Jump to content

വിഡ്ഢിത്തം തിരിച്ചറിയലെന്ന ലളിതകല

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.


കപടശാസ്ത്രത്തിനെതിരെ ഉള്ള തന്റെ ആദ്യ കൃതിയായ പിശാചു പിടിച്ച ലോകം(൧) എന്ന പുസ്തകത്തിൽ കാൾ സാഗൻ എഴുതിയ ഒരു ലേഖനം ആണ് വിഡ്ഢിത്തം തിരിച്ചറിയലെന്ന ലളിതകല(൨).

ഈ ലേഖനത്തിൽ അദ്ദേഹം, എങ്ങനെ ഒരു തീരുമാനത്തിൽ എത്താമെന്നും, ബൗദ്ധികമായതോ വലിയ വാക്കുകൾ ഉപയോഗിച്ച് വിവരിച്ചിരിക്കുന്നതോ ആയ കപടസിദ്ധാന്തങ്ങളെ എങ്ങനെ ഒഴിവാക്കാമെന്നും ഉപദേശിക്കുന്നു. സാധാരണ കാണാറുള്ള കപടസിദ്ധാന്തങ്ങളെ തിരിച്ചറിയാനുള്ള മുന്നറിയിപ്പ് അടയാളങ്ങളെയെല്ലാം കൂടി സാഗൻ ലളിതമായി വിളിച്ചിരിക്കുന്നത് "വിഡ്ഢിത്തം തിരിച്ചറിയൽ പെട്ടി"(൩) എന്നാണ്. ബൗദ്ധികമായതോ വാഗ്ധാരിണിയിൽ ഒളിച്ച് കടത്തുന്നതോ ആയ കപടസിദ്ധാന്തങ്ങളെ സാഗൻ വർഗ്ഗീകരിച്ചിട്ടുണ്ട്. വിഡ്ഢിത്തരം, അതിനുള്ള നിർവ്വചനം, ഒരുദാഹരണം എന്നിങ്ങനെയാണ് ഇത് ഇവിടെ നൽകുന്നത്.

തിരിച്ചറിയൽ പെട്ടിയുടെ ഉപയോഗം

[തിരുത്തുക]

തന്റെ "വിഡ്ഢിത്തം തിരിച്ചറിയൽ പെട്ടി" ഉപയോഗിക്കാൻ പോകുന്നയാൾ മനസ്സിൽ സജ്ജമാക്കി സൂക്ഷിക്കേണ്ട "ഉപകരണങ്ങൾ" എന്തൊക്കെയായിരിക്കണം എന്ന് സാഗൻ ചില സൂചനകൾ തരുന്നുണ്ട്. മോശം വാദങ്ങൾ കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ എന്നതിനുപരിയായി നല്ലതെന്തെന്ന് തിരിച്ചറിയാനുള്ള ക്രിയാത്മകമായ ആശയങ്ങളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്:

  • ആക്ഷേപമുള്ള വസ്തുതകൾക്ക് സ്വതന്ത്രമായ സ്ഥിരീകരണം തിരയുക.
  • പ്രശ്നത്തെക്കുറിച്ചും ലഭ്യമായ തെളിവുകളെക്കുറിച്ചും തുറന്ന ചർച്ചക്ക് പ്രോത്സാഹനം നൽകുക.
  • ശാസ്ത്രത്തിന്റെ കാര്യത്തിൽ, അധികാരികളൊന്നുമില്ല. വിദഗ്ദ്ധരാണ് പരമാവധി ഉള്ളത്.
  • ഒരു കാര്യത്തെ വിശദീകരിക്കാൻ പരസ്പരവിരുദ്ധമായ ഒന്നിലധികം പരികല്പനകൾ ഉപയോഗിക്കുക. സ്ഥിരീകരണത്തിലുണ്ടാകുന്ന പക്ഷപാതത്വത്തെ കുറയ്ക്കാൻ നിരവധി വിശദീകരണങ്ങൾ സഹായിക്കുന്നതാണ്.
  • സ്വന്തം ആശയങ്ങളിൽ ഭ്രമിച്ച് വശംവദരാകരുത്, അല്ലാത്തപക്ഷം കടകവിരുദ്ധമായ തെളിവുണ്ടെങ്കിൽ പോലും അവ ഉപേക്ഷിക്കാൻ കഴിയണമെന്നില്ല.
  • സാദ്ധ്യമെങ്കിൽ യോഗ്യതയളന്ന് നോക്കുക, പരികല്പനകളുടെ ആപേക്ഷിക വിശദീകരണ ശേഷി ഉപയോഗിച്ച് എളുപ്പത്തിൽ താരതമ്യം ചെയ്യാൻ ഇതുവഴി കഴിയുന്നതാണ്.
  • ഒരു വാദത്തിലെ എല്ലാ ഘട്ടങ്ങളും യുക്തിഭദ്രമായിരിക്കണം; ഒരൊറ്റ ദുർബലമായ കണ്ണി മതി ഒരു ചങ്ങല പൊട്ടാൻ.
  • തെളിവ് സമഗ്രമല്ലെങ്കിൽ, പരികല്പനകളുടെ സൂക്ഷ്മപരിശോധനയ്ക്കായി ഓക്കമിന്റെ കത്തി(൪) ഉപയോഗിക്കുക.
  • ഖണ്ഡനസാദ്ധ്യതകൾ (falsifiability) ശ്രദ്ധിക്കുക. ശാസ്ത്രം തന്നെ ഖണ്ഡിക്കരുതാത്തതൊന്നുമല്ല.

നോക്കേണ്ടത് എന്താണ്

[തിരുത്തുക]


വിഡ്ഢിത്തരം

നിർവ്വചനം

ഉദാഹരണം

വ്യക്ത്യധിക്ഷേപം

സന്ദേശത്തിന്റെ ഉള്ളടക്കത്തെ പരീക്ഷിക്കാതെ സന്ദേശം നൽകുന്നയാളെ ആക്രമിക്കുന്നു.

"മതേതരരായ ഭൗമശാസ്ത്രജ്ഞർക്ക്, അവരുടെ ബൈബിൾ-വിരുദ്ധവും, പ്രകൃതിസ്നേഹപരവും, ലോകത്തിന് ഏകീകൃതസ്വഭാവം ഉണ്ടെന്നുമുള്ള വിദ്യാഭ്യാസം മൂലം, ദൈവസൃഷ്ടിവാദത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ കാണാനോ കേൾക്കാനോ കഴിയില്ല. ദൈവത്തിന്റെ വചനത്തെ അവഗണിച്ച്, ശാസ്ത്രത്തിന്റെ അടിത്തറയിൽ ബൈബിളിനേക്കാളും കൂടുതൽ വിശ്വസിക്കുന്നതിനാൽ ക്രിസ്ത്യാനികളായ ഭൗമശാസ്ത്രജ്ഞർക്കും ഇത് കാണാനാകാറില്ല."[1] ഇത് ശാസ്ത്രജ്ഞരെ കുറ്റം പറയുന്നതല്ലാതെ, സൃഷ്ടിവാദത്തെക്കുറിച്ച് ഒന്നും പറയുന്നില്ല.

വിശ്വാസ്യതയുള്ള കേന്ദ്രത്തിൽ നിന്നുള്ളതെന്ന വാദം

ഇത്തരത്തിലുള്ള വാദങ്ങൾ, വാദത്തിന്റെ ഉള്ളടക്കത്തിലുള്ളതിലുമധികം വിശ്വസനീയതയ്ക്കായി ഒരു അധികാരകേന്ദ്രത്തിന്റെയോ മറ്റോ സഹായം തേടുന്നു.

"യുനെസ്കോ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത നരേന്ദ്രമോഡിയ്ക്ക് അഭിനന്ദനങ്ങൾ - പങ്കജ് അദ്വാനി" [2] യുനെസ്കോ പോലുള്ള സംഘടനയുടെ പേരുപയോഗിച്ചതുകൊണ്ട് സത്യമാവണം എന്നാണ് വ്യംഗ്യം[3].

ദോഷകരമായ പരിണതഫലങ്ങളെക്കുറിച്ചുള്ള വാദം

ഒരു പ്രസ്താവന ശരിയെന്ന് സമ്മതിച്ചാൽ ദോഷകരമായ ഫലങ്ങളാണുണ്ടാവുക, അത് ശരിയാവുക സാദ്ധ്യമല്ല.

"പരിണാമസിദ്ധാന്തത്തിൽ പറയുന്നപോലെ മനുഷ്യരും പരിണമിച്ച മൃഗങ്ങൾ മാത്രമെങ്കിൽ, മാനവിക സംസ്കാരം തന്നെ അസാന്മാർഗ്ഗികതയുടെ വേലിയേറ്റത്തിൽ മുങ്ങിപ്പോവുന്നതാണ്!"

ഗൗനിക്കാതിരിക്കാനുള്ള അഭ്യർത്ഥന

ഒരു കാര്യം തെറ്റാണെന്ന് അറിയില്ലെങ്കിൽ, അത് ശരിയായിരിക്കണം.

"വെറും വീഡിയോകളെ അടിസ്ഥാനമാക്കി, സുരക്ഷാസേനകളെ ചോദ്യം ചെയ്യുന്നത് നല്ലതല്ല." - കിരൺ റിജിജു (കേന്ദ്ര ആഭ്യന്തരമന്ത്രി)[4]

പ്രത്യേക അഭ്യർത്ഥനകൾ

ഒരു ലോകതത്വം പ്രസ്താവിക്കുക, എന്നിട്ട് അത് സ്വന്തം വാദത്തിന് എന്തൊക്കെയോ കാരണത്താൽ ബാധകമല്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുക.

"എന്തിനുമേതിനും ഒരു കാരണമുണ്ടാകണം. ദൈവത്തിനൊഴിച്ച്."

ചോദ്യം യാചിക്കുക/ഉത്തരം കൈയിലുണ്ട്

ഒരു പ്രസ്താവന തെളിയിക്കപ്പെടാത്ത ചുറ്റുപാടുണ്ടാകുമ്പോഴാണ് ഇതുണ്ടാവുക. "വക്രബുദ്ധി", "വളഞ്ഞവഴി" എന്നൊക്കെയും അറിയപ്പെടുന്നു.

ബ്രദർ ശശി: "ദൈവം ഉണ്ട്."
രാജൂട്ടൻ: "നിങ്ങൾക്കെങ്ങിനെയറിയാം?"
ബ്രദർ ശശി: "വേദപുസ്തകത്തിലുണ്ട്."
രാജൂട്ടൻ: "വേദപുസ്തകത്തിലുള്ളതൊക്കെ സത്യമാണോ?"
ബ്രദർ ശശി: "വേദപുസ്തകം ദൈവം രചിച്ചതാണ്."

നിരീക്ഷിച്ച ശേഷം തിരഞ്ഞെടുക്കുക / സ്ഥിരീകരണത്തിലെ പക്ഷപാതം

ഗുണകരമല്ലാത്തവ അവഗണിച്ച് ആവശ്യമുള്ള തെളിവുകൾ മാത്രം നോക്കുക

യാഗം നടത്തി യാഗശാലയ്ക്ക് തീയിടുമ്പോൾ മഴ പെയ്ത സംഭവങ്ങൾ ഉദാഹരണസഹിതം സമർത്ഥിക്കുക, മഴപെയ്യാത്ത സന്ദർഭങ്ങൾ മിണ്ടാതിരിക്കുക. സഞ്ജയന്റെ രുദ്രാക്ഷമാഹാത്മ്യം ഇത്തരം വാദങ്ങൾക്കുള്ള ഉത്തമ ഉദാഹരണമാണ്.

ചെറിയ സംഖ്യകൾ ഉപയോഗിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ

വൻതോതിലുള്ള ശതമാന വർദ്ധനയ്ക്കായി ചെറിയ സംഖ്യകൾ ഉപയോഗിക്കുക

"ഞങ്ങളുടെ അംഗത്വം കഴിഞ്ഞ വർഷം 100% വർദ്ധനയാണ് നേടിയത്." (ശരിക്കും ആകെയുണ്ടായിരുന്ന 2 പേർ, മറ്റ് രണ്ടുപേരെക്കൂടി സംഘടനയിൽ ചേർത്തന്നേ ഉദ്ദേശിക്കുന്നുള്ളു. ആകെ എത്ര അംഗങ്ങളാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്നില്ല. ഒരു ലക്ഷം പേരുള്ള ഒരു സംഘടനയിൽ ഒരു ലക്ഷം പേർ കൂടി ചേർന്ന മട്ടിലാവും അവതരിപ്പിക്കുക.)

സ്ഥിതിവിവരക്കണക്കിന്റെ സ്വഭാവത്തെ തെറ്റായി ധരിക്കുക.

സ്ഥിതിവിവരക്കണക്കുകളുടെയും അളവുരീതികളുടെ നിർവ്വചനങ്ങളുടേയും കേന്ദ്ര അനുമാനത്തെ അവഗണിക്കൽ

പ്രസ്താവന: "1947-ൽ കേരള ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ വാക്സിനേഷൻ നടന്നിട്ടുള്ളു."
തെറ്റായ അനുമാനം: "അന്ന് വാക്സിനേഷൻ അത്ര കുറവായിരുന്നിട്ടും ജനങ്ങൾക്ക് ഒന്നും സംഭവിച്ചില്ല. വാക്സിനേഷൻ കള്ളത്തരമാണ്."

അസ്ഥിരവാദം

വാദങ്ങളിൽ, പ്രത്യേകിച്ച് ഇരട്ടത്താപ്പുകൾ മുറുകെപ്പിടിക്കാൻ അസ്ഥിരമായ ന്യായങ്ങൾ ഉപയോഗിക്കുക.

  • "പരിണാമം ശരിയാണെന്ന് തെളിയിക്കാനാവാത്ത കാലത്തോളം അത് ശാസ്ത്രീയസത്യമല്ല. സൃഷ്ടിവാദം തെറ്റാണെന്ന് തെളിയിക്കാനാവാത്ത കാലത്തോളം അത് അശാസ്ത്രീയമാകുന്നില്ല."
  • "മതേതര രാജ്യങ്ങളിലെ ഇസ്‌ലാം മതത്തിലോട്ടുള്ള മതം മാറ്റം സർവ്വാത്മനാ പ്രോത്സാഹിപ്പിക്കേണ്ടതാണ്. മുസ്‌ലീം രാജ്യങ്ങളിൽ ഇസ്‌ലാം മതത്തിൽ നിന്നുള്ള മതം മാറ്റം മരണശിക്ഷയർഹിക്കുന്നതും നിയമം മൂലം നിരോധിക്കേണ്ടതുമാണ്."[5]

പരസ്പരബന്ധമില്ലാതിരിക്കൽ

ബന്ധമില്ലാത്ത കാര്യങ്ങൾ ചേർത്ത് പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കൽ

"ദശലക്ഷക്കണക്കിന് വർഷങ്ങൾ മുമ്പ് വംശമറ്റ് പോയതെന്ന് നാം വിചാരിച്ച ജൈവനിരകളിലെ, ഡയറ്റോമൈഡേ അണ്ണാൻ, വോളമി പൈൻ, സീലകാന്ത് തുടങ്ങിയ ജീവികളെ നാം പിന്നീട് കണ്ടെത്തിയിട്ടുണ്ട്. [അതുകൊണ്ട് ദിനോസറുകളും മനുഷ്യർക്കൊപ്പം ജീവിച്ചിട്ടുണ്ട്]."[6] വംശനാശം സംഭവിക്കാത്ത ജീവികളും ദിനോസറുകളുമായി ബന്ധമൊന്നുമില്ല.

ഈ സംഭവത്തിന് ശേഷമാണ് നടന്നത്, അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്

നടന്ന കാലം മാത്രം ഉപയോഗിച്ച് ഒരു സംഭവത്തിന്റെ കാരണം കണ്ടെത്തുന്നു.

"റൊമേനിയയിൽ ഏകാധിപതിയായിരുന്ന നികോളെ സീസേക്കുവിന്റെ കാലത്ത് രണ്ട് പതിറ്റാണ്ട് കാലം ഗർഭച്ഛിദ്രം നിയമവിരുദ്ധമായിരുന്നു, അക്കാലത്ത് ലോകത്തിൽ വെച്ച് സ്തനാർബുദത്തിന്റെ തോത് അവിടെ ഏറ്റവും കുറവായിരുന്നു, പടിഞ്ഞാറൻ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വളരെ കുറവ്."[7] സ്തനാർബുദനിരക്ക് കുറവായിരുന്നതിന് ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കിയതുമായി ബന്ധമൊന്നുമില്ല.

മദ്ധ്യഭാഗം ഒഴിവാക്കൽ, അല്ലെങ്കിൽ തെറ്റായ വിഭജനം

ഒരു പ്രശ്നത്തെ രണ്ടായി വിഭജിച്ച് മാത്രം കാണുക, ഇടക്കുള്ള വശം കാണാതിരിക്കുക.

"ഒന്നുകിൽ നിങ്ങൾ ഞങ്ങളോടൊപ്പമാണ്, അല്ലെങ്കിൽ തീവ്രവാദികളോടൊപ്പമാണ്, - ജോർജ്ജ് ഡബ്ല്യു. ബുഷ്"[8]

ചെറിയകാലം vs. നീണ്ടകാലം

നിലവിലുള്ള സ്ഥിതി ചരിത്രാതീത കാലം മുതൽക്കേ തുടരുന്നതാണെന്നും അത് ഭാവിയിലും തുടരുമെന്നും, സാധൂകരിക്കാനാവുന്ന തെളിവുകളുടെ ഒന്നും പിൻബലമില്ലാതെ കണക്കാക്കൽ.

"ഇപ്പോൾ ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ തീവ്രത കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ തോതിൽ മനുഷ്യർ പരിണമിക്കാനെടുത്ത കാലം മുഴുവൻ കാന്തികമണ്ഡലത്തിന്റെ തീവ്രത കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നെങ്കിൽ ഭൂമി എന്നേ വാസയോഗ്യമല്ലാതായി തീർന്നിട്ടുണ്ടായിരിക്കണം." തെളിവുകൾ സൂചിപ്പിക്കുന്നത് കാന്തികമണ്ഡലത്തിന്റെ തീവ്രത കൂടുകയും കുറയുകയും മാത്രമല്ല, ധ്രുവങ്ങൾ മാറുക വരെ ചെയ്യുന്നുണ്ടെന്നാണ്.

കൈവിട്ട് പോകും

ഇപ്പോൾ നടപടി എടുത്തില്ലെങ്കിൽ അത് മറ്റൊരു വലിയ പ്രശ്നത്തിലേക്ക് എത്തുമെന്ന വാദം.

"ഭാര്യമാർ പറയുന്നതെന്തും അനുസരിച്ച് കൊടുക്കരുത്; അവർ പിന്നെ തലയിൽ കേറി നിരങ്ങാൻ തുടങ്ങും."

കാര്യകാരണബന്ധവും പരസ്പരബന്ധവും തമ്മിലുള്ള ആശയക്കുഴപ്പം

രണ്ട് സംഭവങ്ങൾ ഒരേ സമയം നടന്നാൽ ഒന്ന് മറ്റൊന്നിന് കാരണമായി എന്നർത്ഥമില്ല.

"അമ്മയുടെ ഭജനയിൽ പങ്കെടുക്കുന്നവരെ നോക്കൂ, എത്ര സന്തുഷ്ടരാണവർ. ഭജനയ്ക്ക് ചെല്ലുന്നവർക്ക് അമ്മ സന്തോഷം പ്രദാനം ചെയ്യുകയാണ്."

കോലം കത്തിക്കൽ

ഒരു വാദത്തെ തെറ്റായി വിമർശിക്കാൻ എളുപ്പമുള്ള വിധത്തിൽ തെറ്റായി പ്രതിനിധീകരിക്കുക.

"പരിണാമവാദികൾ പറയുന്നത് എല്ലാം പെട്ടെന്നങ്ങ് പൊട്ടിത്തെറിച്ചുണ്ടായി എന്നാണ്!"

തെളിവുകൾ മറയ്ക്കലും അർദ്ധസത്യങ്ങളും

ഭാഗികമായെങ്കിലും ശരിയായിട്ടുള്ള ഭാഗത്ത് നിന്ന് തികച്ചും അനഭിലഷണീയമായ അനുമാനം സൃഷ്ടിച്ചെടുക്കുക.

"ജെ.എൻ.യു.വിൽ നിന്ന് ഗർഭനിരോധന ഉറകളും മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. സർക്കാരിനെതിരെയുള്ള പോസ്റ്ററുകൾ അവർ ഉപയോഗിക്കുന്നു. ഇന്ത്യാവിരുദ്ധരായ അസാന്മാർഗ്ഗികപ്പരിഷകളുടെ കൂടാരമാണവിടം!"[9]

പൊള്ളയായ വാക്കുകൾ

അവ്യക്തമോ, കൃത്യതയില്ലാത്തതോ ആയ അവലംബങ്ങളുടെ ഉപയോഗം.

"ചിലര് പറയുന്നത്..."; "ഒരു നിർദ്ദേശം വന്നിട്ടുള്ളത്..."; "പരക്കെ കരുതപ്പെടുന്നത്..." തുടങ്ങിയവ. ഡൊണാൾഡ് ട്രമ്പ് യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇത്തരം പ്രയോഗങ്ങൾ സ്ഥിരമായി ഉപയോഗിച്ചിരുന്നു[10].

കുറിപ്പുകൾ

[തിരുത്തുക]

കുറിപ്പ് (൧): The Demon-Haunted World
കുറിപ്പ് (൨): The Fine Art of Baloney Detection - കാൾ സേഗന്റെ ലേഖനം
കുറിപ്പ് (൩): Baloney Detection Kit
കുറിപ്പ് (൪): നേരിട്ട് ബന്ധമില്ലാത്ത അനാവശ്യസങ്കല്പങ്ങളെ വാദത്തിൽ നിന്നൊഴിവാക്കി, ഏറ്റവും ലളിതമായ വിശദീകരണത്തിൽ എത്തുന്നതിനുള്ള ബൗദ്ധികപ്രക്രിയ

ഇതും കാണുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]