Jump to content

വിഷ്ണുസൂക്തം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.


സൂക്തം[തിരുത്തുക]

വിഷ്ണോർന്നുകം വീര്യാണി പ്രവോചം യഃ പാർത്ഥിവാനി വിമമേ രജാംസി

യോ അസ്കഭായദുത്തരം സധസ്ഥം വിചക്രമാണസ്ത്രേധോരുഗായഃ

തദസ്യ പ്രിയമഭിപാഥോ അശ്യാന്നരോ യത്ര ദേവയവോ മദന്തി

ഉരുക്രമസ്യ സഹിബന്ധുരിത്ഥാ വിഷ്ണോഃ പദേ പരമേ മധ്വ ഉഥ്സഃ

പ്രതദ്വിഷ്ണുസ്തവതേ വീര്യേണ മൃഗോ ന ഭീമഃ കുചരോഗിരിഷ്ഠാഃ

യസ്യോരുഷു ത്രിഷു വിക്രമണേഷ്വധിക്ഷിയന്തി ഭുവനാനി വിശ്വാ

പരോ മാത്രയാ തനുവാ വൃധാന ന തേ മഹിത്വമന്വശ്നുവന്തി

ഉഭേതേ വിദ്മ രജസീ പൃഥിവ്യാ വിഷ്ണോ ദേവത്വം പരമസ്യ വിഥ്സേ

വിചക്രമേ പൃഥിവീമേഷ ഏതാം ക്ഷേത്രായ വിഷ്ണുർമനുഷേ ദശസ്യൻ

ധ്രുവാസോ അസ്യ കീരയോ ജനാസ ഉരു ക്ഷിതിം സുജനിമാ ചകാര

ത്രിർദ്ദേവഃ പൃഥിവീമേഷ ഏതാം വിചക്രമേ ശതർച്ചസമ്മഹിത്വാ

പ്രവിഷ്ണുരസ്തു തവസസ്തവീയാന്ത്വേഷഗ്ങ്ങഹ്യസ്യ സ്ഥവിരസ്യ നാമ


മന്ത്രം 1[തിരുത്തുക]

विष्णो॒र्नुकं॑ वी॒र्या॑णि॒ प्रवो॑चं॒ यः पार्थि॑वानि विम॒मे रजाँ॑सि ।

यो अस्क॑भाय॒दुत्त॑रँ स॒धस्थं॑ विचक्रमा॒णस्त्रे॒धोरु॑गा॒यः

വിഷ്ണോർന്നുകം വീര്യാണി പ്രവോചം യഃ പാർത്ഥിവാനി വിമമേ രജാംസി

യോ അസ്കഭായദുത്തരം സധസ്ഥം വിചക്രമാണസ്ത്രേധോരുഗായഃ

സൂചിക[തിരുത്തുക]

ഋഗ്വേദം

സന്ധിച്ഛേദം[തിരുത്തുക]

വിഷ്ണോഃ - നു - കം - വീര്യാണി - പ്ര വോചം - യഃ - പാർത്ഥിവാനി - വിമമേ - രജാംസി - യഃ - അസ്കഭായത്‌ - ഉത്തരം - സധസ്ഥം - വിചക്രമാണഃ - ത്രേധാ - ഉരുഗായഃ

അന്വയം[തിരുത്തുക]

വിഷ്ണോഃ വീര്യാണി നു കം പ്ര വോചം ; ഉരുഗായഃ യഃ പാർത്ഥിവാനി രജാംസി വിമമേ , യഃ ഉത്തരം സധസ്ഥം ത്രേധാ വിചക്രമാണഃ അസ്കഭായത്.


അർത്ഥം[തിരുത്തുക]

വിഷ്ണോഃ - വ്യാപനശീലന്റെ , വിഷ്ണുവിന്റെ വീര്യാണി - വീര്യങ്ങൾ, ശക്തിവിശേഷങ്ങൾ നു കം (നിപാതം) - ശീഘ്രം പ്ര വോചം - പറയപ്പെടേണ്ടതാണ്‌

ഉരുഗായഃ - മഹത്തുക്കളാൽ നന്നായി ഗാനം ചെയ്യപ്പെടുന്നവൻ, സ്തുതിക്കപ്പെടുന്നവൻ

യഃ - യാതൊരു വിഷ്ണു പാർത്ഥിവാനി രജാംസി - അഗ്നി, വായു, ആദിത്യദേവതമാരാൽ രഞ്ജിക്കപ്പെടുന്ന പൃഥിവി, അന്തരിക്ഷം, ദ്യോവ് എന്നീ മൂന്നു ലോകങ്ങൾ വിമമേ - ഉണ്ടാക്കി, നിർമ്മിച്ചു

യഃ - യാതൊരു വിഷ്ണു ഉത്തരം - ഉദ്ഗതതരമായ, അധികം ഉയർന്നു നില്ക്കുന്നതായ, മഹത്തരമായ സധസ്ഥം - സഹസ്ഥാനത്തെ, കൂടി ഇരിക്കുന്നതായ അവസ്ഥയെ ത്രേധാ വിചക്രമാണഃ = മൂന്നായി ചുവടു വച്ചവനായിട്ട്‌ അസ്കഭായത് - ഉറപ്പിച്ചു നിർത്തി

സാരം[തിരുത്തുക]

യാതൊരാളാണോ അഗ്നി, വായു, ആദിത്യദേവതമാരാൽ രഞ്ജിക്കപ്പെടുന്ന പൃഥിവി, അന്തരിക്ഷം, ദ്യോവ് എന്നീ മൂന്നു ലോകങ്ങൾ സൃഷ്ടിച്ചതു്, യതൊരാളാണോ ആ മൂന്നു ലോകങ്ങളേയും തന്റെ മൂന്നു ചുവടുകളാൽ ഉറപ്പിച്ചു നിർത്തിയിരിക്കുന്നതു്, ആ വിഷ്ണുവിന്റെ ശക്തിവിശേഷങ്ങൾ ഞാനിതാ പാടിപ്പുകഴ്ത്തുകയാണ്‌.

പുരാണങ്ങളിലെ വാമനാവതാരകഥയിൽ ഭഗവാൻ തന്റെ കാൽച്ചുവടുകളാൽ ത്രിലോകങ്ങളേയും അളന്നെടുക്കുന്നതു പ്രസിദ്ധമാണല്ലോ. ആ കല്പനയുടെ ഒരു ആദിമരൂപം ഈ ഋക്കിൽ കാണാവുന്നതാണ്‌.

സധസ്ഥം എന്നതിനു സ്വർഗ്ഗാദിലോകപ്രാപ്തിക്കു കാരണമായ കർമ്മങ്ങളുടെ മണ്ഡലമായ ഭൂലോകം, ഭൂർല്ലോകത്തിനും സുവർല്ലോകത്തിനും മദ്ധ്യേയുള്ള ഭുവർല്ലോകം, അന്യലോകങ്ങളിൽ നിന്നുള്ള ഉപാസകർ വന്നെത്തിച്ചേർന്ന്‌ അമരത്വം നേടുന്ന സുവർല്ലോകം ഇങ്ങനെയെല്ലാം അർഥം കല്പിക്കാമെന്നു സായണാചാര്യർ പറഞ്ഞിരിക്കുന്നു.

മന്ത്രം 3[തിരുത്തുക]

പ്രതദ്വിഷ്ണുസ്തവതേ വീര്യേണ മൃഗോ ന ഭീമഃ കുചരോഗിരിഷ്ഠാഃ

യസ്യോരുഷു ത്രിഷു വിക്രമണേഷ്വധിക്ഷിയന്തി ഭുവനാനി വിശ്വാ

സന്ധിച്ഛേദം[തിരുത്തുക]

പ്ര - തത് - വിഷ്ണുഃ - സ്തവതേ - വീര്യേണ- മൃഗഃ -ഭീമഃ - കുചരഃ - ഗിരിഷ്ഠാഃ -യസ്യ - ഉരുഷു - ത്രിഷു - വിക്രമണേഷു - അധിക്ഷിയന്തി - ഭുവനാനി - വിശ്വാ

അന്വയം[തിരുത്തുക]

യസ്യ ഉരുഷു ത്രിഷു വിക്രമണേഷു വിശ്വാ ഭുവനാനി അധിക്ഷിയന്തി, ഭീമഃ കുചരഃ ഗിരിഷ്ഠാഃ മൃഗഃ ന തത് വിഷ്ണുഃ വീര്യേണ പ്രസ്തവതേ

അർത്ഥം[തിരുത്തുക]

യസ്യ = യാതൊരുവന്റെ ഉരുഷു ത്രിഷു വിക്രമണേഷു = മഹത്തായ മൂന്നു ക്രമണങ്ങളിൽ ( കാൽവെപ്പുകളിൽ ) വിശ്വാ ഭുവനാനി = സകല ജീവജാലങ്ങളും അധിക്ഷിയന്തി = ആശ്രയിച്ച് നിവസിക്കുന്നു

ഭീമഃ = എല്ലാവരും ഭയക്കുന്നവൻ കുചരഃ = കുത്സിതമാർഗത്തിലും ചരിക്കുന്നവൻ ഗിരിഷ്ഠാഃ = പർവതത്തിൽ വസിക്കുന്നവൻ മൃഗഃ = ചരിക്കുന്നവൻ, അന്വേഷിച്ചു നടക്കുന്നവൻ ന = പോലെ

തത് വിഷ്ണുഃ = ആ വിഷ്ണു വീര്യേണ = ( സ്വന്തം ) മഹത്വം കാരണമായി പ്രസ്തവതേ = നല്ലവണ്ണം സ്തുതിക്കപ്പെടുന്നു

സാരം[തിരുത്തുക]

യാതൊരു വിഷ്ണുവിന്റെ മൂന്നു ചുവടുകളിൽ സകല ലോകങ്ങളും ഒതുങ്ങുന്നുവോ, ഭീമനും കുചരനും ഗിരിഷ്ഠനുമായ മൃഗരാജനെ പോലെ ആ വിഷ്ണു സ്വമഹത്വം കൊണ്ട് എല്ലാവരാലും സ്തുതിക്കപ്പെടുന്നു.

ഇവിടെ വിഷ്ണുവിനെ സ്വവീര്യം ഹേതുവായി എല്ലാവരാലും പ്രകീർത്തിക്കപ്പെടുന്ന മൃഗമായ സിംഹത്തോട്‌ ഉപമിച്ചിരിക്കുന്നു. എല്ലവരും ഭയപ്പെടുന്നവനും ദുർഗ്ഗമമാർഗ്ഗങ്ങളിൽ ചരിക്കുന്നവനും പർവ്വതനിവാസിയുമാണല്ലോ സിംഹം. മന്ത്രത്തിലെ വിശേഷണങ്ങൾ എല്ലാം വിഷ്ണുവിനും യോജിപ്പിക്കാവുന്നവ തന്നെ. സിംഹം ഇരയെ എന്ന പോലെ വിഷ്ണു ശത്രുക്കളെ അന്വേഷിച്ചു നടക്കുന്നവനാണ്‌, അഥവാ മൃഗസ്വഭാവിയാണ്‌. പരമേശ്വരനായ വിഷ്ണു ഭയപ്പെടുത്തുന്നവൻ ( ഭീഷാസ്മാത് പവനഃ പവതേ, ഭീഷാസ്മാത് ഉദേതി സൂര്യഃ എന്നു തൈത്തരീയോപനിഷത്തിൽ ഈശ്വരനെ സ്തുതിക്കുന്നുണ്ട് ) ആയതു കൊണ്ട് ഭീമനാണ്‌. കു (ഭൂമി) തുടങ്ങി സകലലോകത്തിലും വ്യാപിച്ചുനില്ക്കുന്നവനായതു കൊണ്ട് കുചരനാണ്‌. വേദവാക്യങ്ങളിൽ ( ഗീരുകളിൽ ) സദാ കുടികൊള്ളുന്നതു കൊണ്ട് ഗിരിഷ്ഠനാണ്‌.

ഋഗ്വേദത്തിൽ ‘പോലെ’ എന്ന അർത്ഥത്തിൽ ‘ന’ ശബ്ദം ധാരാളം ഉപയോഗിക്കപ്പെടുന്നുണ്ട്.

"https://ml.wikibooks.org/w/index.php?title=വിഷ്ണുസൂക്തം&oldid=9839" എന്ന താളിൽനിന്ന് ശേഖരിച്ചത്