പന്നിപ്പനി

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ഒരു സാധാരണ ജലദോഷപ്പനിയുടെ എല്ലാ ലക്ഷണങ്ങളോടെയുമാണു് പന്നിപ്പനിയും വരുന്നതു്. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പു്, മൂക്കടപ്പു്, ശരീരവേദന, തലവേദന, വിറയൽ, ക്ഷീണം എന്നിവയെല്ലാം പന്നിപ്പനിയുടെ ലക്ഷണങ്ങളാണു്. പന്നിപ്പനി ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും വയറിളക്കവും ഛർദ്ദിയും കണ്ടിട്ടുണ്ടു്.

ആശുപത്രിയിൽ പോകാതെ തന്നെ ഇതു പലർക്കും സുഖമാകുന്നുണ്ടെങ്കിലും, പനിമൂലം മരണവും സംഭവിയ്ക്കുന്നുണ്ടു്.

ഗർഭിണികൾ, പ്രമേഹക്കാർ, ഹൃദ്രോഗികൾ, ആസ്തമക്കാർ, കിഡ്നിരോഗികൾ എന്നിവരിൽ പന്നിപ്പനി പിടിപെട്ടാൽ, രോഗാവസ്ഥ സങ്കീർണ്ണമാകുവാനുള്ള സാധ്യതകൾ വളരെ അധികമാണു്. പലപ്പോഴും ഈ സങ്കീർണ്ണതയാണു് മരണകാരണമാകുന്നതും. പന്നിപ്പനിയുടെ ഏറ്റവും വലിയ അപകടം, അതു് മനുഷ്യർ തമ്മിൽ പങ്കുവെയ്ക്കുന്നതാണു്. പകരുവാൻ വളരെ എളുപ്പമാണു്. സാധാരണ ജലദോഷം പകരുന്നതു പോലെ തന്നെ എളുപ്പം പടർന്നു പിടിയ്ക്കുന്നു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അടുത്തു നിൽക്കുന്ന ആൾക്കു് രോഗാണു ലഭിയ്ക്കുമെന്നതു് കട്ടായം. രോഗാണുവുള്ള കൈലേസ് മുതലായ തുണികൾ, അല്ലെങ്കിൽ ഏതെങ്കിലും പ്രതലം ഇവിടെയൊക്കെ തൊട്ടതിനു ശേഷം സ്വന്തം വായിലോ മൂക്കിലോ സ്പർശിച്ചാലും നിങ്ങൾക്കു് രോഗം പകരും. സാധാരണ ജലദോഷം ബാധിച്ച ഒരു രോഗി ആദ്യദിവസം മുതൽ തന്നെ രോഗം പടർത്തുവാൻ തുടങ്ങുന്നു, അതു് 5-7 ദിവസം വരെ തുടരുകയും ചെയ്യും. കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും മറ്റും ഈ കാലയളവു് കൂടുതലുമാണു്. പന്നിപ്പനിയുടെ കാര്യത്തിൽ കാലയളവു് ഇതിലും കൂടിയിരിയ്ക്കുമെന്നാണു് കണ്ടെത്തിയിരിയ്ക്കുന്നതു്.

എന്താണു് സ്വയരക്ഷ?[തിരുത്തുക]

പന്നിപ്പനിയ്ക്കെതിരെ വാക്സിനുകളൊന്നും ലഭ്യമല്ല. ഉത്പാദിപ്പിയ്ക്കുവാൻ തുടങ്ങിയിരിയ്ക്കുന്നു, ഏതാനും മാസങ്ങൾക്കുള്ളിൽ ലഭിയ്ക്കുമെന്നാണു് പറയപ്പെടുന്നതു്. മരുന്നിനു കാത്തുനില്ക്കാതെ, സമൂഹത്തിനു തന്നെ സ്വയം പ്രതിരോധിയ്ക്കാം.

രോഗികൾ ശ്രദ്ധിയ്ക്കേണ്ടതു്[തിരുത്തുക]

  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഒരു കൈലേസു കൊണ്ടു വായും മൂക്കും പൊതിഞ്ഞുപിടിയ്ക്കുക. ശേഷം ആ കൈലേസു നശിപ്പിയ്ക്കുക.
  • തുമ്മിയതിനും ചുമച്ചതിനും ശേഷം കൈകൾ നല്ലവണ്ണം സോപ്പിട്ടു കഴുകുക.
  • നിങ്ങളുടെ കണ്ണിലും മൂക്കിലും വായിലുമെല്ലാം കൈകൊണ്ടു തൊടുന്നതു് ഒഴിവാക്കുക. ഇതുവഴിയാണു് രോഗാണു അതിവേഗം പകരുന്നതു്.
  • രോഗികളുടെ അടുത്തു പോകാതിരിയ്ക്കുവാൻ ശ്രദ്ധിയ്ക്കുക. മുൻകരുതലുകൾ എടുക്കുവാൻ പരിശീലനം ലഭിച്ച ഡോക്ടർമാരും നഴ്സുമാരും രോഗിയെ ശുശ്രൂഷിച്ചു കൊള്ളും.
  • പന്നിപ്പനി പോലെയുള്ള എന്തെങ്കിലും നിങ്ങളെ ബാധിച്ചാൽ, പനി മാറിയതിനു ശേഷവും 24 മണിക്കൂറെങ്കിലും വീട്ടിൽ നിന്നു പുറത്തിറങ്ങാതെ നോക്കുക. പനിയ്ക്കുള്ള മരുന്നു കഴിയ്ക്കാതെ തന്നെ പനി മാറേണ്ടതാണു്. മറ്റുള്ളവരിൽ നിന്നും പരമാവധി ഒഴിഞ്ഞു നില്ക്കുക, അങ്ങിനെ മറ്റുള്ളവരേയും രോഗികളാക്കാതെ കഴിയ്ക്കാം.
  • കുട്ടികൾക്കു രോഗം ബാധിച്ചാൽ, കുട്ടിയുടെ പഠിപ്പു മുടങ്ങുന്നതിൽ വേവലാതിപ്പെട്ടു് രോഗിയായ കുട്ടിയെ സ്ക്കൂളിൽ പറഞ്ഞയയ്ക്കരുതു്. അതു് സ്ക്കൂളിലെ മൊത്തം കുട്ടികളെയും രോഗികളാക്കുന്നതിനേ ഉപകരിയ്ക്കൂ.
  • പ്രധാനമായും നിങ്ങളുടെ കൈകൾ എപ്പോഴും സോപ്പുപയോഗിച്ചു് കഴുകി വൃത്തിയായിരിയ്ക്കുവാൻ ശ്രദ്ധിയ്ക്കുക. നിങ്ങളുടെ കൈകൾ പലപ്പോഴും അശ്രദ്ധമായി മൂക്കിലും വായിലും സ്പർശിയ്ക്കുന്നതിലൂടെയാണു് രോഗം പകരുന്നതു്.

രോഗം ബാധിച്ച കുട്ടികളിൽ ശ്രദ്ധിയ്ക്കേണ്ട അപകടലക്ഷണങ്ങൾ[തിരുത്തുക]

  • ദ്രുതശ്വസനം അല്ലെങ്കിൽ ശ്വസിയ്ക്കുന്നതിലുള്ള പ്രയാസം
  • ചർമ്മത്തിനു നീലനിറമോ ചാരനിറമോ കാണുക
  • ആവശ്യത്തിനു വെള്ളം കുടിയ്ക്കാതിരിയ്ക്കുക
  • നിരന്തരമായി ഛർദ്ദിയ്ക്കുക
  • ഉണരാതിരിയ്ക്കുക അല്ലെങ്കിൽ പ്രതികരിയ്ക്കാതിരിയ്ക്കുക
  • കുട്ടിയെ തൊടുവാൻ സമ്മതിയ്ക്കാതിരിയ്ക്കുക
  • ജലദോഷ ലക്ഷണങ്ങൾ മാറിയെന്നാലും പനിയും കഠിനമായ ചുമയും തിരിച്ചുവരിക.

മുതിർന്നവരിൽ ശ്രദ്ധിയ്ക്കേണ്ട ലക്ഷണങ്ങൾ[തിരുത്തുക]

  • ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ടു്
  • നെഞ്ചിലും വയറ്റിലും വേദന
  • പെട്ടെന്നുള്ള തലകറക്കം
  • നിരന്തരമായ ഛർദ്ദി
  • ജലദോഷ ലക്ഷണങ്ങൾ മാറിയെന്നാലും പനിയും കഠിനമായ ചുമയും തിരിച്ചുവരിക.

പ്രധാനമായിട്ടുള്ള സുരക്ഷാമാർഗ്ഗം, കൈകൾ ശുദ്ധിയാക്കുന്നതിലാണു്. കാരണം പന്നിപ്പനിയുടെ വൈറസുകൾ 2-8 മണിക്കൂറുകൾ വരെ പുസ്തകം വാതിൽപ്പിടി മുതലായവയിൽ ആരോഗ്യത്തോടെ ഇരിയ്ക്കും. പന്നപ്പനിയുള്ള ആൾ അശ്രദ്ധമായി മൂക്കുപിഴിഞ്ഞ കൈകൾ കഴുകാതെ പുസ്തകങ്ങളിലും വാതിൽപ്പിടികളിലും മറ്റും പിടിയ്ക്കുമ്പോൾ രോഗാണുക്കൾ അവിടെ ഇരിപ്പാകുന്നു. രോഗമില്ലാത്ത ആൾ ആ വസ്തുക്കളിൽ സ്പർശിയ്ക്കുകയും പിന്നെ അബദ്ധത്തിനു തന്റെ വായിലോ മൂക്കിലോ കണ്ണിലോ സ്പർശിയ്ക്കുകയും ചെയ്താൽ, അതോടെ അയാളിലേയ്ക്കു രോഗാണുക്കൾ പ്രവേശിയ്ക്കുകയായി. നൂറു ഡിഗ്രി സെൽഷ്യസിൽ തിളപ്പിച്ചാൽ ഈ വൈറസിനെ നശിപ്പിയ്ക്കാവുന്നതേയുള്ളൂ.

തെറ്റിദ്ധാരണകൾ[തിരുത്തുക]

പന്നിയിൽ നിന്നാണു് പന്നിപ്പനി വന്നതെന്നു് ഒരു തെറ്റിദ്ധാരണയുണ്ടു്. പന്നികളിൽ കാണുന്ന വൈറസിലെ ഒരു ജീനിനെപ്പോലയുള്ള ജീൻ ഈ വൈറസിലും കണ്ടതിനാലാണു് ശാസ്ത്രജ്ഞർ ഇതിനെ പന്നിപ്പനിയെന്നു വിളിച്ചതു്, പിന്നീടുള്ള ഗവേഷണങ്ങളിൽ യൂറോപ്പിലെ പന്നികളിലെ രണ്ടു ജീനും ഒരു പക്ഷി ജീനും ഒരു മനുഷ്യജീനും അടങ്ങിയതാണു് ഈ വൈറസിന്റെ ജീൻ എന്നു കണ്ടെത്തി. പന്നി ഇറച്ചി കഴിയ്ക്കുന്നതിനാലൊന്നും ഇതു വരികയില്ല, മറിച്ചു് പന്നിപ്പനിയുള്ളവരുടെ അടുത്തു പോയാൽ, അവരുടെ ചുമയിൽ നിന്നും വായുവിലൂടെ രോഗാണുക്കൾ പകരാം.

അതിനാൽ ശ്രദ്ധിയ്ക്കുക, പടരാതെ പകർത്താതെ എല്ലാവരേയും സുരക്ഷിതരാക്കുക.

"https://ml.wikibooks.org/w/index.php?title=പന്നിപ്പനി&oldid=8236" എന്ന താളിൽനിന്ന് ശേഖരിച്ചത്