ഡെബിയൻ/ഇൻസ്റ്റാളേഷൻ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ഡെബിയന്റെ നിലവിലെ സ്ഥിരതയുള്ള പതിപ്പായ വീസിയുടെ സന്നിവേശനം (ഇൻസ്റ്റാളേഷൻ)

1) ഡെബിയൻ വീസിയുടെ ഐ.എസ്.ഓ. ഡൗൺലോഡ് ചെയ്യുക.

ഡെബിയൻ വീസിയുടെ ഐ.എസ്.ഓ. ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യുക. ഇത് ഒരു സി.ഡി.യിലേക്കു റൈറ്റ് ചെയ്യുന്നതാവും നല്ലത്. (പിന്നീടുള്ള ഉപയോഗങ്ങൾക്ക് ഉപകരിക്കും) അല്ലെങ്കിൽ ഒരു പെൻഡ്രൈവിലോ മറ്റോ ബൂട്ടബിൾ തയ്യാറാക്കിയാലും മതി. സി.ഡി. ഡ്രൈവിൽ ഇട്ട ശേഷം റീസ്റ്റാർട്ട് ചെയ്ത് പ്രസ്തുത ഡ്രൈവ് തിരഞ്ഞെടുക്കുക. (ഇന്റലിനു F12 ആയിരിക്കും)

2) ഇൻസ്റ്റാളേഷൻ ആരംഭിക്കുക

അൽപ സമയത്തിനു ശേഷം ഇൻസ്റ്റാളേഷൻ മെനു പ്രത്യക്ഷപ്പെടും. ഇവിടെ നിന്നും ‘Install’ തിരഞ്ഞെടുത്ത് എന്റർ അമർത്തുക.

3) ഭാഷ തിരഞ്ഞെടുക്കൽ

ഇൻസ്റ്റാളേഷനു വേണ്ട ഭാഷ തിരഞ്ഞെടുക്കുകയാണു അടുത്ത പടിയിൽ. ഇതു തന്നെയാകും ഇൻസ്റ്റാൾ ചെയ്ത സിസ്റ്റത്തിന്റെയും സ്വതേയുള്ള ഭാഷ.

4) പ്രദേശം തിരഞ്ഞെടുക്കുക

അടുത്തതായി നിങ്ങളുടെ പ്രദേശം തിരഞ്ഞെടുക്കുക. ഇതനുസരിച്ചാണു സിസ്റ്റത്തിന്റെ ലോക്കലെ (പ്രദേശം, നാണയവ്യവസ്ഥ, സമയം ) ക്രമീകരിക്കുക. തന്നിട്ടുള്ളവയിൽ ലോക്കലെ ഇല്ലെങ്കിൽ ‘Other’ തിരഞ്ഞെടുക്കാം.

5) ലോക്കലെ കോൺഫിഗറേഷൻ

പ്രദേശത്തിനായി ഒരു ലോക്കലെ കോൺഫിഗർ ചെയ്തിട്ടില്ലെങ്കിൽ അതിനുള്ള ഉപാധിയാണു അടുത്ത പടിയിൽ.

6) കീബോർഡ് കോൺഫിഗറേഷൻ

ഉപയോഗിക്കേണ്ട കീബോർഡിനുള്ള കോൺഫിഗറേഷൻ അടുത്ത പടിയിൽ തിരഞ്ഞെടുക്കുക.

7) അഡീഷണൽ ഘടകങ്ങളുടെ സ്ഥാപനം

സിസ്റ്റത്തിനാവശ്യമുള്ള ഘടകങ്ങൾ അതു ശേഖരിക്കുന്നു.

8) ഹോസ്റ്റ് നാമം

സിസ്റ്റം ഒരു ശൃംഖലയിലുൾപ്പെട്ടിരിക്കുന്നതാണെങ്കിൽ അതിനു നൽകിയിട്ടുള്ള ഹോസ്റ്റ് നാമമാണു ഇവിടെ നൽകേണ്ടത്. അങ്ങനെയല്ലെങ്കിൽ എന്റെങ്കിലും നൽകിയാൽ മതി.

9) ഡൊമൈൻ നാമം

ശൃംഖലാ ക്രമീകരണത്തിന്റെ അടുത്ത ഭാഗമാണിത്. സിസ്റ്റത്തിന്റെ ശൃംഖലാ ഡൊമൈൻ നാമം ഇവിടെ നൽകുക.

10) റൂട്ട് ക്രമീകരണം.

ഒരു സിസ്റ്റത്തിന്റെ കാര്യനിർവ്വാഹകനാണു് റൂട്ട്. സിസ്റ്റത്തിൽ സർവ്വ വിധ അധികാരവുമുള്ള ഇദ്ദേഹത്തിനു യഥാക്രമം ശക്തമായ ഒരു പാസ്‌വേഡ് നൽകി ക്രമീകരിക്കുക. ഈ പാസ്‌വേഡ് ഒരിക്കലും മറന്നു പോകരുത്. ഒപ്പം അവശ്യത്തിനു ദൃഢവുമാകാൻ ശ്രദ്ധിക്കുക. ഇതു തന്നെ സ്ഥിരീകരിക്കുൻ അടുത്ത പടിയിൽ ഒന്നു കൂടി നൽകുക.

11) ഉപയോക്തൃ അക്കൗണ്ട് ക്രമീകരണം

റൂട്ട് അക്കൗണ്ട് അല്ലാതെയുള്ള ഉപയോക്തൃ അക്കൗണ്ട് ഈ ഘട്ടങ്ങളിൽ ക്രമീകരിക്കാം. ഉപയോക്താവിന്റെ യഥാർത്ഥനാമം, ഉപയോക്തൃനാമം, രഹസ്യവാക്ക് എന്നിവ തുടർന്നുള്ള പടികളിൽ നൽകുക.

12) കൂടുതൽ ക്രമീകരണങ്ങൾ

തുടർന്നുള്ള ഇൻസ്റ്റാളേഷൻ ഘട്ടങ്ങൾ സ്വതേ ചില ക്രമീകരണങ്ങൾ നടത്തും. ഉപയോക്താവിന്റെ ഇടപെടൽ ഇവിടെ ആവശ്യമില്ല.

13) ഡിസ്ക് പാർട്ടീഷനിങ്ങ്

ഒരു പക്ഷേ ഇൻസ്റ്റാളേഷനിലെ ഏറ്റവും കുഴപ്പം പിടിച്ച ഭാഗം ഇതായിരിക്കും. യഥാവിധി അല്ല ഈ ഭാഗം ചെയ്യുന്നതെങ്കിൽ സിസ്റ്റത്തിൽ നിലവിലുള്ള എല്ലാം നഷ്ടപ്പെട്ടേക്കാം. മറ്റൊരു ഇൻസ്റ്റാളേഷനുമില്ല, ഡെബിയൻ ഡിസ്ക് മുഴുവനായും ഇൻസ്റ്റാളേഷനു വേണ്ടി ഉപയോഗിക്കുകയാണെങ്കിൽ ആദ്യ മൂന്നെണ്ണത്തിൽ അനുയോജ്യമായ ഒരെണ്ണം തിരഞ്ഞെടുക്കാം. മറിച്ച് പ്രത്യേകം പാർട്ടീഷൻ നിർമ്മിക്കണമെങ്കിലോ, മറ്റൊരു ഓപറേറ്റിങ്ങ് സിസ്റ്റത്തിനൊപ്പമോ ഇൻസ്റ്റാളേഷൻ നടത്തണമെങ്കിൽ ‘Manual’ എന്ന ഭാഗം തിരഞ്ഞെടുക്കുക.

ഇൻസ്റ്റാൾ ചെയ്യേണ്ട പാർട്ടീഷൻ തിരഞ്ഞെടുക്കുക.

വിവിധ ഫയൽസിസ്റ്റം ഡയറക്ടറികൾ വേണമെങ്കിൽ അതിവിടെ നിർദ്ദേശിക്കാം. (കൊടുക്കണമെന്നു നിർബന്ധമില്ല)

പാർട്ടീഷനിങ്ങ് പൂർത്തിയായെങ്കിൽ അവ ഡിസ്കിലേക്ക് എഴുതാനാരംഭിക്കാം. (റെയ്ഡ്, വോള്യം മാനേജർ മുതലായവ ക്രമീകരിക്കണമെങ്കിൽ ഈ ഘട്ടത്തിലാകാവുന്നതാണു്)

14) ബേസ് സിസ്റ്റം ഇൻസ്റ്റോളേഷൻ

തുടർന്നു ബേസ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ ആരംഭിക്കും.

15) പാക്കേജ് നിയന്ത്രണം

ആപ്റ്റ് (apt) മുഖാന്തരം പാക്കേജ് ഡൗൺലോഡ് ചെയ്യേണ്ട മിറർ സൈറ്റു തിരഞ്ഞെടുക്കുകയാണു തുടർന്ന്. ആദ്യം സ്വന്തം രാജ്യവും (ഇല്ലെങ്കിൽ ഏറ്റവും അടുത്തുള്ള രാജ്യം) ഒരു മിററും തിരഞ്ഞെടുക്കുക

ഒരു പ്രോക്സി സെർവ്വർ മുഖാന്തരമാണു ഇന്റർനെറ്റ് ബന്ധം സാധ്യമാക്കിയിരിക്കുന്നതെങ്കിൽ അതിന്റെ വിവരമാണു ഇവിടെ നൽകേണ്ടത്. പ്രോക്സി ഇല്ലെങ്കിൽ അടുത്ത ഘട്ടത്തിലേക്കു തുടരാം.

apt ക്രമീകരിക്കുകയും അതിനാവശ്യമായ ഫയലുകൾ നവീകരിക്കുകയുമാണു അടുത്ത പടിയിൽ (apt-get updateനു തുല്യം) ഇതിനൽപം സമയം ആവശ്യമായി വന്നേക്കാം)

ഉപയോക്താക്കൾ ഏറ്റവുമധികം ഉപയോഗിക്കുന്ന പാക്കേജുകളാണു് ഡെബിയന്റെ ആദ്യ സിഡിയിൽ ഉൾപ്പെടുത്തുന്നത്. ഇതു തിരഞ്ഞെടുക്കുന്നതിനായി ഉപയോക്താക്കൾക്കിടയിൽ ഒരു സർവ്വേ നടത്താറുണ്ട്. ഇതിൽ ഭാഗാവാക്കാകാൻ ആഗ്രഹിക്കുന്നെങ്കിൽ ‘Yes’ അല്ലെങ്കിൽ .No’ തിരഞ്ഞെടുക്കുക.

16) പ്രോഗ്രാമുകളുടെ ഇൻസ്റ്റാളേഷൻ

ഓരോ ഉപയോക്താക്കളുടേയും താത്പര്യമനുസരിച്ച് ഇൻസ്റ്റാൾ ചെയ്യപ്പെടേണ്ട പ്രോഗ്രാമുകൾ ഇവിടെ തിരഞ്ഞെടുക്കാം. തുടർന്ന് അവ (ലൈബ്രറികളടക്കം) ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു.

17) ബൂട്ട് ലോഡർ

ഒരു ഓപറേറ്റിങ്ങ് സിസ്റ്റത്തെ സെക്കന്ററി ഡിസ്കിൽ നിന്നും കണ്ടെത്തി പ്രൈമറി ഡിസ്കിലേക്ക് എത്തിക്കുന്ന പ്രോഗ്രാമാണു ബൂട്ട്സ്ട്രാപ് ലോഡർ അഥവാ ബുട്ട് ലോഡർ. പൊതുവേ ഗ്നു ലിനക്സ് വിതരണങ്ങളിൽ ഉപയോഗിക്കുന്ന ബുട്ട് ലോഡറാണു ഗ്രബ് ( Grand Unified Bootloader) ഇത് മാസ്റ്റർ ബൂട്ട് റെക്കോഡിലേക്ക് ഇൻസ്റ്റാൾ ചെയ്യുന്നതാണു അടുത്ത ഘട്ടം.

18) ഇൻസ്റ്റാളേഷൻ സമാപ്തം.

തുടർന്ന് ഇൻസ്റ്റാൾ ചെയ്യാനുപയോഗിച്ച മാധ്യമം നീക്കം ചെയ്യാം. ഇതോടെ പുതിയ ഇൻസ്റ്റാളേഷനിലേക്ക് സിസ്റ്റം റീബൂട്ട് ചെയ്യപ്പെടുന്നു.

"https://ml.wikibooks.org/w/index.php?title=ഡെബിയൻ/ഇൻസ്റ്റാളേഷൻ&oldid=14228" എന്ന താളിൽനിന്ന് ശേഖരിച്ചത്