ഈസോപ്പ് കഥകള്‍/ആണ്‍ഡ്രോക്ലെസ്
വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
ആണ്‍ഡ്രോക്ലെസ് എന്നു പേരായ അടിമ തന്റെ യജമാനനില്‍ നിന്നു രക്ഷപ്പെട്ട് കാട്ടിലേക്കു് ഒളിച്ചോടി. അവിടെ അലഞ്ഞുനടക്കവേ അവന്‍ ഒരു സിംഹം കിടന്നു ഞരങ്ങുകയും മൂളുകയും ചെയ്യുന്നതു കണ്ടൂ.അവന്‍ ആദ്യം ഭയപ്പെട്ടോടിയെങ്കിലും സിംഹം തന്നെ പിന്തുടരുന്നില്ല എന്നുകണ്ട് തിരികെ അങ്ങോട്ട് ചെന്നു. അടുത്തു ചെന്നപ്പോള്‍ സിംഹത്തിന്റെ കാലില്‍ ഒരു വലിയ മുള്ളൂകൊണ്ട് ചോരയും നീരും ഒലിക്കുന്നത് അവന്‍ കണ്ടു. സിംഹത്തിന്റെ അടുത്തുചെന്നു അവന്‍ മുള്ളൂ വലിച്ചൂരി മുറിവു് വച്ചുകെട്ടി. താമസിയാതെ സിംഹത്തിനു് എഴുന്നേറ്റു് നടക്കാമെന്നായി. സിംഹം ഒരു നായെന്നപോലെ ആണ്‍ഡ്രോക്ലെസിനെ സ്നേഹിക്കുവാന്‍ തുടങ്ങി. അതു് ആണ്‍ഡ്രോക്ലെസിനെ തന്റെ ഗുഹയില്‍ കൊണ്ടുപോയി താമസിപ്പിച്ചു. അയാള്‍ക്ക് തിന്നാനുള്ള ഭക്ഷണം എന്നും അതു് വേട്ടയാടി കൊണ്ടുവന്നു കൊടുത്തുകൊണ്ടിരുന്നു.
താമസിയാതെ സിംഹവും ആണ്‍ഡ്രോക്ലെസും പിടിക്കപ്പെട്ടു. വിശന്നുവലയുന്ന സിംഹത്തിന്റെ മുന്നിലെറിയപ്പെടാന്‍ ആണ്‍ഡ്രോക്ലെസ് വിധിക്കപ്പെട്ടു. വിധി നടപ്പാക്കുന്നതു കാണാന്‍ ചക്രവര്‍ത്തി പരിവാരസമേതം എത്തിയിരുന്നു. കളത്തിന്റെ നടുക്കു നിര്‍ത്തിയ ആണ്‍ഡ്രോക്ലെസിന്റെ നേര്‍ക്കു് കൂടു തുറന്നു വിട്ട സിംഹം അലറിപ്പാഞ്ഞടുത്തു. എന്നാല്‍ ആണ്‍ഡ്രോക്ലെസിന്റെ അടുത്തെത്തിയതും ആളെ മനസ്സിലായ സിംഹം അയാളുടെ നേര്‍ക്കു് സ്നേഹചേഷ്ടകള്‍ പ്രകടിപ്പിച്ചുകൊണ്ട് നിന്നതേയുള്ളു. ആശ്ചര്യചകിതനായ ചക്രവര്‍ത്തി ആണ്‍ഡ്രോക്ലെസിനെ വിളിപ്പിച്ചു് കാര്യം തിരക്കി. ആണ്‍ഡ്രോക്ലെസ് പറഞ്ഞതുകേട്ട് സന്തുഷ്ടനായ അദ്ദേഹം അടിമയെയും സിംഹത്തെയും മോചിപ്പിച്ചു.