഷണക്കത്തുകൾ, ലെറ്റർ ഹെഡുകൾ മുതലായവും ചെയ്യാറുണ്ട്.
 • സ്റ്റെൻസിലിംഗ് - സ്ക്രീൻ പ്രിൻറിംഗ് പോലെ അത്ര പ്രചാരത്തിലില്ലെങ്കിലും ചെയ്യുവാൻ വളരെ എളുപ്പമായ മാർഗ്ഗമാണ് ഇത്. ചിലവാകട്ടെ തുലോം തുച്ഛവും. മഷി കടന്നുപോകാത്ത എന്തെങ്കിലും വസ്തുവിൽ വരക്കേണ്ട/എഴുതേണ്ട ചിത്രം മുറിച്ചുമാറ്റുകയും സ്പ്രേപെയിൻറോ അതുപോലുള്ള എന്തെങ്കിലും രീതിയോ ഉപയോഗിച്ച് മഷി പതിപ്പിക്കുകയും ആണ് പതിവ്. സാധാരണയായി പ്രിൻറിംഗം ആണെന്ന് തിരിച്ചറിയാതെ ചെയ്യുന്ന ഒന്നാണ് ഇത്. ചാക്കുകളിലും മറ്റും പേരും നന്പറുകളും എഴുതുവാനും സൈൻബോർഡുകൾക്കും ഉപയോഗിച്ചുവരുന്നു. (കെ എസ് ആർ ടി സി ബസ്സുകളിൽ ഡിപ്പോ മുദ്ര പതിപ്പിക്കുന്നത് ഈ രീതിയിലാണ്.)

ഇലക്ട്രോസ്റ്റാറ്റിക് പ്രിൻറിംഗ്

[തിരുത്തുക]

മേൽപ്പറഞ്ഞ തരംതിരിവുകൾ തൊട്ടോ കണ്ടോ മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ അത്തരത്തിൽ അറിയാൻ കഴിയാത്ത ഒരു രീതി കൂടി നിലവിലുണ്ട്. അവയെ എല്ലാം കൂടി ഇലക്ട്രോസ്റ്റാറ്റിക് പ്രിൻറിംഗ് എന്ന് പറയുന്നു.

ഇത്തരം പ്രിൻറിംഗുകളിൽ പ്രകാശചാലകങ്ങൾ (ഫോട്ടോകണ്ടക്ടീവ് മെറ്റീറിയൽ - ഇരുട്ടിൽ കുചാലകങ്ങളായും പ്രകാശത്തിൽ ചാലകങ്ങളായും പ്രവർത്തിക്കുന്ന ലോഹങ്ങൾ - ഉദാ: സെലിനിയം) പൂശിയ പ്രതലങ്ങളിൽ ആവശ്യമായ രൂപത്തിൽ പ്രകാശം തട്ടിക്കുകയും ബാക്കിയുള്ള ഭാഗങ്ങളിൽ വൈദ്യുതിയോട് ആകർഷിക്കുന്ന മഷിയോ ടോണറോ ഉപയോഗിച്ച് ചിത്രം കടലാസിലേക്ക് പകർത്തുകയും ചെയ്യുന്നു.

 • ഇലക്ട്രോ ഫോട്ടോഗ്രഫി - നല്ല ക്വാളിറ്റിയിൽ ഫോട്ടോകൾ പ്രിൻറ് ചെയ്യാൻ ഉപയോഗിക്കുന്നു.
 • ഫോട്ടോകോപ്പി - ഫോട്ടോസ്റ്റാറ്റ് എന്ന് വിളിക്കപ്പെടുന്ന ഇതിൽ ഇലക്ട്രോറ്റാറ്റിക് പ്രിൻറിംഗാണ് ഉപയോഗപ്പെടുത്തുന്നത്.

രാസപരമായ തരംതിരവ്

[തിരുത്തുക]

രാസപരമായ തരംതിരിവിൽ ഭൗതിക വ്യത്യാസങ്ങൾ പ്രകടമാവാത്തതിനാൽ അവയെ പ്ലാനോഗ്രഫി എന്ന് അറിയപ്പെടുന്നു.

ഇതിൽ മഷിയുടേയും ഇമേജ് വാഹിയുടേയും രാസഗുണങ്ങളാണ് പ്രിൻറിംഗ് ഫലപ്രദമായി നടത്താൻ സഹായകമാകുന്നത്. ഇന്ന് പ്രചുരപ്രചാരത്തിലുള്ള "ഓഫ്സെറ്റ് പ്രിൻറിംഗ്" ഇതിന് ഉദാഹരണമാണ്.

ലിതോഗ്രാഫി

[തിരുത്തുക]

വെള്ളത്തോട് അഭിനിവേശം കാണിക്കുന്നതായ ലിതോസ്റ്റോൺ (ചുണ്ണാന്പുകല്ല്/മാർബിൾ) പ്രതലത്തിൽ വെള്ളം തള്ളിക്കളയുന്ന എണ്ണ അടങ്ങിയ മഷികൊണ്ട് ആദ്യം ചിത്രങ്ങൾ വരയ്ക്കുന്നു. പ്രിൻറ് ചെയ്യാനായി അതിൽ ആദ്യം വെള്ളം പുരട്ടുന്നു. അതോടെ നോൺ-ഇമേജ് ഏരിയയിലുള്ള ചുണ്ണാന്പുകല്ലുകളിൽ വെള്ളം പിടിക്കുന്നു. പക്ഷേ വെള്ളത്തെ പ്രതിരോധിക്കുന്ന ഇമേജ് ഏരിയയിൽ വെള്ളം ഉണ്ടായിരിക്കില്ല. അതിന് ശേഷം എണ്ണ പ്രധാന ഭാഗമായ മഷി ഇതിൽ പുരട്ടുന്നു. വെള്ളം ഉള്ള ഭാഗത്ത് പിടിക്കാതിരിക്കുന്ന മഷി ഇല്ലാത്തിടത്ത് പിടിക്കുകയും അത് പിന്നിട് കടലാസിലേക്ക് പകർത്തുകയും ചെയ്യുന്നു.

ഓഫ്സെറ്റ് ലിതോഗ്രാഫി

[തിരുത്തുക]

പേരിൽ ലിതോഗ്രാഫി ഉണ്ടെങ്കിലും, സാമാന്യതത്വത്തിലധികം ബന്ധം ഇതിന് ലിതോഗ്രാഫിയുമായി കാണാനില്ല. അലൂമിനിയം പോലുള്ള ലോഹങ്ങളിൽ തകിടുകളിൽ (അടുത്ത കാലത്തായി പ്ലാസ്റ്റിക്കിൻറേയും പേപ്പറിൻറേയും ഷീറ്റുകളിലും) ഫോട്ടോഗ്രാഫിയുടേയും രാസപ്രവർത്തനങ്ങളുടേയും സഹായത്താൽ ഒരു ഇമേജ് ഏരിയയുടെ ചിത്രം നിർമ്മിക്കപ്പെടുന്നു. ഇമേജ് ഏരിയ കണ്ണാടി പ്രതിഫലനമല്ലെന്നുള്ളത് ഇതിൻറെ പ്രത്യേകതയാണ്. ഈ പ്ലേറ്റിൽ ആദ്യം വെള്ളവും (ഇപ്പോൾ രാസ ഘടകങ്ങൾ ചേർത്തത്) പിന്നീട് മഷിയും പുരട്ടുന്നു. ഈ പ്ലേറ്റിൽ നിന്നും മഷി ഒരു റബ്ബർ പ്രതലത്തിലേക്ക് പകർത്തിയതിന് ശേഷമാണ് കടലാസിലേക്ക് പകർത്തുന്നത്.

കൊളോടൈപ്പ്

[തിരുത്തുക]

ഹാഫ്ടോൺ ആക്കാതെ കളർപ്രിൻറ് ചെയ്യുന്ന ഒരേ ഒരു രീതിയാണ് ഇത്. വളരെ വേഗം കുറഞ്ഞ ഇത് ഇന്ന് അധികം ഉപയോഗത്തിലില്ല.

വാട്ടർലെസ്സ് ഓഫ്സെറ്റ്

[തിരുത്തുക]

ഈ ഓഫ്സെറ്റ് പ്രിൻറിംഗിൽ വെള്ളത്തിൻറെ ഉപയോഗം ഇല്ലാതെയാക്കിയിരിക്കുന്നു. പ്രത്യേകതരം മഷിയും പ്ലേറ്റും ഉപയോഗിക്കുന്നതിനാലാണ് ഇത് സാദ്ധ്യമായിരിക്കുന്നത്. ഈ രീതി ഇതുവരെയും അത്ര പ്രചാരത്തിലായിട്ടില്ല.

"https://ml.wikibooks.org/w/index.php?title=അച്ചടി&oldid=9666" എന്ന താളിൽനിന്ന് ശേഖരിച്ചത്