ലിനക്സ് കുറിപ്പുകൾ/നിങ്ങളുടെ ലിനക്സിനെ അറിയൂ
ഉബുണ്ടു പോലെയുള്ള ഡസ്ക്ടോപ് ലിനക്സ് ഡിസ്ട്രിബ്യൂഷനുകളുടെ വരവോടെ അല്ലെങ്കിൽ മെച്ചപ്പെടലിലൂടെ ഇന്ന് ആർക്കും ലിനക്സ് സിസ്റ്റങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സ്ഥിതി വന്നിട്ടുണ്ട്. ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് (ജി യു ഐ) ഉൾപ്പെടെ വരുന്ന ഈ ഡിസ്ട്രിബ്യൂഷനുകൾ ഒരു കമാൻഡ് ലൈൻ ഇന്റർഫേസ് ഉപയോഗിച്ച് കമാൻഡുകൾ വഴി കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കേണ്ട ആവശ്യം ഇല്ലാതാക്കി. തുടക്കക്കാർക്കും ഒരുപാട് നാൾ വിൻഡോസോ മാക്കോ ഒക്കെ ഉപയോഗിച്ചവർക്കും വേഗത്തിൽ തന്നെ മനസ്സിലാക്കി എടുക്കാൻ കഴിയുന്ന രീതിയിൽ ആണ് ഇപ്പോൾ ലിനക്സ് അധിഷ്ടിത ഡസ്ക്ടോപ് സിസ്റ്റങ്ങൾ. ഇവയെ പൊതുവേ ലിനക്സ് എന്ന് പറയാറുണ്ടെങ്കിലും ഗ്നു/ലിനക്സ് സിസ്റ്റങ്ങൾ എന്നതാണ് ശരിയായ പ്രയോഗം. ലിനക്സ് എന്നത് ഈ സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്ന കെർണൽ ആണ്. ഒരു ലിനക്സ് ഡിസ്ട്രിബ്യൂഷൻ എന്നത് ലിനക്സ് കെർണൽ, ഗ്രാഫിക്കൽ ഡെസ്ക്ടോപ്പ് എൻവയോൺമെന്റ്, അത്യാവശ്യമുള്ള പ്രോഗ്രാമുകൾ (ഒരു ടെക്സ്റ്റ് എഡിറ്റർ, മ്യൂസിക് പ്ലെയർ, ഓഫീസ് ഉപകരണങ്ങൾ), പുതിയ പ്രോഗ്രാമുകൾ ചേർക്കാനും ചേർത്തവ ഒഴിവാക്കാനും ഉള്ള പാക്കേജ് മാനെജ്മെന്റ് സംവിധാനം, നെറ്റ്‌വർക്ക്, മോണിറ്ററുകൾ, പ്രിന്ററുകൾ പോലെയുള്ള ഉപകരണങ്ങൾ ഒക്കെ സജ്ജീകരിക്കാനും പ്രവർത്തിപ്പിക്കാനും സഹായിക്കുന്ന പ്രോഗ്രാമുകൾ എന്നിവയൊക്കെ അടങ്ങിയതാണ്.
എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേയും പോലെ ഇവിടെയും ഏറ്റവും പ്രധാനപ്പെട്ടത് കെർണൽ തന്നെയാണ്. കംപ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളെയും നിയന്ത്രിക്കുന്നത് കെർണൽ വഴിയാണ്, അല്ലെങ്കിൽ കെർണൽ ആണ്. ഒരു സമയത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രോഗ്രാമുകളെ നിയന്ത്രിക്കുക, വിവിധ പ്രോഗ്രാമുകൾക്ക് ഒരേ സമയം പ്രവർത്തിക്കാൻ ഉള്ള ഒരു അന്തരീക്ഷം ഒരുക്കുക, പ്രോഗ്രാമുകൾ ആവശ്യപ്പെടുന്നത് അനുസരിച്ച് ഡിസ്കുകളിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കുക, ഡിസ്കുകളിലേക്ക് വിവരങ്ങൾ രേഖപ്പെടുത്തുക, വിവിധ ഉപഭോക്താക്കൾ ഉള്ള ഒരു കമ്പ്യൂട്ടറിൽ ഓരോ ഉപഭോക്താവും ശേഖരിച്ചിരിക്കുന്ന വിവരങ്ങളുടെ സ്വകാര്യത ഉറപ്പു നൽകുക തുടങ്ങിയവയെല്ലാം കെർണലിന്റെ ജോലിയിൽ പെടുന്നു. വിവിധ ഉപകരണങ്ങളെ നിയന്ത്രിക്കാനുള്ള ഡ്രൈവറുകൾ കെർണലിന്റെ ഭാഗമാണ്. മോണോലിത്തിക് കെർണൽ രീതി പിൻതുടരുന്ന ലിനക്സിന്റെ കെർണൽ ഒരൊറ്റ ഫയൽ ആണ്. ഇതിന് ഉൾപ്പെടുത്തിയിരിക്കുന്ന സൌകര്യങ്ങളുടെ അടിസ്ഥാനത്തിൽ പല വലിപ്പം ഉണ്ടാകും. പൊതുവേ നിങ്ങളുടെ ഒരുമാതിരി ഉപകരണങ്ങൾ ഒക്കെ പ്രവർത്തിപ്പിക്കാനുള്ള ഡ്രൈവറുകൾ അടങ്ങിയ ഒരു ഫുൾ ഓപ്ഷൻ കെർണലിന്റെ വലിപ്പം ഏതാണ്ട് മൂന്നര എം ബി മാത്രമേ വരികയുള്ളൂ. അഞ്ചു മിനിറ്റ് തികച്ച് പാടുന്ന ഒരു എം പി ത്രീ ഫയൽ മോശമില്ലാത്ത നിലവാരത്തിൽ ഉള്ളത്, അല്ലെങ്കിൽ നല്ല ഒരു ഡിജിറ്റൽ ക്യാമറയിൽ എടുക്കുന്ന ചിത്രം ഇതിനേക്കാൾ വലുതായിരിക്കും..
കെർണൽ കഴിഞ്ഞാൽ പിന്നെ ഫയൽ സിസ്റ്റം ആണ് പ്രധാനപ്പെട്ടത്. യൂനിക്സ് സിസ്റ്റങ്ങളിൽ അടിസ്ഥാനപരമായി എല്ലാം ഫയലുകൾ ആണ്. കമ്പ്യൂട്ടറിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളും കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്ന നിങ്ങളും പ്രോഗ്രാമുകളും പ്രോസസുകളും എല്ലാം ഫയലുകൾ തന്നെ.. ഇതിന് ഒരേ ഒരു അപവാദം നെറ്റ്‌വർക്ക് ഉപകരണങ്ങൾ ആണ്. ഇതിന്റെ വിശദാംശങ്ങൾ പിന്നാലെ.. ഓരോ ഉപകരണങ്ങളെ പ്രവർത്തിപ്പിക്കുന്ന പ്രോഗ്രാമുകളും അതുമായി ബന്ധപ്പെട്ട ഫയലുകൾ തുറക്കുകയും അവയിൽ നിന്ന് വായിക്കുകയും അവയിലേക്ക് എഴുതുകയും ചെയ്യുന്നു. ഒരു സാധാരണ ടെക്സ്റ്റ് ഫയൽ ഉപയോഗിക്കുന്ന ലാഘവത്തോടെ.
ലിനക്സ് അല്ലെങ്കിൽ ഏതൊരു ഓപ്പറേറ്റിംഗ് സിസ്റ്റവും ഇൻസ്റ്റാൾ ചെയ്യാനുള്ള ആദ്യപടി അതിനുള്ള ഹാർഡ് ഡിസ്ക് പാർട്ടീഷ്യൻ ഉണ്ടാക്കുക എന്നതാണ്. നൂറോ അഞ്ഞൂറോ ജി ബി വലിപ്പമുള്ള ഹാർഡ് ഡിസ്കുകൾ ഉപയോഗിക്കാനും വിവിധ വിവരങ്ങൾ നല്ലരീതിയിൽ അടുക്കി വക്കാനും ഉള്ള സൗകര്യം പരിഗണിച്ച് ചെറിയ ചെറിയ പാർട്ടീഷ്യനുകൾ ആയി വിഭജിച്ച് വയ്ക്കാറുണ്ട്. ഈ പാർട്ടീഷ്യനുകളിൽ തന്നെ ഫയലുകളും ഫോൾഡറുകളും സൌകര്യമായി സൂക്ഷിക്കാൻ ഫയൽ സിസ്റ്റങ്ങൾ ഉണ്ടാകും. ഒരു ഫയൽ സിസ്റ്റം എന്നത് വിവരങ്ങൾ രേഖപ്പെടുത്തുന്ന രീതിയാണ്. ഫാറ്റ്, എൻ ടി എഫ് എസ്, ഇ എക്സ് റ്റി, ബി റ്റി ആർ എഫ് എസ് അങ്ങനെ നിരവധി ഫയൽ സിസ്റ്റങ്ങൾ ഉണ്ട്. ഒരു ഡിസ്ക് അല്ലെങ്കിൽ ഡിസ്ക് പാർട്ടീഷ്യൻ ഫോർമാറ്റ് ചെയ്യുമ്പോൾ ഇവയിൽ ഏതെങ്കിലും ഒരു ഫയൽ സിസ്റ്റം ആ ഡിസ്കിൽ സജ്ജീകരിക്കുകയാണ് ചെയ്യുന്നത്. ലിനക്സ് ഇൻസ്റ്റാൾ ചെയ്യാൻ ആദ്യമായി ഒരു റൂട്ട് ഫയൽ സിസ്റ്റം വേണം. അതിൽ ഇ എക്സ് റ്റി ടൈപ്പ് ആണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത്. വിൻഡോസ് എൻ ടി എഫ് എസ്സും. ലിനക്സിൽ എല്ലാം ഫയലുകൾ ആണെന്ന് കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞിരുന്നു. ഓരോ ഫയലുകൾക്കും ഒരു പെരുണ്ടാകുമല്ലോ, പിന്നെ അതിനെ ഉൾക്കൊള്ളുന്ന ഫോൾഡറും. ഈ ഫോൾഡറിന്റെ പേരടക്കം ഫയലിന്റെ പേര് പറയുന്നതിനെ പാത്ത് എന്ന് പറയും. അതായത് ആ ഫയൽ സിസ്റ്റത്തിൽ ഒരു ഫയലിനെ കണ്ടുപിടിക്കണമെങ്കിൽ സഞ്ചരിക്കേണ്ട വഴി. ഈ വഴികളുടെ എല്ലാം തുടക്കം / ഇൽ ആണ്. / നെ റൂട്ട് എന്ന് പറയാം. അടിവേര്. ഒരു ഫയലിന്റെ പാത്തിൽ ഉള്ള ഓരോ ഘടകങ്ങളും / കൊണ്ട് വേർതിരിക്കപ്പെട്ടിരിക്കും. ഉദാഹരണത്തിന് റൂട്ട് ഡയരക്ടറിയിൽ സുബിൻ എന്ന ഫോൾഡറിൽ മലയാളം എന്ന ഒരു ഫയൽ ഉണ്ടെന്നു കരുതുക. ആ ഫയലിന്റെ മുഴുവൻ പാത്ത് /subin/malayalam എന്നായിരിക്കും. ലിനക്സ് റൂട്ട് ഫയൽ സിസ്റ്റത്തിൽ സജ്ജീകരണത്തിന് ശേഷം കാണുന്ന പ്രധാന ഡയറക്ടറികൾ ചുവടെ,
- /bin - വിവിധ പ്രോഗ്രാമുകൾ ഇതിൽ ഉണ്ടാകും. ബൈനറി എന്നതിന്റെ ചുരുക്കപ്പേരാണ് ബിൻ. വിൻഡോസിൽ C:\WINDOWS\System32 എന്ന ഫോൾഡറിന് സമാനമാണിത്.
- /sbin - ഇതിലും വിവിധ പ്രോഗ്രാമുകൾ തന്നെ. എന്നാൽ ബിൻ ഡയറക്ടറിയിൽ ഉള്ള പ്രോഗ്രാമികളിൽ നിന്നും വ്യത്യസ്തമായി ഇതിലെ മിക്കവാറും പ്രോഗ്രാമുകൾ ഉപയോഗിക്കാൻ സാധാരണ ഉപഭോക്താവിന് കഴിയില്ല. റൂട്ട് യൂസർ എന്ന സിസ്റ്റം അഡ്മിനിസ്റ്റ്രെറ്റർക്ക് ഉള്ളവയാണ് ഇവ. റൂട്ട് യൂസറിന്റെ പാസ് വേർഡ് അറിയാമെങ്കിൽ ആർക്കും ഉപയോഗിക്കാം.
- /usr - ഇതിൽ തീമുകൾ, ഫോണ്ടുകൾ, യൂസർ മാനുവലുകൾ ഒക്കെ.
- /usr/bin - /bin പോലെ തന്നെ. വിൻഡോസിൽ C:\Program Files എന്ന ഫോൾഡറിന് സമാനമാണിത്.
- /usr/sbin - /sbin പോലെ തന്നെ.
- /etc - വിവിധ പ്രോഗ്രാമുകളുടെ ക്രമീകരണങ്ങൾ ഉൾക്കൊള്ളുന്ന ഫയലുകൾ ആണ് ഇതിൽ ഉണ്ടാവുക.
- /mnt - ലിനക്സ് വിവിധ ഫയൽ സിസ്റ്റങ്ങളെ പിന്തുണക്കുന്നു. ഇപ്പോൾ നിങ്ങളുടെ ഹാർഡ് ഡിസ്കിൽ നാല് പാർട്ടീഷ്യനുകൾ ഉണ്ടെന്നിരിക്കട്ടെ. വിൻഡോസിൽ C: D: E: F: എന്നിങ്ങനെ ഇവയെ കാണാം. ലിനക്സിൽ ഇവ ഉപയോഗിക്കണമെങ്കിൽ അതിനെ റൂട്ട് ഫയൽ സിസ്റ്റത്തിലെ ഏതെങ്കിലും ഒരു ഡയറക്ടറിയുമായി ബന്ധിപ്പിക്കണം. മൗണ്ടിങ്ങ് എന്നാണ് ഇതിന് പറയുന്നത്. ഒരു ഡിസ്ക് അല്ലെങ്കിൽ ഡിസ്ക് പാർട്ടീഷ്യനുമായി ബന്ധിപ്പിച്ചിരിക്കുന്ന ഡയറക്റ്ററിയെ ആ ഡിസ്കിന്റെ മൗണ്ട് പോയിന്റ് എന്ന് വിളിക്കുന്നു. നിങ്ങളുടെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന വിവിധ ഡിസ്കുകളെ /mnt യിൽ ഉള്ള വിവിധ ഡയറക്റ്ററികളിൽ മൗണ്ട് ചെയ്യാം.
- /media - /mnt പോലെതന്നെ.
- /home - കമ്പ്യൂട്ടറിലെ ഓരോ യൂസർക്കും ഈ ഡയറക്റ്ററിയിൽ ഒരു ഡയറക്റ്ററി ഉണ്ടാകും. ആ യൂസറിന്റെ ക്രമീകരണങ്ങൾ, ഫയലുകൾ ഒക്കെ ഇതിൽ കാണും. വിൻഡോസിലെ My Documents പോലെ. ഈ ഡയറക്റ്ററി ചിലപ്പോളൊക്കെ വേറെ ഒരു ഡിസ്ക് പാർട്ടീഷ്യന്റെ മൗണ്ട് പോയിന്റ് ആയിരിക്കും. ലിനക്സ് ഇന്സ്റ്റാൾ ചെയ്യുന്ന സമയത്ത് റൂട്ട് ഫയൽ സിസ്റ്റം ക്രമീകരിക്കാൻ ഒരു പ്രത്യേക പാർട്ടീഷ്യൻ നിർബന്ധമാണല്ലോ. അതുപോലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ വേറെ ഒരു പാർട്ടീഷ്യൻ ഉണ്ടെങ്കിൽ അതിനെ /home ഇൽ മൗണ്ട് ചെയ്യാം. ഇങ്ങനെ ചെയ്യുന്നതിന് പല മെച്ചങ്ങളും ഉണ്ട്. ഉബുണ്ടു പോലെയുള്ള ലിനക്സ് ഡിസ്ട്രിബ്യൂഷനുകൾ കൂടെക്കൂടെ പുതിയ പതിപ്പുകൾ ഇറക്കാറുണ്ട്.പുതിയ പതിപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ പഴയതിൽ ഉണ്ടായിരുന്ന വിവരങ്ങൾ മിക്കവാറും നഷ്ടമാകും. ഡെസ്ക്ടോപ്പിൽ സൂക്ഷിച്ച ഫയലുകൾ, ക്രമീകരണങ്ങൾ, വെബ് ബ്രൗസറിലെ ബുക്ക് മാർക്കുകൾ ഒക്കെ. ഉപഭോക്താക്കളുടെ വിവരങ്ങൾക്കായി വേറെ പാർട്ടീഷ്യൻ ഉണ്ടെങ്കിൽ ഇതിനെ ഫോർമാറ്റ് ചെയ്യാതെ റൂട്ട് ഫയൽ സിസ്റ്റം മാത്രം ഫോർമാറ്റ് ചെയ്ത് പുതിയ പതിപ്പുകൾ സജ്ജീകരിക്കാം. അപ്പോൾ ഉപഭോക്താക്കളുടെ വിവരങ്ങൾ നഷ്ടപ്പെടാതെ ഇരിക്കും.
- /var - കമ്പ്യൂട്ടറിന്റെ സാധാരണ പ്രവർത്തനത്തിനിടെ പൊതുവേ മാറ്റം വരുന്ന ഫയലുകൾ ഇവിടെയാണ്. 'variable (files) എന്നതിന്റെ ചുരുക്കം. ഉദാഹരണം: ചില പ്രോഗ്രാമുകൾ പ്രവർത്തിക്കുന്പോൾ അവ തുടർച്ചയായി എഴുതുന്ന നാൾവഴി (log) ഫയലുകൾ ഇവിടെയാണ് കാണുക.
- /boot - കെർണൽ, ബൂട്ട് ലോഡർ തുടങ്ങിയവ ഇതിൽ കാണും. /boot/vmlinuz ആണ് ലിനക്സ് കെർണൽ. ബൂട്ട് ലോഡറുകളെ പറ്റി വഴിയെ..
മേൽപ്പറഞ്ഞ ഡയറക്റ്ററികളിലെ വിവരങ്ങൾ ഡിസ്കിൽ സൂക്ഷിക്കപ്പെട്ടവയും കമ്പ്യൂട്ടർ ഓഫ് ചെയ്താലും നഷ്ടപ്പെടാത്തവയും ആണ്. ഇനി വരുന്നവ ലിനക്സ് ഉപയോഗിക്കുന്ന യതാർഥങ്ങൾ അല്ലാത്ത (സ്യൂഡോ) ഫയൽ സിസ്റ്റങ്ങളുടെ മൗണ്ട് പോയിന്റുകൾ ആണ്. ഈ ഡയറക്റ്ററികളിലെ വിവരങ്ങൾ ഓരോ തവണ കംപ്യൂട്ടർ ഓഫ് ചെയ്യുമ്പോളും ഇല്ലാതാകും. ഇതിലെ ഫയലുകളിൽ ഉള്ള വിവരങ്ങൾ എവിടേയും രേഖപ്പെടുത്തിയവ അല്ല, ഓരോ തവണ ആ ഫയലുകൾ വായിക്കുമ്പോളും താൽക്കാലികമായി ഉണ്ടാക്കപ്പെടുന്നവയാണ്.
- /tmp - പ്രോഗ്രാമുകൾ പ്രവർത്തിക്കുമ്പോൾ താൽക്കാലിക വിവരങ്ങൾ സൂക്ഷിക്കാൻ.
- /dev - ലിനക്സ്/യൂണിക്സ് സിസ്റ്റങ്ങൾ എല്ലാത്തിനെയും ഫയലുകൾ ആയിട്ടാണ് പരിഗണിക്കുക എന്ന് ആദ്യത്തെ പോസ്റ്റിൽ പറഞ്ഞിരുന്നല്ലോ. കംപ്യൂട്ടറുമായി ഘടിപ്പിച്ചിരിക്കുന്ന ഓരോ ഉപകരണങ്ങൾക്കും ആയുള്ള ഫയലുകൾ ആണ് ഇതിൽ ഉണ്ടാകുക.
- /proc - ലിനക്സിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രോഗ്രാമുകളെയും സമ്ബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഫയലുകൾ, പ്രോസസറിനെയും മെമ്മറിയെയും കുറിച്ചുള്ള വിവരങ്ങൾ ഒക്കെ.
- /sys - /dev പോലെ തന്നെ. ചില്ലറ വ്യത്യാസങ്ങൾ ഉണ്ട്.